സ്വകാര്യ ആശുപത്രികള്‍ക്ക് കടിഞ്ഞാണ്‍; ബില്‍ പാസാക്കി
തിരുവനന്തപുരം: സ്വകാര്യ ആശുപത്രികളുടെയും മറ്റു ചികിത്സാ സ്ഥാപനങ്ങളുടെയും മെഡിക്കല്‍ ലബോറട്ടറികളുടെയും പ്രവര്‍ത്തനം നിയന്ത്രിക്കുന്നതിനുള്ള 2017ലെ കേരള ക്ലിനിക്കല്‍ സ്ഥാപനങ്ങള്‍ (രജിസ്‌ട്രേഷനും നിയന്ത്രണവും) ബില്‍ നിയമസഭ പാസാക്കി. സബ്ജക്ട് കമ്മിറ്റി നിര്‍ദേശിച്ച ഭേദഗതികളോടെയാണ് ബില്‍ പാസായത്.
പ്രാഥമിക ചികിത്സയും രോഗനിര്‍ണയവും മാത്രം നടത്തുന്ന സ്ഥാപനങ്ങളെയും സായുധസേനകളുടെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളെയും ബില്ലിന്റെ പരിധിയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ചെറുകിട ആശുപത്രികള്‍ക്കുമേല്‍ കടുത്ത നിയന്ത്രണം കൊണ്ടുവരുന്നത് ഉചിതമായിരിക്കില്ലെന്ന നിയമസഭാ സമിതിയുടെ നിഗമനത്തെ തുടര്‍ന്നാണ് ചെറുകിട സ്ഥാപനങ്ങളെ ബില്ലില്‍ നിന്നൊഴിവാക്കിയത്.
ഇതുവരെ നിയമപരമായ നിയന്ത്രണങ്ങളില്ലാതെ പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനങ്ങള്‍ക്ക് ബില്‍ പ്രാബല്യത്തില്‍ വരുന്നതോടെ നിയമപ്രകാരം മാത്രമേ ഇനി പ്രവര്‍ത്തിക്കാനാകൂ.
ഈ ബില്ലനുസരിച്ച് രൂപംകൊള്ളുന്ന ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് സംസ്ഥാന കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്യാത്ത സ്ഥാപനങ്ങള്‍ക്ക് സംസ്ഥാനത്തു പ്രവര്‍ത്തിക്കാനാവില്ല. സ്ഥാപനങ്ങളെ അവയുടെ പശ്ചാത്തല സൗകര്യങ്ങളുടെ അടിസ്ഥാനത്തില്‍ വ്യത്യസ്ത വിഭാഗങ്ങളായി തരംതിരിക്കും. ഇങ്ങനെ തരംതിരിക്കുന്ന സ്ഥാപനങ്ങളില്‍ ഗുണമേന്മയുള്ള ചികിത്സയും പരിശോധനയും നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തും. നിശ്ചയിച്ച ചികിത്സാ നിരക്ക് ഉള്‍പ്പെടെ പൊതുജനങ്ങള്‍ ശ്രദ്ധിക്കുന്നതരത്തില്‍ ആശുപത്രിയില്‍ പ്രദര്‍ശിപ്പിക്കണം.
അലോപ്പതി, ആയുര്‍വേദം, യോഗ, പ്രകൃതി ചികിത്സ, ഹോമിയോപ്പതി, സിദ്ധ, യൂനാനി തുടങ്ങിയ എല്ലാ അംഗീകൃത ചികിത്സാ സമ്പ്രദായങ്ങളിലുമുള്ള പൊതു, സ്വകാര്യ മേഖലകളിലുള്ള എല്ലാ ക്ലിനിക്കല്‍ സ്ഥാപനങ്ങളും ഈ നിയമത്തിനു കീഴില്‍ വരും.
ചികിത്സ, രോഗനിര്‍ണയം, രോഗം, ക്ഷതങ്ങള്‍, വൈകല്യം, അസ്വാഭാവികത, ദന്തരോഗങ്ങള്‍, പ്രസവ ചികിത്സ എന്നിവയ്ക്കായി ആവശ്യമുള്ള കിടക്കകളോ സൗകര്യങ്ങളോ സേവനങ്ങളോ വാഗ്ദാനം ചെയ്യുന്ന ആശുപത്രി, മെറ്റേര്‍ണിറ്റി, നഴ്‌സിങ് ഹോം, ഡിസ്‌പെന്‍സറി, ക്ലിനിക് എന്നിവയാണ് ക്ലിനിക്കല്‍ സ്ഥാപനങ്ങളായി കണക്കാക്കുന്നത്. ലബോറട്ടറിയുടേയോ മെഡിക്കല്‍ ഉപകരണങ്ങളുടേയോ സഹായത്തോടെ പത്തോളജി, ബാക്ടീരിയ, ജനിതക, റേഡിയോളജിക്കല്‍, കെമിക്കല്‍, ബയോളജിക്കല്‍ രോഗ നിര്‍ണയവും രോഗ കാരണവും കണ്ടെത്തുന്ന സ്ഥാപനങ്ങളും ഇതിലുള്‍പ്പെടും.
ചികിത്സാ സ്ഥാപനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് ഓരോ ജില്ലയിലും ജില്ലാ രജിസ്‌ട്രേഷന്‍ അതോറിറ്റിയുടെ സ്ഥാപനങ്ങളുണ്ടാകും. താല്‍ക്കാലികവും സ്ഥിരവുമായ രണ്ടുതരം രജിസ്‌ട്രേഷനുകളാണ് അനുവദിക്കുന്നത്. ഏതെങ്കിലും അന്വേഷണമോ പരിശോധനയോ കൂടാതെ സ്വയം സമര്‍പ്പിക്കുന്ന അപേക്ഷയുടെ അടിസ്ഥാനമാക്കിയാണ് താല്‍ക്കാലിക രജിസ്‌ട്രേഷന്‍ നല്‍കുന്നത്. എന്നാല്‍, വിശദമായ പരിശോധനകളിലൂടെ മാനദണ്ഡങ്ങള്‍ അനുസരിച്ചായിരിക്കും സ്ഥിരം രജിസ്‌ട്രേഷന്‍ നല്‍കുകയെന്നും ബില്ലില്‍ വ്യവസ്ഥയുണ്ട്.
രജിസ്‌ട്രേഷന്‍ പ്രക്രിയയില്‍ സുതാര്യത ഉറപ്പുവരുത്താന്‍ പൊതു ഡൊമെയ്‌നിലായിരിക്കും ക്ലിനിക്കല്‍ സ്ഥാപനങ്ങളുടെ വിവരങ്ങള്‍ സൂക്ഷിക്കുന്നത്. രജിസ്‌ട്രേഷനു വേണ്ട വ്യവസ്ഥകള്‍ പാലിക്കുന്നില്ലെങ്കില്‍ എപ്പോള്‍ വേണമെങ്കിലും രജിസ്‌ട്രേഷന്‍ റദ്ദാക്കപ്പെടും.
ആരോഗ്യ കുടുംബക്ഷേമ വകുപ്പ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഉന്നതതല അംഗങ്ങള്‍ ചേര്‍ന്നതായിരിക്കും ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റിന്റെ സംസ്ഥാന കൗണ്‍സില്‍. ആരോഗ്യ കുടുംബക്ഷേമ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ റാങ്കിനു താഴെയല്ലാത്ത ഓഫിസര്‍ കൗണ്‍സില്‍ സെക്രട്ടറി ആയിരിക്കും. ആധുനിക വൈദ്യശാസ്ത്രം, നഴ്‌സിങ്, ഇന്ത്യന്‍ പാരമ്പര്യ വൈദ്യം (ആയുര്‍വേദം, സിദ്ധ, യൂനാനി), ഹോമിയോപ്പതി, രോഗി ക്ഷേമ സംഘടന എന്നിവയുടെ പ്രതിനിധികളും സംസ്ഥാന കൗണ്‍സിലിലുണ്ടാകും.
ജില്ലാതല രജിസ്‌ട്രേഷന്‍ അതോറിറ്റിയില്‍ ജില്ലാ കലക്ടര്‍ എക്‌സ് ഒഫിഷ്യോ ചെയര്‍പേഴ്‌സണും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ എക്‌സ് ഒഫിഷ്യോ വൈസ് ചെയര്‍പേഴ്‌സണുമായിരിക്കും. സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്ത ജില്ലാ മെഡിക്കല്‍ ഓഫിസിന്റെ ഒരു മെഡിക്കല്‍ ഓഫിസര്‍, ഇന്ത്യന്‍ പരമ്പരാഗത വൈദ്യത്തിന്റെ മെഡിക്കല്‍ ഓഫിസര്‍, ഹോമിയോപ്പതി വൈദ്യശാസ്ത്ര മരുന്നുകളുടെ മെഡിക്കല്‍ ഓഫിസര്‍, ജില്ലാ കലക്ടര്‍ നാമനിര്‍ദേശംചെയ്യുന്ന ആരോഗ്യ മേഖലയിലെ അംഗീകൃത സംഘടനയില്‍ നിന്നുള്ള ഒരംഗം എന്നിവര്‍ അംഗങ്ങളായിരിക്കും.
ജൂണ്‍ മാസത്തില്‍ പ്രാബല്യത്തില്‍വരുന്ന തരത്തില്‍ നിയമത്തിനു ചട്ടങ്ങള്‍ ഉണ്ടാക്കുമെന്ന് ബില്ലിന്‍മേല്‍ നടന്ന ചര്‍ച്ചയ്ക്കു മറുപടി നല്‍കിയ ആരോഗ്യ മന്ത്രി കെ.കെ ശൈലജ വ്യക്തമാക്കി. സ്വകാര്യ ആശുപത്രികളിലും സര്‍ക്കാര്‍ ആശുപത്രികളിലും ഗുണമേന്മയുള്ള ചികിത്സ ഉറപ്പാക്കുക വഴി സമഗ്ര ആരോഗ്യ പരിരക്ഷ ഉറപ്പാക്കാനുള്ള നിര്‍ണായക ചുവടുവയ്പാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."