യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളെ റിമാന്‍ഡ് ചെയ്തു
നെടുമ്പാശ്ശേരി: ദേശീയപാതയില്‍ കാര്‍ തടഞ്ഞ് യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളായ ഏഴ് പേരെ ആലുവ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. വൈക്കം വെച്ചൂര്‍ സ്വദേശി വികാസ്, ചേര്‍ത്തല സ്വദേശികളായ പ്രമോദ്, അഖില്‍, രാജേഷ്, നീരജ്, പ്രശാന്ത്, സുജിത്ത് എന്നിവരെയാണ് കോടതി റിമാന്‍ഡ് ചെയ്തത്. ബന്ധുവായ വനിതാ ഡോക്ടറേയും മക്കളെയും നെടുമ്പാശ്ശേരിയില്‍ ഫ്ലാറ്റില്‍ കൊണ്ടുവിടാന്‍ എത്തിയ ചേര്‍ത്തല പൂച്ചാക്കല്‍ സ്വദേശി ഷാനവാസിനെ(30)യാണ് ദേശീയ പാതയില്‍ കാര്‍ തടഞ്ഞ് ഏഴംഗ സംഘം സിനിമാ സ്റ്റൈലില്‍ തട്ടിക്കൊണ്ടു പോയത്. വെള്ളിയാഴ്ച്ച രാത്രി 8.30നായിരുന്നു സംഭവം. ഉടനെതന്നെ ഡോക്ടര്‍ നെടുമ്പാശ്ശേരി പൊലിസില്‍ വിവരമറിയിക്കുകയായിരുന്നു. ഡോക്ടര്‍ നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ അന്വേഷണമാരംഭിച്ച പൊലിസ് സംഘം രാത്രി 9.15 ഓടെ പറവൂര്‍ കവലയില്‍ വച്ച് ഷാനവാസിനെ തട്ടിക്കൊണ്ടുപോയ വാഹനം വളഞ്ഞ് പ്രതികളെ പിടികൂടുകയും ഷാനവാസിനെ മോചിപ്പിക്കുകയുമായിരുന്നു.
റെന്റ് എ കാര്‍ ബിസിനസുമായി ബന്ധപ്പെട്ട് ഷാനവാസുമായി പണമിടപാടുള്ളവരാണ് തട്ടിക്കൊണ്ടു പാകലിന്റെ പിന്നിലെന്ന് വ്യക്തമായിട്ടുണ്ട്. ഇതേകുറിച്ച് പൊലിസ് വിശദമായി അന്വേഷിച്ചു വരികയാണ്. പ്രതികളില്‍ ചിലര്‍ മറ്റ് ചില ഗുണ്ടാ കേസുകളിലും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. വധശ്രമ ഉദ്ദേശത്തോടെ തട്ടിക്കൊണ്ടു പോകലിനാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."