അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പ്: ഇന്ത്യ ഫൈനലില്‍
ക്രൈസ്റ്റ്ചര്‍ച്ച്: അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പില്‍ ചിരവൈരികളായ പാകിസ്താനെ നിലംപരിശാക്കി ഇന്ത്യന്‍ കുട്ടിപ്പട്ടാളം ഫൈനലില്‍. ന്യൂസിലന്‍ഡിലെ ക്രൈസ്റ്റ്ചര്‍ച്ചില്‍ നടന്ന സെമിപോരാട്ടത്തില്‍ പാകിസ്താനെ 203 റണ്‍സിനാണ് ഇന്ത്യ തകര്‍ത്തുവിട്ടത്. ബാറ്റിങിലും ബൗളിങിലും ഒരുപോലെ തിളങ്ങിയ ഇന്ത്യ അനായാസം വിജയം പിടിച്ചെടുക്കുകയായിരുന്നു. ഇതോടെ ഫെബ്രുവരി മൂന്നിന് നടക്കുന്ന ഫൈനലില്‍ ഇന്ത്യ ആസ്‌ത്രേലിയയെ നേരിടും.
ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യക്ക് വേണ്ടി ഒന്നാം വിക്കറ്റില്‍ ക്യാപ്റ്റന്‍ പൃഥിഷായും മന്‍ജോത് കല്‍റയും കൂടി 89 റണ്‍സ് അടിച്ചുകൂട്ടി. പക്ഷേ ഈ കൂട്ടുകെട്ട് പൊളിച്ച് മുഹമ്മദ് മൂസ പാകിസ്താന് നേരിയ പ്രതീക്ഷ നല്‍കി. പൃഥിഷായാണ് ആദ്യം മടങ്ങിയത്. 42 പന്തില്‍ മൂന്നു ബൗണ്ടറിയും ഒരു സിക്‌സുമുള്‍പ്പെടെ 41 റണ്‍സെടുത്ത പൃഥിയെ മൂസ റണ്‍ഔട്ടാക്കുകയായിരുന്നു. പിന്നാലെ തന്നെ മന്‍ജോത് കല്‍റയെ റൊഹൈല്‍ നാസറിന്റെ കൈകളിലെത്തിച്ച് മൂസ ഇന്ത്യയെ വീണ്ടും ഞെട്ടിച്ചു. 57 പന്തില്‍ 47 റണ്‍സായിരുന്നു കല്‍റയുടെ സംഭാവന.
ശേഷമെത്തിയ ശുഭ്മാന്‍ ഗില്‍ ഒരുവശത്ത് പൊരുതി നിന്നു. ഗില്‍ പുറത്താകാതെ നേടിയ സെഞ്ച്വറിയുടെ(102) ബലത്തിലാണ് ഇന്ത്യ 50 ഓവറില്‍ 272 റണ്‍സ് സ്വന്തമാക്കിയത്. 94 പന്തുകള്‍ നേരിട്ട ഗില്‍ ഏഴു ബൗണ്ടറികളുടെ ബലത്തിലാണ് 102 റണ്‍സ് സ്വന്തമാക്കിയത്. 33 റണ്‍സെടുത്ത അനുകുല്‍ റോയ് മാത്രമാണ് വാലറ്റത്ത് ഗില്ലിന് പിന്തുണ നല്‍കിയത്.
273 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ പാകിസ്താന് തുടക്കം തന്നെ പതറി. മൂന്നാം ഓവറില്‍ ഓപണര്‍ മുഹമ്മദ് സൈദിനെ ശിവം മാവിയുടെ കൈകളിലെത്തിച്ച് ഇഷാന്‍ പോറെലാണ് വിക്കറ്റ് വേട്ടക്ക് തുടക്കമിട്ടത്. തുടക്കം പാളിയ പാക്കിസ്താന്‍ പതുക്കെ താളം വീണ്ടെടുക്കാന്‍ ശ്രമിക്കുന്നതിനിടെ അഞ്ചാം ഓവറില്‍ ഇമ്രാന്‍ ഷായെ ക്യാപ്റ്റന്‍ പൃഥിഷായുടെ കൈകളിലെത്തിച്ച് ഇഷാന്‍ വീണ്ടും പാകിസ്താന് മേല്‍ അടുത്ത പ്രഹരമേല്‍പിച്ചു. തുടരെ തുടരെ വിക്കറ്റ് വീണതോടെ പാകിസ്താന്‍ ബാറ്റിങ് അവതാളത്തിലായി.
29 ഓവറില്‍ വെറും 69 റണ്‍സില്‍ എല്ലാവരേയും പവലിനിയിലേക്കയച്ച് ഇന്ത്യന്‍ ബൗളര്‍മാര്‍ കരുത്തു കാട്ടി. 18 റണ്‍സെടുത്ത റൊഹൈല്‍ നാസറും 15 റണ്‍സെടുത്ത സഅദ് ഖാനും മാത്രമാണ് പാകിസ്താന്‍ നിരയില്‍ പിടിച്ചുനിന്നത്. 14 പന്തില്‍ ഒരു സിക്‌സും ഒരു ഫോറുമടക്കം 11 റണ്‍സെടുത്ത മുഹമ്മദ് മൂസ വാലറ്റത്ത് മിന്നല്‍ ബാറ്റിങ് നടത്തിയെങ്കിലും മറുവശത്ത് പിന്തുണക്കാന്‍ ആരുമുണ്ടായിരുന്നില്ല. 17 റണ്‍സ് മാത്രം വഴങ്ങി നാലു വിക്കറ്റെടുത്ത ഇഷാന്‍ പോറെലിന്റെ ബൗളിങ്ങാണ് പാകിസ്താനെ തോല്‍വിയിലേക്ക് വലിച്ചെറിഞ്ഞത്. രണ്ടു വിക്കറ്റുകള്‍ വീഴിത്തി ശിവാസിങും റിയാന്‍ പരാഗും ഇഷാന് പൂര്‍ണ പിന്തുണ നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."