അളവില്‍ ക്രമക്കേട്; അഞ്ച് പെട്രോള്‍ പമ്പുകള്‍ക്കെതിരേ നടപടി
കാക്കനാട്: അളവില്‍ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് അഞ്ച് പെട്രോള്‍ പമ്പുകളിലെ 10 യൂനിറ്റുകള്‍ ലീഗല്‍ മെട്രോളജി വകുപ്പ് അടച്ചുപൂട്ടിച്ചു. ലൂബ്രിക്കന്റിന് അമിതവില ഈടാക്കല്‍, വ്യാപാരം തുടങ്ങുന്നതിന് മുന്‍പ് ഇന്ധന അളവ് ഉറപ്പുവരുത്താതിരിക്കല്‍ തുടങ്ങിയ ക്രമക്കേടുകള്‍ കണ്ടെത്തിയ പെട്രോള്‍ പമ്പുകള്‍ക്കെതിരേ ഒന്‍പത് കേസുകളും എടുത്തിട്ടുണ്ട്.
അര്‍ധരാത്രിക്ക് ശേഷം പെട്രോള്‍ പമ്പുകളിലെ മീറ്ററുകളില്‍ കൃത്രിമംകാട്ടി വെട്ടിപ്പ് നടത്തുന്നതായി നിരവധി പരാതി ലഭിച്ചിരുന്നു. പെട്രോളിന്റെ വില സൂചിപ്പിക്കുന്ന മീറ്ററുകളിലും അളവിലും കൃത്രിമം നടത്തിയായിരുന്നു ഇത്. ഇതേത്തുടര്‍ന്നാണ് മധ്യമേഖലാ ഡെപ്യൂട്ടി കണ്ട്രോളര് റാം മോഹന്റെ നേതൃത്വത്തില്‍ പരിശോധന നടത്തിയത്.
മെഷിനുകളില്‍ സ്വാഭാവിക തകരാറുകളുണ്ടെങ്കില്‍ ലീഗല്‍ മെട്രോളജി വകുപ്പിനെ അറിയിച്ച് പരിഹരിക്കേണ്ടത് പമ്പുടമകളുടെ ചുമതലയാണ്. എന്നാല്‍, പത്ത് ലിറ്റര്‍ ഇന്ധനത്തില്‍ 80 മുതല്‍ 140 മില്ലീലിറ്റര്‍ വരെ വ്യത്യാസമാണ് പരിശോധനയില്‍ കണ്ടെത്തിയത്. അഞ്ച് ലിറ്ററില്‍ പരമാവധി 25 മില്ലീലിറ്റര്‍ വരെ കുറവ് അനുവദനീയമാണ്. എന്നാല്‍, ചില പമ്പുകളില്‍ 100 മില്ലീലിറ്റര്‍ വരെ കുറവ് കണ്ടെത്തി. ലൂബ്രിക്കന്റ് ഓയിലിന് അമിത വില ഈടാക്കിയ നാല് പമ്പ് ഉടമകള്‍ക്കെതിരേ കേസെടുത്തു. പരമാവധി വില 263 രൂപയുള്ള ലൂബ്രിക്കന്റിന് 290 വരെ ഇടാക്കിയതായി പരിശോധനയില്‍ കണ്ടെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."