തന്നോളം പോന്നാല്‍ താനെന്നു വിളിക്കണം
പതിനാലുവര്‍ഷം കഷ്ടപ്പെട്ടു വളര്‍ത്തിയ മകനെ പതിനാലു സെക്കന്റുകൊണ്ടു കൊന്നുകളഞ്ഞ ഒരമ്മയെ കൊട്ടിയത്ത് കേരളം കണ്ടു. ആ വധത്തെക്കുറിച്ചു മാധ്യമങ്ങളില്‍നിന്നു വായിച്ചു മനസ്സിലാക്കിയ കാര്യങ്ങള്‍ ഇതൊക്കെയാണ്- വീട്ടില്‍നിന്നു കിട്ടേണ്ട ഓഹരിയെക്കുറിച്ചു പറഞ്ഞു മകനുമായി തെറ്റി. അടുക്കളയിലെ സഌബില്‍നിന്നു വലിച്ചു താഴെയിട്ടു. തലയിടിച്ചുവീണ മകന്റെ കഴുത്തില്‍ ഷാള്‍ മുറുക്കി മരിച്ചുവെന്ന് ഉറപ്പുവരുത്തി. അതും പോരാഞ്ഞ് വെട്ടുകത്തികൊണ്ടു കഴുത്തിനു വെട്ടി. മൃതദേഹം തൊട്ടപ്പുറത്തെ പറമ്പില്‍കൊണ്ടുപോയി കത്തിച്ചു.
അമ്മേ... നിങ്ങള്‍ തന്നെയാണോ ഇതു ചെയ്തത്.
കേരളം ഒന്നടങ്കം സംശയം പ്രകടിപ്പിച്ചപ്പോഴും ആ അമ്മയ്ക്ക് ഒരു കുലുക്കവുമുണ്ടായില്ല. താന്‍ ഒറ്റയ്ക്കാണു കൊല നടത്തിയതെന്ന് അവര്‍ മൂന്നുതവണ പൊലിസിനു മൊഴിനല്‍കി.
സ്വന്തംകുഞ്ഞൊന്നു വീണാല്‍ വാരിയെടുത്ത് ഉമ്മ നല്‍കി, വേദനിക്കുന്ന ഭാഗത്തു തടവി, കുഞ്ഞിന്റെ കരച്ചിലിനൊപ്പം കണ്ണീര്‍ വാര്‍ക്കുന്ന അമ്മയാണല്ലോ ഇതു ചെയ്തതെന്ന് ആരും പരിതപിച്ചുപോകും.
അതേസമയം, അത്തരമൊരു ക്രൂരത ചെയ്യാന്‍ അമ്മയെ പ്രേരിപ്പിച്ച സാഹചര്യമെന്തെന്നും ചിന്തിക്കേണ്ടതുണ്ട്. മനസ്സ് ഒരു നിമിഷം പതറിപ്പോയാല്‍ ഇല്ലാതാകുന്നത് ഒരു ജീവിതമാണ്.
ഇത് എല്ലാ മാതാപിതാക്കളും മനസ്സിലാക്കേണ്ടതുണ്ട്. അവരുടെ മനസ്സ് ഏതു പ്രതികൂലാവസ്ഥയിലും പതറാന്‍ പാടില്ല.
പരീക്ഷാക്കാലമാണ്. രക്ഷിതാക്കളും കുട്ടികളും തമ്മില്‍ 'സംഘട്ടനം' കൂടുതലാകുന്ന കാലം. ഒരു നിമിഷമെങ്കിലും അരുതാത്തതൊന്നു പറഞ്ഞുപോയാല്‍, ചെയ്തുപോയാല്‍ ഒരായുസ്സു മുഴുവന്‍ കരഞ്ഞു തീര്‍ക്കേണ്ടിവരുന്ന സാഹചര്യം ഇല്ലാതാക്കാന്‍ രക്ഷിതാക്കളാണു ശ്രദ്ധിക്കേണ്ടത്.
രക്ഷിതാവ് എന്ന തണല്‍
കുട്ടികളുമായുള്ള മാതാപിതാക്കളുടെ ബന്ധം ലോകത്തിലെ മറ്റു ബന്ധങ്ങളേക്കാളൊക്കെ പവിത്രമാണ്, ആവണം. രക്ഷിതാക്കളുടെ സ്പര്‍ശനംപോലും കുഞ്ഞിനു വിലപ്പെട്ടതാകും. കുട്ടികള്‍ മാതാപിതാക്കളുടെ ഇഷ്ടത്തിനനുസരിച്ചു ജീവിക്കണമെന്ന് ഒരിക്കലും വാശിപിടിക്കരുത്. അവര്‍ക്ക് ജീവനുണ്ട്, ജീവിതമുണ്ട്, സ്വപ്‌നങ്ങളുണ്ട്.
മാതൃത്വവും പിതൃത്വവും ബാധ്യതയാക്കാതെ കാക്കണം. അതിന്റെ അന്തഃസത്ത നഷ്ടപ്പെടാതെ കുട്ടികളെ ആദരിക്കണം, ബഹുമാനിക്കണം, അംഗീകരിക്കണം. കുട്ടികള്‍ മാതാപിതാക്കളുടെ മാത്രം സ്വത്തല്ല, സമൂഹത്തിന്റേതു കൂടിയാണ്. അതില്‍ അഭിമാനിക്കണം. കുട്ടിയുടെ പ്രകൃതം, പ്രായം, താല്‍പ്പര്യം, കാഴ്ചപ്പാട് എന്നിവയെ മാനിക്കുംവിധം പെരുമാറണം. തന്നോളം പോന്നാല്‍ താനെന്നു വിളിക്കണമെന്നാണല്ലോ ചൊല്ല്.
ചുറ്റുപാടുമായി സല്ലപിച്ചും അറിഞ്ഞും പോരാടിയും അറിവുനേടാന്‍ കഴിയുന്ന സാഹചര്യങ്ങളിലൂടെ കടന്നുപോകുന്ന തരത്തിലാണു കുട്ടികളെ വളര്‍ത്തേണ്ടത്. സ്‌നേഹം, അനുകമ്പ, സഹകരണം, സഹവര്‍ത്തിത്വം തുടങ്ങിയ മൂല്യങ്ങള്‍ വളര്‍ത്തിയെടുക്കണം.
മക്കളെ അംഗീകരിക്കാനും വിശ്വാസത്തിലെടുക്കാനും കഴിയണം. രക്ഷിതാവുമായി കുട്ടി ആത്മബന്ധം ആഗ്രഹിക്കുന്നു. അതു തിരിച്ചും സാധ്യമാക്കണം.
സെല്‍ഫി ഒരു രോഗമാണ്
ഡോ. അനീസ് അലി
(മനോരോഗവിദഗ്ധന്‍, മനഃശാന്തി ഹോസ്പിറ്റല്‍, ഐക്കരപ്പടി)
അമ്മയും കുഞ്ഞും തമ്മില്‍ ഒരു മാനസിക അടുപ്പം നിര്‍ബന്ധമായുമുണ്ടായിരിക്കണം. കുട്ടികളെ പഠന 'വസ്തു'വാക്കുന്ന രീതിയാണ് ഇന്ന് പൊതുവേ കണ്ടുവരുന്നത്. മാര്‍ക്കുല്‍പ്പാദിപ്പിക്കുന്ന യന്ത്രമായി മാത്രമാണു പലരും കുട്ടികളെ കാണുന്നത്. മാര്‍ക്കു കുറഞ്ഞാല്‍ രക്ഷിതാക്കളുടെ സ്റ്റാറ്റസ് കുറഞ്ഞു പോകുന്നു.
അതിന്റെ പേരില്‍ കുട്ടികളെ ശകാരിക്കും. കുട്ടികള്‍ക്ക് ആത്മവിശ്വാസം നഷ്ടപ്പെടുകയും രക്ഷിതാക്കളുമായുള്ള അടുപ്പം കുറഞ്ഞു വരുകയും ചെയ്യും. കര്‍ശന ചുറ്റുപാടില്‍ വളരുന്ന കുട്ടികളാണ് എളുപ്പം വഴിതെറ്റിപ്പോകുന്നത്.
രക്ഷിതാക്കളുടെ വിദ്യാഭ്യാസമില്ലായ്മയും ഒരു പരിധിവരെ കുട്ടികളുടെ സ്വഭാവവൈകല്യത്തിനു കാരണമാകുന്നു. രക്ഷിതാക്കളുടെ കര്‍ക്കശസ്വഭാവം കുട്ടികളെ ചില കാര്യങ്ങള്‍ ഒളിച്ചുവയ്ക്കാന്‍ പ്രേരിപ്പിക്കുന്നു. പിന്നീട് വലിയ മാനസിക സംഘര്‍ഷത്തിലേക്കു വഴിവയ്ക്കുന്നു. കുഞ്ഞുങ്ങളെ മനസ്സിലാക്കുക, അവരെ സ്‌നേഹിക്കുക. ഇതാണു രക്ഷിതാക്കള്‍ ചെയ്യേണ്ടത്.
വിവരസാങ്കേതികവിദ്യയുടെ അമിതമായ ഉപയോഗവും കുട്ടികളെ വഴിതെറ്റിക്കാന്‍ സാധ്യതയേറെയാണ്. ഇന്റര്‍നെറ്റിന്റെ ദുരുപയോഗം അധ്യാപകരും ശ്രദ്ധിക്കേണ്ടതാണ്. സ്‌കൂളുകളില്‍ അതിനുള്ള സംവിധാനമൊരുക്കണം.
കൂടെക്കൂടെ മൊബൈല്‍ ഫോണില്‍ സെല്‍ഫിയെടുത്തു നടക്കുന്ന സ്വഭാവം ചില കുട്ടികള്‍ക്കുണ്ട്. സെല്‍ഫി ഫോട്ടോ ഡിസോഡര്‍ എന്നത് ഒരു രോഗമാണ്. ബംഗളൂരുവിലെ ചില ആശുപത്രികളില്‍ ഇതിനായി പ്രത്യേക ഒ.പി വിഭാഗം പ്രവര്‍ത്തിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."