ഷോപ്പിയാന്‍ വെടിവയ്പ്: പരുക്കേറ്റ ഒരാള്‍കൂടി മരിച്ചു
ശ്രീനഗര്‍: ജമ്മുകശ്മിരിലെ ഷോപ്പിയാന്‍ ജില്ലയില്‍ കല്ലേറ് നടത്തിയ ജനക്കൂട്ടത്തിനുനേരെ സൈന്യം നടത്തിയ വെടിവയ്പില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. ഇതോടെ സംഭവത്തില്‍ മരിച്ചവരുടെ എണ്ണം മൂന്നായി.
വെടിവയ്പ് നടത്തിയ സൈനിക ഉദ്യോഗസ്ഥനെതിരേ പൊലിസ് ചാര്‍ജ് ചെയ്ത കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സൈന്യം ജമ്മുകശ്മിര്‍ പൊലിസില്‍ ഹരജി നല്‍കി.
സൈന്യം നടത്തിയ വെടിവയ്പില്‍ ഒന്‍പതുപേര്‍ക്കാണ് പരുക്കേറ്റിരുന്നത്. ഇവരില്‍ റഈസ് അഹമ്മദ് എന്ന യുവാവാണ് ഇന്നലെ മരിച്ചത്. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു കല്ലേറ് നടത്തിയ ജനക്കൂട്ടത്തിനുനേരെ വെടിവയ്പുണ്ടായത്.
സൈന്യത്തിന്റെ വെടിവയ്പില്‍ ജാവേദ് അഹമ്മദ്, സുഹൈല്‍ അഹമ്മദ് എന്നിവര്‍ സംഭവ സ്ഥലത്തുതന്നെ മരിച്ചിരുന്നു. സൈനിക വാഹനത്തിനുനേരെ കല്ലേറ് നടത്തിയതിനെ തുടര്‍ന്നായിരുന്നു വെടിവയ്പുണ്ടായത്.
സ്വയം പ്രതിരോധത്തിനുവേണ്ടിയാണ് വെടിവയ്പ്‌നടത്തിയതെന്നാണ് സൈന്യം പൊലിസില്‍ നല്‍കിയ ഹരജിയില്‍ അറിയിച്ചിട്ടുള്ളത്. ജനക്കൂട്ടം നടത്തിയ കല്ലേറില്‍ ഏഴ് സൈനികര്‍ക്ക് പരുക്കേറ്റതായും ഹരജിയില്‍ പറയുന്നുണ്ട്.
ജനക്കൂട്ടം കല്ലേറ് നടത്താനുണ്ടായ സാഹചര്യം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സംബന്ധിച്ച് മജിസ്‌ട്രേറ്റ് തല അന്വേഷണം തുടങ്ങിയിട്ടുണ്ട്. എന്നാല്‍ സൈന്യത്തിനെതിരേ പൊലിസ് എടുത്ത എഫ്.ഐ.ആര്‍ പിന്‍വലിക്കണമെന്ന ബി.ജെ.പിയുടെ ആവശ്യം സംസ്ഥാന ഭരണത്തിലും വലിയ പ്രതിഷേധം ഉയര്‍ത്തിയിട്ടുണ്ട്. സംസ്ഥാനത്ത് പി.ഡി.പിക്കൊപ്പം ഭരണത്തിലിരിക്കെയാണ് സര്‍ക്കാര്‍ നീക്കത്തിന് വിരുദ്ധമായ അഭിപ്രായം ബി.ജെ.പി മുന്നോട്ടുവച്ചത്.
അതിനിടയില്‍ പലകാര്യങ്ങളിലും ബി.ജെ.പിയെ പ്രതിരോധത്തിലാക്കിയ പാര്‍ട്ടിയുടെ രാജ്യസഭാ അംഗം സുബ്രഹ്മണ്യം സാമി ഇക്കാര്യത്തിലും ശക്തമായ എതിര്‍പ്പുമായി രംഗത്തെത്തിയിട്ടുണ്ട്. പ്രതിരോധ മന്ത്രി നിര്‍മല സീതാരാമനുമായി ചര്‍ച്ച ചെയ്ത ശേഷമാണ് ജമ്മു സര്‍ക്കാര്‍ സൈന്യത്തിനെതിരേ കേസെടുത്തതെന്ന മുഖ്യമന്ത്രി മെഹബൂബാ മുഫ്തിയുടെ വെളിപ്പെടുത്തലാണ് സുബ്രഹ്മണ്യം സാമിയെ പ്രകോപിപ്പിച്ചത്.
ജമ്മുകശ്മിര്‍ മുഖ്യമന്ത്രി പറഞ്ഞ കാര്യത്തില്‍ പ്രതിരോധ മന്ത്രി നിലപാട് വ്യക്തമാക്കണം. ഇല്ലെങ്കില്‍ ഇക്കാര്യം പാര്‍ലമെന്റില്‍ താന്‍ ആവശ്യപ്പെടുമെന്നും അദ്ദേഹം ഇന്നലെ ഡല്‍ഹിയില്‍ പറഞ്ഞു.
പ്രശ്‌നം വിവാദമായിട്ടും പ്രതിരോധ മന്ത്രി നിലപാട് വ്യക്തമാക്കാത്തതില്‍ അത്ഭുതം തോന്നുകയാണ്. അവരുടെ നിലപാട് ബി.ജെ.പിയുടെ നയത്തിന് വിരുദ്ധമാണ്. ഓരോ ഇന്ത്യക്കാരന്റേയും വികാരത്തിനും ദേശീയതക്കും വിരുദ്ധമാണ് നിര്‍മല സ്വീകരിച്ച നിലപാടെന്നും സുബ്രഹ്്മണ്യം സാമി ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."