സ്‌കൂള്‍ സമയങ്ങളില്‍ അമിത വേഗതയില്‍ ടിപ്പര്‍ സര്‍വിസ് നാട്ടുകാര്‍ ലോറികള്‍ തടഞ്ഞിട്ടു
മുക്കം: അമിതവേഗതയില്‍ സ്‌കൂള്‍ സമയത്തു സര്‍വിസ് നടത്തിയ ടിപ്പര്‍ ലോറികള്‍ നാട്ടുകാരുടെ നേതൃത്വത്തില്‍ തടഞ്ഞു. കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്തിലെ പന്നിക്കോട്ടാണ് വാഹനങ്ങള്‍ തടഞ്ഞത്.
അംഗീകാരമുള്ളതും ഇല്ലാത്തതുമായ നൂറില്‍പരം ക്വാറികളും ക്രഷറുകളും എം സാന്റ് യൂനിറ്റുകളും പ്രവര്‍ത്തിക്കുന്ന മലയോര മേഖലയില്‍ 5000 ത്തോളം ടിപ്പര്‍ ലോറികളാണ് ഇവിടെ നിന്നു സാധനങ്ങള്‍ കയറ്റിപ്പോകുന്നത്. ട്രിപ്പിനനുസരിച്ച് കൂടുതല്‍ കമ്മിഷന്‍ ലഭിക്കുമെന്നതിനാല്‍ അമിത വേഗതയിലാണ് ടിപ്പര്‍ ലോറികള്‍ ചീറിപ്പായുന്നത്. ഇതുമൂലം നിരവധി അപകടങ്ങളും ഇവിടെ നടന്നിട്ടുണ്ട്. നഴ്‌സറി, എല്‍.പി സ്‌കൂള്‍, യു.പി.സ്‌കൂള്‍ എന്നിവയും മൂന്നു മദ്‌റസകളും ഇവിടെയുണ്ട്.
നേരത്തെ നിരവധി തവണ മുന്നറിയിപ്പ് നല്‍കിയിരുന്നങ്കിലും ഡ്രൈവര്‍മാര്‍ ഇത് അവഗണിക്കുകയായിരുന്നു. രാവിലെ ഒന്‍പതു മുതല്‍ 10 വരെയും വൈകിട്ട് 3.30 മുതല്‍ അഞ്ചു വരെയും ടിപ്പര്‍ലോറികള്‍ സര്‍വിസ് നടത്തരുതെന്ന് ഹൈക്കോടതി വിധിയുണ്ട്.
വിധിയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ പൊലീസിന് കര്‍ശന നിര്‍ദേശവും നല്‍കിയിട്ടുണ്ട്. എന്നാല്‍ എല്ലാ നിര്‍ദേശവും കാറ്റില്‍ പറത്തിയാണ് ടിപ്പര്‍ വാഹനങ്ങള്‍ ഓടുന്നത്.
നേരത്തെ മുക്കം, നോര്‍ത്ത് കാരശ്ശേരി, ഗോതമ്പ് റോഡ് എന്നിവിടങ്ങളില്‍ നാട്ടുകാര്‍ തടഞ്ഞതോടെ വാഹനങ്ങള്‍ സംസ്ഥാന പാതയില്‍ നിന്ന് വഴിമാറി പന്നിക്കോട് വഴി സര്‍വിസ് നടത്തുകയായിരുന്നു.
ഇന്നലെ തടഞ്ഞത് സൂചനയാണന്നും നിയമം പാലിക്കാന്‍ തയാറായില്ലങ്കില്‍ തിങ്കളാഴ്ച മുതല്‍ ശക്തമായി മുന്നോട്ടു പോകുമെന്നും നാട്ടുകാര്‍ പറഞ്ഞു. സക്കീര്‍ താന്നിക്കല്‍തൊടി, സി.പി ശംസുദ്ദീന്‍, ടി.കെ ജീജീഷ്, ലിപു കവിലട, ദില്‍ദാര്‍ തെനേങ്ങപറമ്പ്, നൗഷാദ് ഉച്ചക്കാവില്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."