കാണിയൂര്‍ പാതയ്ക്ക് കര്‍ണാടകയും അനുകൂലം ബജറ്റില്‍ തുക നീക്കിവെക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ
രാജപുരം: നിര്‍ദിഷ്ട കാഞ്ഞങ്ങാട്-കാണിയൂര്‍ റെയില്‍പ്പാതയ്ക്ക് തുക വകയിരുത്തുമെന്നു കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. കേന്ദ്ര പദ്ധതി നടപ്പാക്കുന്ന സംസ്ഥാനങ്ങളില്‍ പദ്ധതിയുടെ പകുതി വിഹിതം അതാതു സംസ്ഥാന സര്‍ക്കാരുകളാണു വഹിക്കേണ്ടത്. ഇതനുസരിച്ചു കാഞ്ഞങ്ങാട്-കാണിയൂര്‍ പാത കടന്നു പോകുന്ന കര്‍ണാടക സംസ്ഥാനത്തിലുള്‍പ്പെട്ട പദ്ധതിയുടെ പകുതി വിഹിതത്തിന് അടുത്ത കര്‍ണാടക ബജറ്റില്‍ തുക വകയിരുത്തണമെന്നാവശ്യപ്പെട്ട് കാഞ്ഞങ്ങാട് കാണിയൂര്‍ പാത ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ ബംഗളൂരുവില്‍ മുഖ്യമന്ത്രി സിദ്ധരാമയ്ക്കു നിവേദനം നല്‍കി. മന്ത്രി യു.ടി ഖാദറിന്റെ നേതൃത്വത്തിലാണ് ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയെ കണ്ടത്. സംഘവുമായി വിശദമായി ചര്‍ച്ച ചെയ്ത മുഖ്യമന്ത്രി സിദ്ധരാമയ്യ അടുത്തമാസം അവതരിപ്പിക്കുന്ന സംസ്ഥാന ബജറ്റില്‍ പദ്ധതി വിഹിതത്തിനാവശ്യമായ തുക വകയിരുത്തുമെന്ന് ഉറപ്പു നല്‍കി.
വനം മന്ത്രി രാമനാഥറായ്ക്കും ഗവ.ചീഫ് വിപ്പും ദക്ഷിണ റെയില്‍വേ കണ്‍സള്‍ട്ടേറ്റീവ് കമ്മിറ്റിയംഗവുമായ ഐവന്‍ ഡിസ്യൂസ, എന്‍.എ.ഹാരിസ് എം.എല്‍.എ എന്നിവര്‍ക്കും നിവേദനം നല്‍കി.
കാണിയൂര്‍ പാതയ്ക്കുള്ള കര്‍ണാടക സംസ്ഥാന സര്‍ക്കാര്‍ വിഹിതം ബജറ്റില്‍ ഉള്‍പ്പെടുത്താന്‍ സമ്മര്‍ദ്ദം ചെലുത്തുമെന്ന് ദക്ഷിണ കര്‍ണാടക ജില്ലയുടെ ചുമതലയുള്ള മന്ത്രി രാമനാഥറായിയും ഐവന്‍ ഡിസ്യൂസയും നിവേദക സംഘത്തെ അറിയിച്ചു. കാണിയൂര്‍ പാത യാഥാര്‍ഥ്യമാക്കുന്നത് സംബന്ധിച്ചു മുഖ്യമന്ത്രിക്ക് പ്രത്യേകം നിവേദനം നല്‍കിയ എന്‍.എ ഹാരിസ് എം.എല്‍.എ അടുത്ത ബജറ്റില്‍ കാണിയൂര്‍ പാതയ്ക്കുള്ള കര്‍ണാടക വിഹിതം ഉണ്ടാകുമെന്നതില്‍ യാതൊരു തരത്തിലുള്ള ആശങ്കയും വേണ്ടെന്നും തന്റെ കഴിവുകള്‍ ഇതിനായി പൂര്‍ണമായി ഉപയോഗിക്കുമെന്നും കൂടിക്കാഴ്ചയില്‍ ഉറപ്പു നല്‍കി.
കാഞ്ഞങ്ങാട് മുതല്‍ പാണത്തൂര്‍ വരെ കേരളത്തിലൂടെ കടന്നു പോകുന്ന കാണിയൂര്‍ പാതയുടെ പകുതി വിഹിതം വഹിക്കാന്‍ കേരള സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിരുന്നു. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഇതിനായി കേരള സര്‍ക്കാര്‍ 20 കോടി രൂപ നീക്കി വച്ചിട്ടുണ്ട്. പാതയുടെ സര്‍വേ റിപ്പോര്‍ട്ട് ദക്ഷിണ റെയില്‍വേ ആസ്ഥാനത്തു നിന്നു റെയില്‍വേ ബോര്‍ഡിന്റെ പരിഗണനയ്ക്കായി വിട്ടിട്ടുണ്ട്. കേന്ദ്ര ധനകാര്യവകുപ്പിന്റെ അംഗീകാരം അടുത്തമാസം ലഭ്യമാകുമെന്ന് റെയില്‍വേ ബോര്‍ഡ് ചെയര്‍മാനുമായുള്ള ചര്‍ച്ചകള്‍ക്കു ശേഷം കഴിഞ്ഞ ദിവസം പി കരുണാകരന്‍ എം.പി വ്യക്തമാക്കിയിരുന്നു.
കേരളത്തില്‍ 45 കിലോമീറ്ററും കര്‍ണാടകയില്‍ 46 കിലോമീറ്ററും ഉള്‍പ്പെട്ട 91 കിലോമീറ്റര്‍ റെയില്‍പ്പാതയുടെ നിര്‍മാണത്തിന് 1300 കോടി രൂപയാണ് ചെലവു കണക്കാക്കിയിട്ടുള്ളത്. പദ്ധതി വിഹിതം അനുവദിക്കുന്നതില്‍ കര്‍ണാടക സര്‍ക്കാരും അനുകൂലമായ തീരുമാനമെടുത്തതോടെ അത്യുത്തര കേരളത്തിന്റെയും ദക്ഷിണ കര്‍ണാടകയുടെയും സ്വപ്ന പദ്ധതിയായ പാത യാഥാര്‍ഥ്യത്തിലേക്കു നീങ്ങുകയാണ്. ആക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ സി യൂസഫ്ഹാജി, ടി മുഹമ്മദ് അസ്‌ലം, സി.എ പീറ്റര്‍, എം.ബി.എം അഷറഫ്, സൂര്യനാരായണഭട്ട്, കര്‍ണാടക കോണ്‍ഗ്രസ് നേതാക്കളായ ടി.എം ഷാഹിദ് തെക്കില്‍, ബെറ്റ ജയറാംഭട്ട് എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് സിദ്ധരാമയ്യയെ സന്ദര്‍ശിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."