പഞ്ചാബിലെ കുപ്രസിദ്ധ കുറ്റവാളി ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു
ചണ്ഡീഗഡ്: ജയില്‍ചാടി ഒളിവില്‍ പോയ പഞ്ചാബിലെ കുപ്രസിദ്ധ കുറ്റവാളി വിക്കി ഗൗണ്ടര്‍ എന്ന ഹര്‍ജിന്ദര്‍ സിങ് ഭുക്കര്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച്ച രാജസ്ഥാനിലെ ശ്രീഗംഗാനഗറിലാണ് ഏറ്റുമുട്ടല്‍ നടന്നത്. നഭ ജയില്‍ ആക്രമിച്ച് കുറ്റവാളികളെ രക്ഷപ്പെടുത്തിയ സംഭവത്തിലെ സൂത്രധാരനും വിക്കി ഗൗണ്ടറിന്റെ സഹായിയുമായ പ്രേമ ലഹോറിയയും ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു.
ജയിലിലായിരുന്നപ്പോഴും പുറത്തെത്തിയപ്പോയും സോഷ്യല്‍ മീഡിയകളില്‍ സജീവമായിരുന്ന ഇയാള്‍ തന്റെ ഉത്തരവുപ്രകാരം നടത്തിയ കൊലപാതകങ്ങള്‍ എന്ന പേരില്‍ നിരവധി ഫോട്ടോകളും വീഡിയോകളും ഷെയര്‍ ചെയ്യുകയും പൊലിസിനെ വെല്ലുവിളിക്കുകയും ചെയ്തിരുന്നു.
നാഭാ ജയിലില്‍ നിന്ന് 2016 നവംബറിലാണ് ഹര്ജിന്ദറും മറ്റ് അഞ്ചു കുറ്റവാളികളും രക്ഷപ്പെട്ടത്. ഇതില്‍ അഞ്ചു പേരെയും പൊലിസ് പിന്നീട് പിടികൂടിയിരുന്നു. രക്ഷപ്പെട്ടവരില്‍ ഖലിസ്താനി തീവ്രവാദി ഹര്‍മീന്ദര്‍ സിങ് മിന്റുവും ഉണ്ടായിരുന്നു. ജയിലില്‍ നിന്ന് തന്നെ ജയില്‍ചാട്ട പദ്ധതിയ്ക്ക് സഹായം ലഭിച്ചതായി പിന്നീട് കണ്ടെത്തിയിരുന്നു. ഈ പദ്ധതിയുടെ പ്രധാന ആസൂത്രകനാണ് കൊല്ലപ്പെട്ട പ്രേമ ലഹോറിയ.
ഏറ്റുമുട്ടലില്‍ ഹര്ജിന്ദറിന്റെയും ലഹോറിയയുടേയും ഒപ്പമുണ്ടായിരുന്ന മറ്റൊരാള്‍ക്ക് ഗുരുതര പരുക്കേറ്റു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."