ലോയ കേസ്: കോടതിയില്‍ അഭിഭാഷകര്‍ തമ്മില്‍ ചൂടേറിയ വാഗ്വാദം
ന്യൂഡല്‍ഹി: ജസ്റ്റിസ് ലോയയുടെ ദുരൂഹമരണം സംബന്ധിച്ച കേസ് പരിഗണിക്കുന്നതിനിടെ ഇരുഭാഗത്തും ഹാജരായ മുതിര്‍ന്ന അഭിഭാഷകര്‍ തമ്മില്‍ ചൂടേറിയ വാഗ്വാദം. ഇതില്‍ പ്രകോപിതനായി ചീഫ്ജസ്റ്റിസ് ദീപക് മിശ്രയും. വാദത്തിന്റെ തുടക്കത്തില്‍ കോടതി മാധ്യമങ്ങളെ നിയന്ത്രിക്കുകയാണെന്ന മുതിര്‍ന്ന അഭിഭാഷക ഇന്ദിരാ ജയ്്സിങ്ങിന്റെ പരാമര്‍ശമാണ് ദീപക് മിശ്രയെ പ്രകോപിപ്പിച്ചത്. പദ്മാവത് സിനിമയുടെ പേരില്‍ അഭിപ്രായ സ്വാതന്ത്ര്യം ഉയര്‍ത്തിപ്പിടിച്ച കോടതി, ലോയ കേസില്‍ മാധ്യമങ്ങളുടെ വായ മൂടിക്കെട്ടുകയാണോ എന്ന് ഇന്ദിരാ ജയ്സിങ് ചോദിച്ചു.
കോടതി അങ്ങനെ വായ മൂടിക്കെട്ടിയോ എന്ന് ഇതിന് ദീപക് മിശ്ര തിരിച്ചുചോദിച്ചു. വാദത്തിനിടെ ശബ്ദം ഉയര്‍ത്തിയ അഭിഭാഷകന് ദുഷ്യന്ത് ദവെയോടെ് എന്തിനാണ് ദേഷ്യപ്പെടുന്നതെന്ന് ജസ്റ്റിസ് ഖാന്‍വില്‍ക്കര്‍ ചോദിച്ചു. ഇതെല്ലാം അമിത് ഷാ എന്ന വ്യക്തിയെ രക്ഷിക്കാന്‍ മാത്രമാണെന്ന് ദവെ അതേശബ്ദത്തില്‍ പ്രതികരിച്ചു.
കേസില്‍ പരാതിക്കാരില്ലെന്നും ലോയയുടെ മകന് ഇപ്പോള്‍ പരാതിയില്ലെന്നും മഹാരാഷ്ട്ര സര്‍ക്കാരിന്റെ അഭിഭാഷകന് ഹരീഷ് സാല്‍വേയും മുകുള്‍ രോഹ്തഗിയും വാദിച്ചു. എന്നാല്‍ ലോയയുടെ പിതാവും സഹോദരിയും ഇപ്പോഴും പരാതിക്കാരാണെന്ന് ദവെ ചൂണ്ടിക്കാട്ടി.
ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിരമിക്കുന്നതിന് നാലുദിവസം മുന്‍പ് ലോയയുടെ മകനെ ചേംബറില്‍ വിളിച്ചുവരുത്തി പരാതിയില്ലെന്ന് പറയാന്‍ അഭ്യര്‍ഥിച്ചെന്നും ഇതിനു ശേഷമാണ് മകന് അനുജ് ലോയ പരാതിയില്ലെന്നു വാര്‍ത്താസമ്മേളനം നടത്തിയതെന്നുമുള്ള ഗുരുതര ആരോപണങ്ങളും ദവെ ഉന്നയിച്ചു.
ഇക്കാര്യത്തില്‍ സുപ്രധാന രേഖകള്‍ സമര്‍പ്പിക്കാന്‍ തയാറാണെന്നും ദവെ പറഞ്ഞു. ഇതോടെയാണ് കേസ് അതീവഗൗരവതരമെന്ന് കോടതി അഭിപ്രായപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."