കന്നുകാലി ഗവേഷണകേന്ദ്രം ജീവനക്കാര്‍ക്ക് ബ്രൂസിലോസിസ്; ആരോഗ്യവകുപ്പ് മെഡിക്കല്‍ ക്യാംപ് നടത്തി
പാലക്കാട്: തിരുവിഴാംകുന്ന് സര്‍ക്കാര്‍ കന്നുകാലി ഗവേഷണകേന്ദ്രത്തില്‍ ബ്രൂസിലോസിസ് രോഗവാഹകരായ മൃഗങ്ങളില്‍ നിന്നും 14 ജീവനക്കാര്‍ക്ക് രോഗം പകര്‍ന്ന പശ്ചാത്തലത്തില്‍ പാലക്കാട് ജില്ലാ മെഡിക്കല്‍ ഓഫിസറുടെ നിര്‍ദേശാനുസരണം ഇന്നലെ വിദഗ്ധ സംഘം ഗവേഷണകേന്ദ്രത്തിലെത്തി ജീവനക്കാരെ പരിശോധിച്ചു.
അതേസമയം ജനറല്‍ ചെക്അപ് ആണെന്ന നിലയിലാണ് സംഘം ജീവനക്കാരെ പരിശോധിച്ചത്. ഈ പരിശോധനയിലും ബ്രൂസിലോസിസ് രോഗബാധിതരായ ജീവനക്കാര്‍ ആരെല്ലാമാണെന്ന് പരിശോധനാസംഘം രോഗികളെ അറിയിച്ചിട്ടില്ല.
പരിശോധന തീരും വരെ വിവരം പുറത്തറിയാതിരിക്കാന്‍ രഹസ്യ സ്വഭാവം സൂക്ഷിച്ചുകൊണ്ടായിരുന്നു നടപടിക്രമങ്ങള്‍. എന്നാല്‍ ജീവനക്കാരില്‍ 14 പേര്‍ക്ക് രോഗം ബാധിച്ചിട്ടുണ്ടെന്ന വിവരം പുറത്തായ സാഹചര്യത്തില്‍ ഇവരില്‍ നിന്നും പ്രതിഷേധമുയരാതിരിക്കാനും രോഗത്തെക്കുറിച്ച് ഭയാശങ്കകളുണ്ടെങ്കില്‍ അത് ലഘൂകരിക്കലുമാണ് പ്രധാനമായും വിദഗ്ധസംഘത്തിന്റെ ലക്ഷ്യമെന്നും അറിയുന്നു.
രോഗബാധയെക്കുറിച്ച വിവരം രഹസ്യമാക്കിവെക്കുന്ന ആരോഗ്യവകുപ്പിന്റെ നിലപാട് 'സുപ്രഭാതം' റിപ്പോര്‍ട്ട് ചെയ്യുകയും പാലക്കാട് ഡി.സി.സി പ്രസിഡന്റ് വിഷയത്തില്‍ ഇടപെടുകയും ചെയ്ത പശ്ചാത്തലത്തിലാണ് ആരോഗ്യവകുപ്പിന്റെ മെഡിക്കല്‍ ക്യാംപ് നടന്നത്.
ഇന്നലെ നടന്നത് ജനറല്‍ ചെക്അപ്പ് ആണെന്ന പ്രതീതി ഉണ്ടാക്കാന്‍ പരിശോധനകള്‍ക്കായി നേത്രരോഗ വിദഗ്ധനും എത്തിയിരുന്നു.
ബ്രൂസിലോസിസ് രോഗം കണ്ണുകളെ ബാധിക്കില്ലെന്നതിനാല്‍ നേത്രപരിശോധനകൂടിയാകുമ്പോള്‍ ഫാമില്‍ നടന്നത് ജനറല്‍ പരിശോധന മാത്രമാണെന്ന വികാരം ഉണ്ടാക്കുമെന്ന കണക്കുകൂട്ടലിലാണ് അധികൃതരുള്ളതെന്ന് ആരോഗ്യവകുപ്പിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ 'സുപ്രഭാത'ത്തോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."