അന്തര്‍ സംസ്ഥാന പാതയില്‍ ടിക്കറ്റ് വര്‍ധന
കാസര്‍കോട്: ദേശീയപാതയിലെ അന്തര്‍ സംസ്ഥാന റൂട്ടായ തലപ്പാടിയില്‍ ഏര്‍പ്പെടുത്തിയ ടോള്‍ പിരിവിനെ തുടര്‍ന്ന് കെ.എസ്.ആര്.ടി.സി ബസുകളില്‍ ടിക്കറ്റ് നിരക്കു വര്‍ധിപ്പിച്ചതു കര്‍ണാടകത്തിലെയും കേരളത്തിലെയും റോഡ് ട്രാന്‍സ്പോര്‍ട്ടിങ് കോര്‍പറേഷന്റെ ധാരണ പ്രകാരമാണെന്ന് അധികൃതര്‍. കാസര്‍കോട് ഡിപ്പോയില്‍ നിന്നു ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കാനുള്ള തീരുമാനമുണ്ടായിട്ടില്ലെന്നും കാസര്‍കോട് അസിസ്റ്റന്റ് ട്രാന്‍സ്പോര്‍ട്ട് ഓഫിസര്‍ വി മനോജ് കുമാര്‍ പറഞ്ഞു.
ഒരുതവണ രണ്ടുവശങ്ങളിലേക്കുമായി കടന്നുപോകാന്‍ ബസില്‍ നിന്നു 165 രൂപയാണ് ടോള്‍ ഈടാക്കുന്നത്. നാലുതവണ അങ്ങോട്ടും ഇങ്ങോട്ടുമായി സര്‍വിസ് നടത്തുന്ന ബസുകള്‍ നല്‍കേണ്ടത് ഒരു ദിവസം 660 രൂപയാണ്. ഇങ്ങനെ സംഭവിക്കുന്ന നഷ്ടം യാത്രക്കാരില്‍ നിന്ന് അധിക ചാര്‍ജ് ഈടാക്കി നികത്താനാണ് നിരക്ക് വര്‍ധിപ്പിച്ചതെന്നും ടോള്‍ ബൂത്തു കടന്നു പോകുന്ന യാത്രക്കാരില്‍ നിന്നു മാത്രമേ അധിക ചാര്‍ജ് ഈടാക്കുന്നുള്ളൂവെന്നും അദ്ദേഹം അറിയിച്ചു.
കേരളത്തിന്റെ മുപ്പത് ബസുകളാണ് ഡിപ്പോയില്‍ നിന്നു മംഗളൂരുവിലേക്ക് സര്‍വിസ് നടത്തുന്നത്. ഈയിനത്തില്‍ കാസര്‍കോട് ഡിപ്പോയ്ക്കുണ്ടായ അധിക ബാധ്യത ഒരു മാസത്തേക്കു 6,18,500 രൂപയാണ്. കര്‍ണാടക ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്റെയും ഇത്ര തന്നെ ബസുകള്‍ കേരളത്തിലേക്കു സര്‍വിസ് നടത്തുന്നുണ്ട്. ടോള്‍പിരിവ് വന്നതോടെ ഈ ബസുകളുടെ ടിക്കറ്റ് നിരക്കുകളിലും വര്‍ധനവുണ്ടായിട്ടുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.
നിരക്ക് വര്‍ധിപ്പിച്ചതില്‍ യാത്രക്കാരുടെ ഇടയില്‍ ശക്തമായ പ്രതിഷേധമാണു നിലനില്‍ക്കുന്നത്. മൂന്നു രൂപയുടെ വര്‍ധനവാണു കഴിഞ്ഞ ദിവസം മുതല്‍ പ്രാബല്യത്തില്‍ വന്നത്. ഇതോടെ കാസര്‍കോട് നിന്നു മംഗളൂരുവിലേക്കുള്ള ടിക്കറ്റ് നിരക്ക് 50 രൂപയില്‍ നിന്ന് 53 രൂപയായി. ദേശീയപാത നാലുവരിയാക്കിയതിനെ തുടര്‍ന്ന് കേരള-കര്‍ണാടക അതിര്‍ത്തിയായ തലപ്പാടിയില്‍ കഴിഞ്ഞ എട്ടു മുതലാണു ടോള്‍ പിരിവ് ആരംഭിച്ചത്.
ദേശീയപാതയുടെ അനുബന്ധ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാവാതെ ടോള്‍ പിരിക്കുന്നത് അനുവദിക്കാനില്ലെന്നറിയിച്ച് രാഷ്ട്രീയ യുവജന സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഇതില്‍ തീരുമാനമാവും മുന്‍പാണു ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."