ഖാംനഇ അധികാര ദുര്‍വിനിയോഗം നടത്തുന്നതായി ആരോപണം
തെഹ്‌റാന്‍: ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇ അധികാര ദുര്‍വിനിയോഗം നടത്തുന്നുവെന്ന് ആരോപണം. ഇറാനില്‍ വീട്ടുതടങ്കലില്‍ കഴിയുന്ന പ്രതിപക്ഷ നേതാവ് മെഹ്ദി ഖൂറൂബിയാണ് ഖാംനഇക്കെതിരേ ആരോപണം ഉന്നയിച്ചത്.
ഇറാനിലെ സാമ്പത്തിക രാഷ്ട്രീയ പാകപ്പിഴവുകള്‍ക്ക് ഖാംനഇ മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നതിനു പകരം സ്വന്തമായി ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് മെഹ്ദി ഖറൂബി സഹം ന്യൂസിനു നല്‍കിയ കത്തിലൂടെ ആവശ്യപ്പെട്ടു. ഇറാനിലെ പുരോഗമന പാര്‍ട്ടിയുടെ ഔദ്യോഗിക വെബ്‌സൈറ്റാണ് സഹം ന്യൂസ്.
ഇസ്‌ലാമിക് റിപബ്ലിക്കിലേക്ക് രാജ്യത്തെ തിരിച്ചുനടത്തേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്നും മെഹ്ദി ഖറൂബി പറഞ്ഞു. 'മുപ്പത് വര്‍ഷത്തോളമായി താങ്കള്‍ ഇറാന്റെ പരമോന്നത നേതാവാണ്. എന്നാല്‍ താങ്കള്‍ ഇപ്പോഴും സംസാരിക്കുന്നത് പ്രതിപക്ഷത്തെപ്പോലെയാണ്. ഇക്കാലയളവില്‍ നിങ്ങള്‍ക്കെതിരേ ശബ്ദിച്ചവരെ ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ നടന്നിട്ടുണ്ട്. ഇപ്പോള്‍ അനുഭവിക്കുന്ന പ്രതിസന്ധികള്‍ അതിന്റെ ഫലങ്ങളാണ് '-കത്തില്‍ പറയുന്നു.
ഖറൂബിയും ഭാര്യ സഹറയും 2011 മുതല്‍ വീട്ടുതടങ്കലിലാണു കഴിയുന്നത്. ഇവരെ ഇതുവരെ വിചാരണയ്ക്കു വിധേയമാക്കിയിട്ടില്ല. ഖാംനഇയുടെ നേരിട്ടുള്ള ഉത്തരവു പ്രകാരമാണു രണ്ടു പേരെയും അറസ്റ്റ് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."