35 ലക്ഷത്തിന്റെ നിരോധിത നോട്ടുകളുമായി മൂന്നു പേര് അറസ്റ്റില്‍
ചാവക്കാട്: ഗുജറാത്തില്‍ നിന്നെത്തിച്ച 35 ലക്ഷത്തിന്റെ നിരോധിത നോട്ടുകളുമായി മൂന്നുപേര്‍ അറസ്റ്റില്‍.
ഗുജറാത്തില്‍ ഇലക്ട്രിക്കല്‍ കോണ്‍ട്രാക്ടറായി ജോലി ചെയ്യുന്ന കൊല്ലം ജില്ലയിലെ പുനലൂര്‍ മില്ലിനു സമീപം കമുകിഞ്ചേരി സജികുമാര്‍ (44), തിരുവനന്തപുരം വര്‍ക്കലയില്‍ ട്യൂട്ടോറിയല്‍ കോളജ് അധ്യാപകന് പാളയംകുന്ന് സ്വദേശി ബിനുമന്ദിരത്തില്‍ എസ്.കെ മണി (56), തൃശൂര്‍ കൊരട്ടി വാതല്ലൂര്‍ വീട്ടില്‍ അഭിലാഷ് (40) എന്നിവരെയാണ് ചാവക്കാട് പൊലിസ് അറസ്റ്റ് ചെയ്തത്. പൊലിസിനു ലഭിച്ച രഹസ്യ വിവരത്തെതുടര്‍ന്ന് ചൊവ്വാഴ്ച്ച രാത്രി 10.30 ഓടെ ചാവക്കാട് നഗരത്തിലെത്തിയപ്പോഴാണ് ഇവര്‍ പിടിയിലായത്. ആയിരത്തിന്റേയും അഞ്ഞൂറിന്റേയും നോട്ടുകളാണ് പിടിച്ചെടുത്തത്. സജികുമാര്‍ ഗുജറാത്തില്‍ നിന്നാണ് ഈ പണം നാട്ടിലെത്തിച്ചതെന്ന് പൊലിസ് പറഞ്ഞു. സജികുമാറിന് മണിയുമായും മണിക്ക് അഭിലാഷുമായുമുള്ള ബന്ധമാണ് മൂവരേയും ഒന്നിപ്പിച്ചത്. 35 ലക്ഷത്തിന്റെ നിരോധിത നോട്ട് നല്കിയാല് പകരം ഏഴര ലക്ഷം രൂപയുടെ അസല്‍ നോട്ട് നല്‍കാമെന്ന അഭിലാഷിന്റെ ഉറപ്പിലാണ് ഇവര്‍ എത്തിയത്. ഗുജറാത്തില്‍ നിന്ന് ട്രെയിന്‍ മാര്‍ഗം തൃശൂരിലെത്തിയ ശേഷം ബസിലാണ് സജികുമാര്‍ ഗുരുവായൂരിലെത്തിയത്. പിന്നീട് അഭിലാഷിനും മണിക്കുമൊപ്പം ചാവക്കാട് എത്തുകയായിരുന്നു.
പിടിയിലായവരെക്കുറിച്ച് കൂടുതല്‍ അന്വേഷിച്ചു വരികയാണ്. ചോദ്യം ചെയ്യലിനിടെ അഭിലാഷ് പൊലിസിനെ ഭീഷണിപ്പെടുത്തിയിരുന്നു. ഇയാള്‍ക്ക് പണമിടപാട് സംഘങ്ങളുമായി അടുത്ത ബന്ധമുണ്ടെന്നാണ് പൊലിസ് സംശയിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."