കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ യുവാക്കള്‍ക്ക് വഴികാട്ടികളാകണം: ജെയ്‌റാം രമേശ്
കൊല്‍ക്കത്ത: മുതിര്‍ന്ന നേതാക്കള്‍ പാര്‍ട്ടിയെ ദ്രോഹിക്കുന്നതിനു പകരം വഴികാട്ടികളായി മാറണമെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രിയുമായ ജെയ്‌റാം രമേശ്.
പാര്‍ട്ടിയുടെ മുന്നോട്ടുള്ള പോക്കിന് യുവാക്കള്‍ക്ക് അവസരം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് ഇത് യാഥാര്‍ഥ്യമാകണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കൊല്‍ക്കത്തയില്‍ നടന്ന ടാറ്റ സ്റ്റീല്‍ സാഹിത്യ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ അദ്ദേഹം മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇത്തരത്തില്‍ പ്രതികരിച്ചത്.
ഗുജറാത്ത് തെരഞ്ഞെടുപ്പ് വ്യക്തമാക്കുന്നത് കോണ്‍ഗ്രസിന്റെ തിരിച്ചുവരവുണ്ടാകുമെന്നാണ്. മുഴുവന്‍ സമയ രാഷ്ട്രീയക്കാരനായി മാറിയ രാഹുല്‍ ഗാന്ധിക്കു കീഴില്‍ കോണ്‍ഗ്രസ് രാജ്യവ്യാപകമായി ശക്തമായ മുന്നേറ്റത്തിലാണ്.
പാര്‍ട്ടിയെ നയിക്കാന്‍ യുവാക്കളാണ് അനുയോജ്യര്‍. അവര്‍ക്കുള്ള മാര്‍ഗ നിര്‍ദേശം നല്‍കാന്‍ മാത്രം മുതിര്‍ന്ന നേതാക്കള്‍ തയാറായാല്‍ മതിയെന്നും ജെയ്‌റാം രമേശ് പറഞ്ഞു.
സച്ചിന്‍ പൈലറ്റ്, ജ്യോതിരാദിത്യ സിന്ധ്യ , ഗൗരവ് ഗൊഗോയി, സുസ്മിത ദേവ് തുടങ്ങിയവര്‍ പാര്‍ട്ടിയുടെ മുന്‍നിരയിലേക്ക് എത്തേണ്ടവരാണെന്നും അദ്ദേഹം വ്യക്തമാക്കി. ഗുജറാത്തില്‍ പാര്‍ട്ടിയുടെ മെച്ചപ്പെട്ട നില തിരിച്ചുവരവിന്റെ സൂചനയാണ്.
41 ശതമാനം വോട്ടാണ് ഗുജറാത്തില്‍ കോണ്‍ഗ്രസ് നേടിയത്. ഇത് രാജ്യത്താകമാനം കോണ്‍ഗ്രസ് അനുകൂല തരംഗമുണ്ടാക്കാനാകുമെന്ന കാര്യത്തില്‍ സംശയമില്ല. നേരത്തെ നടന്ന തെരഞ്ഞെടുപ്പില്‍ ഗോവയിലും മണിപ്പൂരിലും സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയുമായിരുന്നെങ്കിലും ബി.ജെ.പിയുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ച മുന്‍കൂട്ടി കാണാന്‍ കഴിയാതെ പോയത് വലിയ വീഴ്ചയാണ്.
ഗുജറാത്ത് തെരഞ്ഞെടുപ്പിനു ശേഷം രാഹുല്‍ ഗാന്ധി മുഴുവന്‍ സമയ രാഷ്ട്രീയക്കാരനായി മാറിയിരിക്കുകയാണ്. അത് അടുത്ത തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന്റെ ഉയര്‍ച്ചക്ക് വ്യക്തമായ തെളിവാകുമെന്നും ജെയ്‌റാം രമേശ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."