മുഖ്യമന്ത്രിയുടെ നിലപാട് മാറ്റം നിര്‍ഭാഗ്യകരം: എന്‍.കെ പ്രേമചന്ദ്രന്‍ എം.പി
കൊല്ലം: മുല്ലപ്പെരിയാര്‍ വിഷയത്തിലുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട് മാറ്റം നിര്‍ഭാഗ്യകരമെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി. തമിഴ്‌നാടിന്റെ താല്‍പര്യ സംരക്ഷണത്തിനായി കേന്ദ്ര ജലകമ്മിഷന്‍ തയാറാക്കിയ റിപ്പോര്‍ട്ട് പ്രകാരം നിലവിലുള്ള ഡാമിന് ബലക്ഷയമില്ലായെന്ന് 2001 മുതല്‍ സുപ്രിംകോടതിയും തമിഴ്‌നാടും കേന്ദ്ര സര്‍ക്കാരും ആവര്‍ത്തിച്ചു പറയുന്നതാണ്. എന്നാല്‍ ശാസ്ത്രീയമായ പഠനമില്ലാതെ ജലകമ്മിഷന്‍ തയാറാക്കിയ റിപ്പോര്‍ട്ട് അംഗീകരിക്കാന്‍ കഴിയില്ല എന്നതാണ് കേരളം തുടര്‍ച്ചയായി സ്വീകരിച്ച നിലപാട്.
കേരളത്തിന്റെ ഈ നിലപാട് അംഗീകരിച്ച് സംസ്ഥാന നിയമസഭ ഐകകണ്‌ഠ്യേന നിരവധി പ്രമേയങ്ങള്‍ പാസ്സാക്കിയിട്ടുണ്ട്. ചര്‍ച്ചയോ കൂടിയാലോചനയോ നടത്താതെ ഐകകണ്‌ഠ്യേന നിയമസഭ പാസ്സാക്കിയ പ്രമേയത്തിന് വിരുദ്ധമായി കേരളത്തിന്റെ പൊതുവായ തീരുമാനത്തിന് എതിരായിട്ടുളള മുഖ്യ മന്ത്രിയുടെ പ്രസ്താവന ഏകപക്ഷീയമാണ്. ഗൗരവമുള്ള ഈ വിഷയത്തില്‍ കാര്യമായ ചര്‍ച്ച കൂടാതെ സംസ്ഥാന താല്‍പര്യത്തിനു വിരുദ്ധമായി മുഖ്യ മന്ത്രി നടത്തുന്ന പരാമര്‍ശങ്ങള്‍ ജനാധിപത്യ കീഴ്‌വഴക്കങ്ങളുടെ ലംഘനമാണ്. 15 വര്‍ഷമായി കേരളം നിരന്തരമായി ഉന്നയിക്കുന്നതും കഴിഞ്ഞ കാലങ്ങളിലെ മുഖ്യ മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ അംഗീകരിച്ചതുമായ വസ്തുതകള്‍ക്ക് വിരുദ്ധമായി ഡാമിന് ബലക്ഷയമില്ല എന്ന തരത്തിലുളള പ്രസ്താവന ദുരൂഹമാണ്.
എല്‍.ഡി.എഫിലെ കക്ഷികള്‍ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ മുഖ്യ മന്ത്രിയുടെ പുതിയ നിലപാടിനോട് യോജിക്കുന്നുണ്ടോ എന്ന് അറിയുവാനുളള അവകാശം കേരളത്തിലെ ജനങ്ങള്‍ക്കുണ്ടെന്നും എന്‍.കെ.പ്രേമചന്ദ്രന്‍ എം.പി. പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."