ഫോണ്‍കെണി: ചാനല്‍ പ്രവര്‍ത്തക വീണ്ടും മൊഴിമാറ്റി
തിരുവനന്തപുരം: മുന്‍ മന്ത്രി എ.കെ ശശീന്ദ്രനെതിരായ ഫോണ്‍കെണി കേസില്‍ പരാതിക്കാരിയായ ചാനല്‍ പ്രവര്‍ത്തക വീണ്ടും മൊഴിമാറ്റി. ശശീന്ദ്രനെതിരേ പരാതിയില്ലെന്നും തന്നോട് അശ്ലീല സംഭാഷണം നടത്തിയത് ശശീന്ദ്രനാണോയെന്ന് ഉറപ്പില്ലെന്നും അവര്‍ തിരുവനന്തപുരം സി.ജെ.എം കോടതിയില്‍ മൊഴി നല്‍കി. മന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ ആരും തന്നോട് മോശമായി പെരുമാറിയില്ലെന്നും അവര്‍ പറഞ്ഞു. കേസ് 27ന് വീണ്ടും പരിഗണിക്കും.
നേരത്തേ ഫോണ്‍കെണി വിവാദവുമായി ബന്ധപ്പെട്ട പരാതിയിലെ തുടര്‍നടപടികള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇവര്‍ ഹൈക്കോടതിയില്‍ ഹരജി നല്‍കിയിരുന്നു. കോടതിക്കു പുറത്തുവച്ച് ഒത്തുതീര്‍പ്പായെന്നും അതിനാല്‍ കേസ് പിന്‍വലിക്കണമെന്നുമായിരുന്നു ഹരജി. എന്നാല്‍, ഹരജിയില്‍ വാദം പൂര്‍ത്തിയായി വിധി പറയാന്‍ മാറ്റുന്നതിനു തൊട്ടുമുന്‍പ് ഇവര്‍ അത് പിന്‍വലിച്ചു. ഇതോടെ മന്ത്രിസ്ഥാനത്തേക്കുള്ള ശശീന്ദ്രന്റെ മടങ്ങിവരവ് പ്രതിസന്ധിയിലായിരുന്നു. എന്നാല്‍, പരാതിക്കാരി വീണ്ടും മലക്കം മറിഞ്ഞത് ശശീന്ദ്രന് പ്രതീക്ഷയേകുന്നതാണ്.
2016 നവംബര്‍ എട്ടിനു ഒരു വാര്‍ത്തയില്‍ പ്രതികരണം തേടിയെത്തിയപ്പോള്‍ മന്ത്രിയായിരുന്ന ശശീന്ദ്രന്‍ മോശമായി പെരുമാറിയെന്നും അശ്ലീല പദപ്രയോഗം നടത്തിയെന്നുമായിരുന്നു യുവതിയുടെ പരാതി.
പിന്നീട് ഫോണ്‍ വിളിച്ചും മോശമായി സംസാരിച്ചെന്ന് ആരോപിച്ചു. തിരുവനന്തപുരം സി.ജെ.എം കോടതിയില്‍ യുവതി നല്‍കിയ പരാതിയിലായിരുന്നു ശശീന്ദ്രനെതിരേ കേസെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."