ദേവകിയമ്മ വധം; പ്രതികളെ ഉടന്‍ അറസ്റ്റു ചെയ്യുമെന്ന് സൂചന
പെരിയാട്ടടുക്കം: കാട്ടിയടുക്കത്തെ പരേതനായ പക്കീരന്റെ ഭാര്യ ദേവകിയമ്മയെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ ഉടന്‍ അറസ്റ്റു ചെയ്യുമെന്ന് സൂചന.
ദേവകിയമ്മയെ പാവാട ഉപയോഗിച്ച് കഴുത്ത് ഞെരുക്കി കൊലപ്പെടുത്തിയ പ്രതികളെ സംബന്ധിച്ചുള്ള വിവരങ്ങള്‍ അന്വേഷണ സംഘത്തിന് കൃത്യമായും ലഭിച്ചതായി പറയുന്നു. മൃതദേഹത്തില്‍ നിന്ന് പൊലിസ് കണ്ടെടുത്ത് തിരുവനന്തപുരത്തെ ഫോറന്‍സിക് ലാബിലേക്കയച്ച മുടിയുടെ പരിശോധനാ റിപ്പോര്‍ട്ടുകള്‍ അന്വേഷണ സംഘത്തിന് ലഭിക്കുന്നതോടെ നാടിനെ നടുക്കിയ കൊലപാതകത്തിന്റെ ഘാതകരെ നിയമത്തിന്റെ മുന്നില്‍ എത്തിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ഹൊസ്ദുര്‍ഗ്ഗ് ഡി.വൈ. എസ്.പി കെ. ദാമോദരന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം.
ദേവകിയമ്മയുടെ മരണത്തിനു കാരണക്കാരനെന്നു നാട്ടുകാര്‍ സംശയിച്ച മകന്‍ ശ്രീധരനെ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി മണിക്കൂറുകളോളം ചോദ്യം ചെയ്തതോടെയാണ് കൊലയാളികളെ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചത്.
ഇയാളെ ഒട്ടനവധി തവണ ചോദ്യം ചെയ്‌തെങ്കിലും പരസ്പര വിരുദ്ധമായ മൊഴികളാണ് നല്‍കിയത്. ഇയാളുടെ ഭാര്യ നാരായണി നല്‍കിയ മൊഴികളിലും ഒട്ടേറെ വൈരുദ്ധ്യങ്ങള്‍ അന്വേഷണ സംഘം കണ്ടെത്തി. മൊഴികളിലെ വൈരുദ്ധ്യങ്ങളെ പിന്തുടര്‍ന്ന് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് കൊലയാളികളെ തിരിച്ചറിയാന്‍ അന്വേഷണ സംഘത്തിന് സഹായകരമായത്.കഴിഞ്ഞ മാസം 13ന് വൈകുന്നേരമാണ് ദേവകിയെ തനിച്ച് താമസിക്കുന്ന വീട്ടിനകത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കമിഴ്ന്ന് കിടന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം ചെയ്തപ്പോഴാണ് ശ്വാസം മുട്ടിയാണ് ദേവകിയമ്മ മരിച്ചതെന്ന് വ്യക്തമായത്. കൂടുതല്‍ അന്വേഷണത്തിനായി പോസ്റ്റുമോര്‍ട്ടം ചെയ്ത പൊലിസ് സര്‍ജന്‍ ഡോ. കെ. ഗോപാലകൃഷ്ണപ്പിള്ള ദേവകിയുടെ കാട്ടിയടുക്കത്തെ വീട്ടിലെത്തി പരിശോധന നടത്തിയിരുന്നു. ദേവകിയമ്മയുടെ മരണം കൊലപാതകമാണെന്ന് ഉറപ്പിച്ചതോടെ അന്വേഷണ സംഘം ഒട്ടനവധി ആളുകളെ ചോദ്യം ചെയ്തിരുന്നു. പ്രദേശത്ത് താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവരെ ചോദ്യം ചെയ്തിരുന്നെങ്കിലും കൊലയുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നില്ല. ഉറക്കത്തിലാണ് ദേവകി കൊല്ലപ്പെട്ടതെന്നും പുലര്‍ച്ചെ ഒന്നിനും രണ്ടിനും ഇടയിലാണ് കൊല നടന്നതെന്നും പൊലിസ് സര്‍ജന്‍ അന്വേഷണ സംഘത്തോട് വ്യക്തമാക്കിയിരുന്നു. ദേവകിയമ്മയുടെ മൃതദേഹത്തില്‍ നിന്നു അഞ്ചോളം മുടിയിഴകള്‍ അന്വേഷണ സംഘത്തിനു ലഭിച്ചിരുന്നു. ഇതില്‍ രണ്ടെണ്ണം കൊല്ലപ്പെട്ട ദേവകിയമ്മയുടേതാണ്. മറ്റു മൂന്നു മുടികളാണ് കൊലയാളികളുടേതെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. ഇവ പരിശോധനക്കയച്ചതില്‍ ദേവകിയമ്മയുടെ മകന്‍ ശ്രീധരന്റെയും സംശയത്തിന്റെ നിഴലില്‍ കഴിയുന്ന മറ്റൊരാളുടെയും മുടി പരിശോധനാ റിപ്പോര്‍ട്ടാണ് ഇനി അന്വേഷണ സംഘത്തിന് കിട്ടാനുള്ളത്. നാളെ ഇതിന്റെ റിപ്പോര്‍ട്ട് കിട്ടുന്നതോടെ കൊലയാളി അറസ്റ്റിലാകുമെന്നാണ് സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."