ലോ അക്കാദമി സമരം വിദ്യാര്‍ഥികളുടെ വിജയം: ബിനോയ് വിശ്വം
കൊല്ലം: തിരുവനന്തപുരം ലോ അക്കാദമി ലോ കോളജ് സമരം ആത്യന്തികമായി വിദ്യാര്‍ഥികളുടെ വിജയമായിരുന്നെന്ന് സി.പി.ഐ കേന്ദ്ര എക്‌സിക്യൂട്ടീവ് അംഗം ബിനോയ് വിശ്വം. എ.കെ.എസ.്ടി.യു സംസ്ഥാന സമ്മേളനത്തോനുബന്ധിച്ചുള്ള വിദ്യാഭ്യാസ സമ്മേളനം കൊല്ലം സി. കേശവന്‍ സ്മാരക ടൗണ്‍ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്യാര്‍ഥികളുന്നയിച്ച ആവശ്യങ്ങള്‍ തികച്ചും ന്യയമാണ്. ശരിയായ നിലപാടുകളിലുറച്ച് ആ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ കഴിഞ്ഞതിന് സി.പി.ഐയെയും എ.ഐ.എസ്.എഫിനെയും പഴി പറയുന്നവരുണ്ട്. സി.പി.ഐയും, എ.ഐ.എസ്.എഫും ഈ നിലപാട് സ്വീകരിച്ചതുകൊണ്ടാണ് ബി.ജെ.പിക്ക് മുതലെടുപ്പ് നടത്താന്‍ കഴിയാതെപോയത്. പ്രശ്‌നം നേരത്തെ തീര്‍ക്കാമായിരുന്നു. പക്ഷെ അത് വഷളാക്കാന്‍ ശ്രമിച്ചവര്‍ ഫലത്തില്‍ ബി.ജെ.പിയെ സഹായിക്കുകയാണ് ചെയ്തത്. തങ്ങള്‍ക്ക് പറ്റിയ തെറ്റുകള്‍ മൂലം ഉണ്ടായ ജാള്യത മറച്ചുവയ്ക്കാനാണ് ബി.ജെ.പിയുടെ മുതലെടുപ്പ് ഭാഷ്യം രചിക്കുന്നതെന്നും ബിനോയ് വിശ്വം പറഞ്ഞു.
ബി.ജെ.പി എന്താണെന്ന് സി.പി.ഐയെ ആരും പഠിപ്പിക്കേണ്ട. ബി.ജെ.പിയെ നയിക്കുന്നത് ഫാസിസ്റ്റ് സവര്‍ണാധിപത്യത്തിന്റെ ആശയമാണ്. നിലപാടുകളിലെ ശരിയും ഉന്നയിക്കുന്ന പ്രശ്‌നങ്ങളിലെ വിശുദ്ധിയും കൊണ്ട് മാത്രമേ ഇടതുപക്ഷത്തിന് ആര്‍.എസ്.എസ്-ബി.ജെ.പി ശക്തികളോട് പോരാടാനാകൂ- അദ്ദേഹം പറഞ്ഞു. ലോ കോളജ് ഡയറക്ടര്‍ ഡോ. നാരായണന്‍നായര്‍ എല്ലാ പാര്‍ട്ടികളെയും മുതലെടുത്തു. സി.പി.ഐയെ അതിനു കിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്വാശ്രയ കോളജുകളിലെ ഇന്റേണല്‍ മാര്‍ക്കില്‍ നടക്കുന്ന ക്രമക്കേടുകളെ പറ്റി സമഗ്രമായ പരിശോധന വേണമെന്ന് തുടര്‍ന്ന് സംസാരിച്ച കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റംഗം ഡോ. ലതാദേവി പറഞ്ഞു. പല കോളജുകളിലും ഞെട്ടിക്കുന്ന അനുഭവങ്ങളാണ് ഉണ്ടാകുന്നത്.
അതുകൊണ്ട് എത്രയും വേഗം മൊണിട്ടറിങ് സംവിധാനം വേണമെന്നും അവര്‍ ആവശ്യപ്പെട്ടുവെന്നു അദ്ദേഹം പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് എന്‍ ശ്രീകുമാര്‍ അധ്യക്ഷനായി. എ.ഐ.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് വിനില്‍, ഡോ. അബ്ബാസ് അലി മാസ്റ്റര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."