ആനുകാലികങ്ങളും സാഹിത്യാഭിരുചിയും
സാഹിത്യത്തോടുള്ള നമ്മുടെ മനോഭാവം എന്താണെന്നു സാഹിത്യോത്സവങ്ങള്‍ക്ക് തടിച്ചുകൂടുന്ന ജനം വിളിച്ചു പറയുന്നുണ്ട്. ചിലരെങ്കിലും ധരിച്ചതുപോലെ വായനയും ഇല്ലാതായിട്ടില്ല. പുതുതലമുറ തീരെ വായിക്കുന്നില്ല എന്നു പറയുന്നതും അങ്ങനെത്തന്നെ വിഴുങ്ങാന്‍ കഴിയുന്ന സത്യമല്ല.
പണ്ട് പ്രസാധകര്‍ പുസ്തകത്തിന്റെ അഞ്ഞൂറും ആയിരവും കോപ്പികള്‍ മാത്രമായിരുന്നു ആദ്യ എഡിഷനില്‍ അടിച്ചതെങ്കില്‍ ഇന്ന് ഒരു പുസ്തകത്തിന്റെ അയ്യായിരമോ പതിനായിരമോ കോപ്പികള്‍ ആദ്യപതിപ്പായി തന്നെ ഇറക്കാന്‍ പ്രസാധകര്‍ ധൈര്യം കാണിക്കുന്നുണ്ട്. പണ്ട് വലിയ എഴുത്തുകാര്‍ പോലും സ്വന്തം പുസ്തകങ്ങള്‍ സഞ്ചിയില്‍ കൊണ്ടുപോയി വിറ്റ ഒരു കാലമുണ്ടായിരുന്നു എന്നോര്‍ക്കുക.
ടെലിവിഷനും കംപ്യൂട്ടറും വായന ഇല്ലാതാക്കിയിട്ടില്ല. ടെലിവിഷന്‍ വന്നാല്‍ പത്രങ്ങള്‍ ഇല്ലാതായിപ്പോകും എന്നു കരുതുന്നതും തെറ്റാണ്. സോഷ്യല്‍ മീഡിയ വായനയെയും പുസ്തകങ്ങളെയും ഇല്ലാതാക്കും എന്നു കരുതുന്നതും തെറ്റാണ്. സോഷ്യല്‍ മീഡിയ വായനയെയും പുസ്തകങ്ങളെയും സഹായിക്കുന്നു എന്നാണ് എന്റെ പക്ഷം.
കാനഡയിലെ ഒരു ലൈബ്രറി സന്ദര്‍ശിച്ച കാര്യം പ്രശസ്ത സാഹിത്യകാരനായ സേതു എഴുതിയിട്ടുണ്ട്.
'ഞങ്ങള്‍ പോയ ദിവസം ഞായറാഴ്ച ആയതുകൊണ്ട് 12 മണിക്കേ തുറക്കുകയുള്ളൂവെങ്കിലും ഏതാണ്ട് അര മണിക്കൂര്‍ മുന്‍പുതന്നെ ലൈബ്രറിയുടെ കവാടത്തിനു മുന്നില്‍ നീണ്ട ക്യൂ രൂപം കൊണ്ടുകഴിഞ്ഞിരുന്നു. വാതില്‍ തുറന്നു കിട്ടിയതോടെ അകത്തുകയറി തങ്ങളുടെ പ്രിയപ്പെട്ട ഇടങ്ങള്‍ പിടിക്കാനുള്ള തിരക്കായി. വായനശാലയുടെ അകത്തേക്കു കയറാന്‍ ക്യൂ എന്ന മഹാവിസ്മയം ഞാന്‍ തെല്ലുനേരം നോക്കിനിന്നു. സാങ്കേതികവിദ്യയുടെ കടന്നുകയറ്റത്തോടെ പുസ്തക വായന മരിച്ചുവെന്ന് അലമുറയിടുന്നവരുടെ മുന്നില്‍, ലോകത്തെ ഏറ്റവും മികച്ച സാങ്കേതികവിദ്യകള്‍ കൈവശമുള്ള ഒരു ജനതയുടെ നിശബ്ദമായ മറുപടി പലതും ഉറക്കെ വിളിച്ചു പറയുന്നതായി തോന്നി'
(പച്ചിലകള്‍ പൂക്കം കാലം).
കേരളത്തില്‍ സാഹിത്യത്തിനു നല്ല വായനക്കാരുണ്ട്. ബഷീറും കമലാ സുരയ്യയും ഒ.വി വിജയനും മരിച്ചതിനു ശേഷവും ജീവിച്ചിരിക്കുന്ന കാലത്തുള്ളതിനേക്കാള്‍ വായനക്കാര്‍ കൂടുകയാണുണ്ടായത്. ഗൗരവമായെഴുതുന്ന ആനന്ദിന്റെ പുസ്തകങ്ങള്‍ പോലും പല പതിപ്പുകള്‍ ഇറങ്ങുന്നുണ്ട്. പുതിയ തലമുറയിലെ എഴുത്തുകാരുടെ കൃതികള്‍പോലും അത്ഭുതപ്പെടുത്തുന്ന തരത്തില്‍ വില്‍ക്കപ്പെടുന്നുണ്ട്.
ഇങ്ങനെയൊക്കെയാണെങ്കിലും നമ്മുടെ പത്രങ്ങളും വാരാന്തപതിപ്പുകളും സാഹിത്യത്തിനു തീരെ സ്ഥലം നീക്കിവയ്ക്കാറില്ല. സിനിമാ നടിയുടെ വിവാഹവും വിവാഹമോചനവും പ്രസവവും നമുക്കു വാര്‍ത്തയാണ്. ഒരു രാഷ്ട്രീയക്കാരന്റെ ഏതു വിടുവായത്തവും വാര്‍ത്തയാക്കുന്ന നമ്മള്‍ അരുന്ധതി റോയ് കേരളത്തില്‍ വന്നു സംസാരിച്ചാല്‍ അതു ലോക്കല്‍ പേജില്‍ മാത്രമേ കൊടുക്കൂ. ഒരു പത്രമെന്ന നിലയില്‍ ദ ഹിന്ദു മാത്രമേ സാഹിത്യത്തിനു പ്രാധാന്യം നല്‍കുന്നുള്ളൂ. നമ്മുടെ മലയാള ദിനപത്രങ്ങളില്‍ നിന്നും വാരാന്ത പതിപ്പുകളില്‍ നിന്നും ആള്‍ദൈവങ്ങളും നക്ഷത്രഫലങ്ങളും സാഹിത്യത്തെ കുടിയൊഴിപ്പിച്ചിരുക്കുന്നു. ആളുകള്‍ക്ക് സാഹിത്യവും കലയും വേണം. പക്ഷെ പത്രമാസികകള്‍ കൈകാര്യം ചെയ്യുന്നവര്‍ക്ക് അതുവേണ്ട എന്നതാണിന്നത്തെ അവസ്ഥ.
ടൈംസ് ലിറ്റററി സപ്ലിമെന്റ് വളരെ പ്രശസ്തമാണ്. ടി.എസ് എലിയറ്റ്, ഹെന്റി ജെയിംസ്, വെര്‍ജിനിയ വൂള്‍ഫ് ഒക്കെ എഴുതിയ ടി.എല്‍.എസ്. ഇറ്റാലോ കാല്‍വിനോ, മിലന്‍ കുന്ദേര, മരിയോ വര്‍ഗാസ് യോസ, ഒര്‍ഹാന്‍ പാമുക് തുടങ്ങിയവര്‍ ലേഖനങ്ങളെഴുതുന്ന ടൈംസ് ലിറ്റററി സപ്ലിമെന്റ്.
കഥകള്‍ ഇന്ന് ഏറ്റവും കൂടുതല്‍ ഉണ്ടാക്കുന്നത് പത്രമാധ്യമങ്ങളാണ്. അവര്‍ നിരപരാധികളെ തീവ്രവാദികളാക്കി നിറം പിടിപ്പിച്ച കഥകളെഴുതും. പട്ടാപ്പകല്‍ നടുറോഡില്‍ ആളുകളെ വെടിവച്ചു കൊന്നിട്ട് ഏറ്റുമുട്ടലിന്റെ വീരസാഹസ കഥകളെഴുതും.
എഴുത്തുകാരന്‍/കാരി നക്ഷത്രമാകണമെന്നില്ല. പക്ഷെ കൂടുതല്‍ പേര്‍ വായിക്കുകയും ചര്‍ച്ച ചെയ്യുകയും വില്‍ക്കപ്പെടുകയും ചെയ്യുന്നത് എന്തോ ഒരപരാധം പോലെ വളരെ ചുരുക്കം പേരെങ്കിലും നോക്കിക്കാണുന്നുണ്ട്. അവരെ കരുതിയിരിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."