കാരശ്ശേരിയില്‍ കുടിവെള്ള ക്ഷാമം രൂക്ഷം ജലസ്രോതസുകളിലെ വെള്ളം കൃഷിക്ക് ഉപയോഗിക്കുന്നതിനെതിരേ നാട്ടുകാര്‍
മുക്കം: കാരശ്ശേരി പഞ്ചായത്തിലെ മലാംകുന്ന്, എടലംപാട്ട്, മുണ്ടയില്‍, പട്ടര്‍ചോല, പള്ളിക്കുന്ന് ഭാഗങ്ങളില്‍ കുടിവെള്ള ക്ഷാമം രൂക്ഷമായി. വേനല്‍മഴ ഒട്ടും ലഭിക്കാതെ വന്നതോടെ പ്രദേശത്തെ പ്രധാന ജലസ്രോതസുകളും വറ്റിവരളാന്‍ തുടങ്ങി.
പ്രദേശവാസികള്‍ സ്ഥിരമായി ആശ്രയിച്ചിരുന്ന മുണ്ടയില്‍ തണ്ണീര്‍പൊയില്‍ തോട്ടിലും ജലവിതാനം ക്രമാതീതമായി കുറഞ്ഞിട്ടുണ്ട്. ഇതോടെ താഴ്ഭാഗത്തുള്ളവര്‍ക്ക് വെള്ളം ലഭിക്കാത്ത അവസ്ഥയാണ്.
അതിനിടെ തോടിലൂടെ ഒഴുകി വരുന്ന വെള്ളം സമീപത്തെ പറമ്പുകളിലേക്കും വയലുകളിലേക്കും വഴിതിരിച്ചുവിടുന്നതിനെതിരേ നാട്ടുകാര്‍ രംഗത്തെത്തി. തോടിനോടു ചേര്‍ന്നുള്ള ഏക്കര്‍കണക്കിനു വാഴ, കവുങ്ങ് കൃഷിയിടങ്ങളിലേക്കാണ് വെള്ളം തിരിച്ചുവിടുന്നത്. കൃഷിക്ക് എതിരല്ലെന്നും എന്നാല്‍ ആവശ്യം കഴിഞ്ഞാല്‍ തോട് പൂര്‍വസ്ഥിതിയിലാക്കാന്‍ കര്‍ഷകര്‍ തയാറാകണമെന്നും നാട്ടുകാര്‍ പറയുന്നു.
തോട്ടിലെ വെള്ളം താഴ്ഭാഗത്ത് എത്താതായതോടെ ആനയാംകുന്ന്, എടലംപാട്ട്, പള്ളിക്കുന്ന് പ്രദേശവാസികളും ദുരിതത്തിലാണ്.
വിവിധ സ്ഥലങ്ങളിലായി ആയിരത്തോളം കുടുംബങ്ങള്‍ ആശ്രയിക്കുന്ന തോട് വൃത്തിയാക്കാന്‍ അധികൃതര്‍ തയാറാവണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."