കൊച്ചിയിലും ഗോവ
കൊച്ചി: കളി മറന്നുപോയ ബ്ലാസ്റ്റേഴ്‌സിന് കൊച്ചിയുടെ തട്ടകത്തിലും ഗോവയെ വീഴ്ത്തി പകരം വീട്ടാനായില്ല. മനോഹരമായ കാല്‍പന്തുകളിയുടെ വിരുന്നൊരുക്കി കൊച്ചിയുടെ കളിത്തട്ടിലും എഫ്.സി ഗോവ 2-1 ന് കേരള ബ്ലാസ്റ്റേഴ്‌സിനെ അടിയറവ് പറയിച്ചു. ഏഴാം മിനുട്ടില്‍ സൂപ്പര്‍ താരം ഫെറാന്‍ കൊറോമിനസും 77ാം മിനുട്ടില്‍ ബ്രണ്ടന്‍ ഫെര്‍ണാണ്ടസുമാണ് ഗോവയ്ക്കായി ഗോള്‍ നേടിയത്. 29ാം മിനുട്ടില്‍ സി.കെ വിനീതിലൂടെയായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ ആശ്വാസ ഗോള്‍. ഗോവയില്‍ 5-2 ന്റെ തോല്‍വി വഴങ്ങിയ ബ്ലാസ്റ്റേഴ്‌സ് കൊച്ചിയില്‍ 2-1നാണ് തോല്‍വി വഴങ്ങിയത്. ബ്ലാസ്റ്റേഴ്‌സ് വീണ്ടും തോറ്റതോടെ ഒരു സ്ഥാനം പിന്നിലേക്കിറങ്ങി ഏഴിലേക്ക് വീണു. ജംഷഡ്പൂര്‍ എഫ്.സി ഡല്‍ഹിയെ തോല്‍പ്പിച്ചതോടെയാണ് ബ്ലാസ്റ്റേഴ്‌സ് ഒരു സ്ഥാനം പിന്നിലേക്ക് ഇറങ്ങിയത്. ഗോവ 10 കളികളില്‍ നിന്ന് 19 പോയിന്റ് നേടി ആദ്യ നാലില്‍ ഉറച്ചു നിന്നു.
പരുക്കേറ്റ കെസിറോണ്‍ കിസിറ്റോ, കിരണ്‍ സാഹ്നി, സാമുവല്‍ ഷദാപ് എന്നിവരെ ഒഴിവാക്കി മൂന്ന് മാറ്റങ്ങളുമായിട്ടാണ് ബ്ലാസ്റ്റേഴ്‌സിനെ ഡേവിഡ് ജെയിംസ് കളത്തിലിറക്കിയത്. പകരം സിയാം ഹംഗല്‍, ജാക്കിചന്ദ് സിങ്, റിനോ ആന്റോ എന്നിവര്‍ കളത്തിലെത്തി. 4-4-2 ശൈലി ഉപേക്ഷിച്ച ബ്ലാസ്റ്റേഴ്‌സ് ആക്രമണത്തിന് മുന്‍തൂക്കം നല്‍കി 4-2-3 -1 ശൈലിയിലേക്ക് മാറി. ഗോവ ഒരു മാറ്റവുമായാണ് ഇറങ്ങിയത്. പരുക്കേറ്റ പ്രതിരോധ താരം ബ്രൂണോ പെനീറോക്ക് പകരം സ്പാനിഷ് താരം സെര്‍ജിയോ മാരിന്‍ കളത്തിലെത്തി. കൊറോമിനസിനെ സ്‌ട്രൈക്കറാക്കി 4-4-1-1 ശൈലിയിലാണ് ഗോവ കളത്തിലെത്തിയത്.
ആദ്യ പകുതിയുടെ തുടക്കം പതിഞ്ഞ നിലയിലായിരുന്നു. പതിയെ കളിയുടെ വേഗതയേറ്റി എഫ്.സി ഗോവ ആക്രമണത്തിന് മൂര്‍ച്ച കൂട്ടി. കുറിയ പാസുകളുമായി ഗോവന്‍ നിര ബ്ലാസ്റ്റേഴ്‌സ് ഗോള്‍ മുഖത്തേക്ക് ഇരമ്പിക്കയറി. പന്തടക്കത്തിലും പാസിങ്ങിലും ഗോവന്‍നിര മുന്നിട്ടു നിന്നപ്പോള്‍ ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ക്ക് കാഴ്ചക്കാരുടെ റോളായിരുന്നു. പോരാട്ടത്തിന്റെ മൂന്നാം മിനുട്ടില്‍ സി.കെ വിനീതിനെ ബോക്‌സിന് പുറത്ത് വീഴ്ത്തിയതിന് ബ്ലാസ്റ്റേഴ്‌സിന് അനുകൂലമായ ഫ്രീ കിക്ക് ഗോവന്‍ ബോക്‌സില്‍ ഭീഷണി സൃഷ്ടിച്ച് മടങ്ങി. തൊട്ടു പിന്നാലെ ഗോവ ലീഡ് ഉയര്‍ത്തിയെന്ന് തോന്നിച്ച ലാന്‍സറോട്ടെ ബോക്‌സിന് പുറത്തുനിന്ന് പായിച്ച ബുള്ളറ്റ് ഷോട്ട് ബാറില്‍ത്തട്ടി മടങ്ങിയപ്പോള്‍ ഗാലറി ആശ്വാസം.
പത്ത് തികച്ച് കൊറോമിനസ്
ഏഴാം മിനുട്ടില്‍ അത് സംഭവിച്ചു. ഇളകി മറിയുന്ന മഞ്ഞക്കടലിരമ്പങ്ങളെ നിശബ്ദമാക്കി ഫെറാന്‍ കൊറോമിനസ് നിറയൊഴിച്ചു. ഗോള്‍ഡന്‍ ബൂട്ടിനായി കുതിക്കുന്ന ഗോവയുടെ ആക്രമണകാരിയുടെ ഐ.എസ്.എല്‍ നാലാം പതിപ്പിലെ പത്താം ഗോള്‍. ബ്ലാസ്റ്റേഴ്‌സിനെതിരേ നാലാം ഗോളും. മന്ദര്‍റാവു ദേശായിയുടെ പാസില്‍ നിന്നായിരുന്നു ഗോളിന്റെ പിറവി. മാര്‍ക്ക് ചെയ്യപ്പെടാതെ സ്വന്ത്രനായി നിന്ന കൊറോമിനസ് മികച്ചൊരു ഷോട്ടിലൂടെ പന്ത് ബ്ലാസ്റ്റേഴ്‌സ് വലയില്‍ എത്തിച്ചു. ഇംഗ്ലീഷ് ഗോളി പോള്‍ റെചുബ്കക്ക് കാഴ്ചക്കാരാനാകാനേ കഴിഞ്ഞുള്ളു. പിന്നാലെ ബ്ലാസ്റ്റേഴ്‌സ് തിരിച്ചടിക്കാന്‍ മുന്നേറിയെങ്കിലും വിനീത് ഓഫ്‌സൈഡ് കെണിയില്‍ വീണു. 26 ാം മിനുട്ടില്‍ ബ്ലാസ്റ്റേഴ്‌സ് സമനില പിടിച്ചെന്ന് കരുതി. എന്നാല്‍ സിയാം ഹംഗല്‍ ബോക്‌സിന് പുറത്തു നിന്ന് പായിച്ച ബുള്ളറ്റ് ഷോട്ട് ക്രോസ്ബാറില്‍ തട്ടി പുറത്തേക്ക് പറന്നു.
സമനില പിടിച്ച് വിനീത്
നിശബ്ദരായ ഗാലറിയെ ആരവങ്ങളിലേക്ക് തിരികെയെത്തിച്ച് 29ാം മിനുട്ടില്‍ ബ്ലാസ്റ്റേഴ്‌സിന്റെ സമനില ഗോള്‍ പിറന്നു. ഗോവ ഗോളി കട്ടിമണി ക്ലിയര്‍ ചെയ്ത പന്ത് സിയാം ഹംഗല്‍ ഹെഡ്ഡറിലൂടെ ഗോവ ബോക്‌സിലേക്ക് മറിച്ചു നല്‍കി. ഓടിയെത്തിയ വിനീത് രണ്ട് പ്രതിരോധ താരങ്ങള്‍ക്കിടയിലൂടെ തൊടുത്ത വലംകാലന്‍ ഷോട്ട് ഗോവന്‍ വലയില്‍ പതിഞ്ഞിറങ്ങി. 36ാം മിനുട്ടില്‍ റിനോ ആന്റോ പരുക്കേറ്റ് പുറത്തേക്ക്. പകരം നെമഞ്ജ പെസിച്ച് പ്രതിരോധത്തിലെത്തി. ആദ്യ പകുതി സമനിലയില്‍ പിരിഞ്ഞു. ആദ്യ പുകിയില്‍ പലപ്പോഴും കളി പരുക്കനായി.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ ഉണര്‍ന്ന് കളിച്ച ബ്ലാസ്റ്റേഴ്‌സിനെയാണ് മൈതാനത്ത് കണ്ടത്. ഇരമ്പിക്കയറിയ ഗോവന്‍ മുന്നേറ്റങ്ങള്‍ക്ക് പ്രത്യാക്രമണത്തിലൂടെ തന്നെ ബ്ലാസ്റ്റേഴ്‌സ് മറുപടി നല്‍കി. പോരാട്ടം ആവേശത്തിലായി. ലാന്‍സറോട്ടയും കൊറാമിനസും ഫെര്‍ണാണ്ടസും പന്ത് കൊടുത്തും വാങ്ങിയും മുന്നേറിയതോടെ ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തിന് പരീക്ഷണത്തിന്റെ നിമിഷങ്ങളായിരുന്നു. മറുഭാഗത്ത് ഹ്യൂമും വിനീതും പെക്കുസണും ചേര്‍ന്ന് ഗോവന്‍ പ്രതിരോധത്തെയും വലച്ചു. ഇതിനിടെ ജിങ്കന്‍ തലകൊണ്ട് ചെത്തിയിട്ട പന്ത് വിനീതിലേക്ക്. വിനീതിന്റെ ദുര്‍ബലമായ ഷോട്ട് കട്ടിമണി അനായാസം രക്ഷപ്പെടുത്തി. 64 ാം മിനുട്ടില്‍ ജാക്കിചന്ദ് നല്‍കിയ ക്രോസ് സിസര്‍ കട്ടിലൂടെ വലയിലാക്കാനുള്ള വിനീതിന്റെ ശ്രമം പാഴായി. ബ്ലാസ്റ്റേഴ്‌സ് ആക്രമണത്തിന് ശക്തി കൂട്ടിയതോടെ ഗോവ ഇടയ്ക്കിടെ പ്രതിരോധത്തിലേക്ക് ഉള്‍വലിഞ്ഞു. 66ാം മിനുട്ടില്‍ ലഭിച്ച അവസരവും ബ്ലാസ്‌റ്റേഴ്‌സിന് മുതലാക്കാനായില്ല. ഇതിനിടെ മിലന്‍ സിങിനെ തിരിച്ചുവിളിച്ച് മലയാളി താരം പ്രശാന്തിനെ ഡേവിഡ് ജെയിംസ് കളത്തിലിറക്കി.
ഗോവന്‍ വിജയം ഉറപ്പിച്ച് ബ്രണ്ടന്‍
77 ാം മിനുട്ടില്‍ മഞ്ഞപ്പടയെ തലയ്ക്കടിച്ചു വീഴ്ത്തി ഗോവയുടെ വിജയ ഗോള്‍. ഗാലറിക്കും ബ്ലാസ്റ്റേഴ്‌സിനും തോല്‍വി കുറിച്ച ഗോള്‍. ബ്രണ്ടന്‍ ഫെര്‍ണാണ്ടസ് എടുത്ത കോര്‍ണര്‍ കിക്ക് ഉജ്ജ്വലമായ ഹെഡ്ഡറിലൂടെ എഡു ബെഡിയ ബ്ലാസ്റ്റേഴ്‌സ് വലയിലേക്ക് കൃത്യമായി വീഴ്ത്തി. വീണ്ടും പിന്നിലായതോടെ ബ്ലാസ്റ്റേഴ്‌സിന്റെ താളം നിലച്ചു. ഗോവ തുടരെ തുടരെ ഗോള്‍ മുഖത്ത് പരീക്ഷണം നടത്തി. ഇതിനിടെ ഹ്യൂമിനെ പിന്‍വലിച്ച് മാര്‍ക് സിഫ്‌നിയോസിനെ കളത്തിലിറക്കി. കളി ആറ് മിനുട്ട് ഇഞ്ച്വറി സമയത്തേക്ക് കടന്നെങ്കിലും സമനില പിടിയ്ക്കാന്‍ ബ്ലാസ്റ്റേഴ്‌സിനായില്ല. റഫറി ഫൈനല്‍ വിസില്‍ മുഴക്കും മുന്‍പേ ഗാലറി തോല്‍വി സമ്മതിച്ച് ഒഴിഞ്ഞു തുടങ്ങിയിരുന്നു. ഗോവ 2-1 ന് കൊച്ചിയുടെ കളിത്തട്ടിലും ബ്ലാസ്‌റ്റേഴ്‌സിനെ കീഴടക്കി. ഇനി 27ന് കൊച്ചിയില്‍ ഡല്‍ഹി ഡൈനാമോസിനെ നേരിടും ബ്ലാസ്റ്റേഴ്‌സ്. ഈ സീസണിലെ ഏറ്റവും കുറഞ്ഞ കാണികളാണ് കൊച്ചിയില്‍ കളി കാണാന്‍ എത്തിയത്. 29769 പേര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."