വ്യാജ സര്‍ട്ടിഫിക്കറ്റ്: രണ്ടു മാസത്തിനിടെ പിടിയിലായത് മലയാളികളടക്കം അന്‍പതിലധികം വിദേശികള്‍
ജിദ്ദ: രണ്ടു മാസത്തിനിടെ സഊദിയില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ചു ജോലി നേടി പിടിയിലായതു മലയാളികളടക്കം അന്‍പതിലധികം വിദേശികള്‍. വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ചു ജോലി നേടിയ വിദേശികള്‍ക്കെതിരേ നടപടി കര്‍ശനമാക്കുന്നതിന്റെ ഭാഗമായി സഊദിയുടെ വിവിധ പ്രവിശ്യകളില്‍ കനത്ത പരിശോധനയാണു നടക്കുന്നത്. പിടിയിലായവര്‍ എല്ലാം കിഴക്കന്‍ പ്രവിശ്യയില്‍നിന്നായിരുന്നു.
സ്വദേശത്ത് പ്രവൃത്തിപരിചയം നേടിയ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടിയതാണു പലരെയും കെണിയില്‍പ്പെടുത്തിയത്. തൊഴിലില്‍ പ്രവേശിക്കുന്നതിനു സമര്‍പ്പിച്ച അപേക്ഷയോടൊപ്പമുള്ള സര്‍ട്ടിഫിക്കറ്റുകളില്‍ ആരോഗ്യമന്ത്രാലയം നടത്തിയ പരിശോധനയിലാണ് വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ കണ്ടെത്തിയത്. പിടിക്കപ്പെട്ട ഇന്ത്യക്കാരില്‍ ഭൂരിഭാഗം പേരും വിദ്യാഭ്യാസ യോഗ്യത സര്‍ഫിക്കറ്റിന്റെ ഒറിജിനല്‍ പകര്‍പ്പ് തന്നെയാണ് സമര്‍പ്പിച്ചിരുന്നത്.
എന്നാല്‍ വ്യാജ പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റിന്റെ പേരിലാണു പലര്‍ക്കും നിയമനടപടികള്‍ നേരിടേണ്ടിവന്നത്.
നഴ്‌സിങ്, എന്‍ജിനീയറിങ് മുതലായ ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുടെ സര്‍ട്ടിഫിക്കറ്റുകളുടെ പരിശോധനയിലാണ് ഇപ്പോള്‍ നടപടി ശക്തമാക്കിയിരിക്കുന്നത്. ഇത്തരത്തില്‍ പിടിക്കപ്പെടുന്നവര്‍ക്കു തടവുശിക്ഷ നല്‍കുകയും ശിക്ഷ പൂര്‍ത്തിയാകുമ്പോള്‍ നാടുകടത്തുകയുമാണു ചെയ്യുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."