ചെല്‍സിക്ക് അട്ടിമറിത്തോല്‍വി
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റി മുന്നേറ്റം തുടര്‍ന്നപ്പോള്‍ നിലവിലെ ചാംപ്യന്‍മാരായ ചെല്‍സിയെ അവരുടെ തട്ടകത്തില്‍ കയറി ബേണ്‍മൗത്ത് അട്ടിമറിച്ചു. മറ്റൊരു പോരാട്ടത്തില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ സ്വന്തം തട്ടകത്തില്‍ ടോട്ടനം വീഴ്ത്തി. ആഴ്‌സണലില്‍ നിന്നെത്തിയ തിയോ വാല്‍ക്കോട്ട് ഇരട്ട ഗോളുകളുമായി മിന്നിത്തിളങ്ങിയ പോരാട്ടത്തില്‍ എവര്‍ട്ടന്‍ സ്വന്തം തട്ടകത്തില്‍ ലെയ്സ്റ്റര്‍ സിറ്റിയെ പരാജയപ്പെടുത്തി.
എത്തിഹാദ് സ്റ്റേഡിയത്തില്‍ അരങ്ങേറിയ പോരാട്ടത്തില്‍ വെസ്റ്റ് ബ്രോംവിച് ആല്‍ബിയോണിനെ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് വീഴ്ത്തിയാണ് മാഞ്ചസ്റ്റര്‍ സിറ്റി മുന്നേറിയത്. ആദ്യ പകുതിയില്‍ ഒരു ഗോള്‍ നേടിയ സിറ്റി ശേഷിച്ച രണ്ട് ഗോളുകള്‍ രണ്ടാം പകുതിയിലാണ് വലയിലാക്കിയത്. കളിയുടെ 19ാം മിനുട്ടില്‍ ഫെര്‍ണാണ്ടീഞ്ഞോയിലൂടെയാണ് സിറ്റി ലീഡെടുത്തത്. പിന്നീട് 68ാം മിനുട്ടില്‍ ഡിബ്രുയ്‌നും 89ാം മിനുട്ടില്‍ സെര്‍ജിയോ അഗ്യെറോയും സിറ്റിക്കായി പട്ടിക തികച്ചു. ജയത്തോടെ 25 മത്സരങ്ങളില്‍ നിന്ന് 68 പോയിന്റുമായി സിറ്റി കിരീടക്കുതിപ്പ് തുടരുന്നു.
സ്വന്തം തട്ടകത്തില്‍ ചെല്‍സിക്ക് അപ്രതീക്ഷിത ഞെട്ടലാണ് സംഭവിച്ചത്. മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് അവര്‍ ബേണ്‍മൗത്തിനോട് തോല്‍വി വഴങ്ങുകയായിരുന്നു. ആദ്യ പകുതി ഗോള്‍ രഹിതമായപ്പോള്‍ രണ്ടാം പകുതിയിലാണ് ബേണ്‍മൗത്ത് ആതിഥേയരെ ഞെട്ടിച്ച് മൂന്ന് ഗോളുകളും വലയിലാക്കിയത്. 51ാം മിനുട്ടില്‍ കല്ലും വില്‍സന്‍, 64ാം മിനുട്ടില്‍ സ്റ്റാനിസ്ലാസ്, 67ാം മിനുട്ടില്‍ നതാന്‍ അകെ എന്നിവരാണ് ബേണ്‍മൗത്തിനായി വല ചലിപ്പിച്ചത്. ജയത്തോടെ ബേണ്‍മൗത്ത് വെസ്റ്റ് ഹാമിനെ 12ാം സ്ഥാനത്തേക്ക് പിന്തള്ളി പത്താം സ്ഥാനത്തേക്ക് കയറി. പരാജയപ്പെട്ടതോടെ ചെല്‍സി നാലാം സ്ഥാനത്തേക്കിറങ്ങി. ഗോള്‍ശരാശരിയില്‍ ലിവര്‍പൂള്‍ മൂന്നാം സ്ഥാനത്തേക്ക് കയറി. ചെല്‍സിക്കും ലിവര്‍പൂളിനും 25 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 50 പോയിന്റാണുള്ളത്.
അലക്‌സിസ് സാഞ്ചസ്, പോള്‍ പോഗ്ബ, ലുകാകു തുടങ്ങിയ സൂപ്പര്‍ താരങ്ങള്‍ മുഴുവന്‍ ആദ്യ ഇലവനിലെത്തിയിട്ടും മാഞ്ചസ്റ്റര്‍ യുനൈറ്റഡ് 2-0ത്തിന് ടോട്ടനം ഹോട്‌സ്പറിനോട് അവരുടെ തട്ടകമായ വെംബ്ലി സ്റ്റേഡിയത്തില്‍ തോല്‍വി വഴങ്ങി. കളി തുടങ്ങി 11 സെക്കന്‍ഡിനുള്ളില്‍ വല ചലിപ്പിച്ച് സ്വന്തം തട്ടകത്തില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ ഞെട്ടിച്ചാണ് ടോട്ടനം തുടങ്ങിയത്. ക്രിസ്റ്റ്യന്‍ എറിക്‌സനാണ് കിക്കോഫിന് പിന്നാലെ വല ചലിപ്പിച്ച് സന്ദര്‍ശകരെ ഞെട്ടിച്ചത്. പ്രീമിയര്‍ ലീഗ് ചരിത്രത്തിലെ ഏറ്റവും വേഗതയാര്‍ന്ന മൂന്നാമത്തെ ഗോളായും ഇത് മാറി. തുടക്കത്തില്‍ തന്നെ ഏറ്റ അടിയില്‍ നിന്ന് പിന്നീടൊരിക്കലും മാഞ്ചസ്റ്ററിന് തിരിച്ചുവരാന്‍ സാധിച്ചില്ല. മാഞ്ചസ്റ്റര്‍ താരം ഫില്‍ ജോണ്‍സ് 28ാം മിനുട്ടില്‍ സെല്‍ഫ് ഗോളിലൂടെ ടോട്ടനത്തിന് രണ്ടാം ഗോള്‍ സമ്മാനിച്ചതോടെ അവരുടെ തകര്‍ച്ച പൂര്‍ണമായി. തോറ്റതോടെ രണ്ടാമതുള്ള മാഞ്ചസ്റ്റര്‍ യുനൈറ്റഡും മൂന്നും നാലും സ്ഥാനത്തുള്ള ലിവര്‍പൂള്‍, ചെല്‍സി ടീമുകള്‍ തമ്മിലുള്ള പോയിന്റ് വ്യത്യാസം മൂന്നായി കുറഞ്ഞു. 25 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ മാഞ്ചസ്റ്ററിന് 53 പോയിന്റുകള്‍.
ആഴ്‌സണലില്‍ നിന്ന് ദിവസങ്ങള്‍ക്ക് മുന്‍പ് ചേക്കേറിയ തിയോ വാല്‍ക്കോട്ട് എവര്‍ട്ടന് വേണ്ടി ആദ്യമായി വല ചലിപ്പിച്ച പോരാട്ടം അവര്‍ സ്വന്തം തട്ടകത്തില്‍ വിജയത്തോടെ ആഘോഷിച്ചു. ഇരട്ട ഗോളുകള്‍ നേടി താരം മത്സരം അവിസ്മരണീയമാക്കുകയും ചെയ്തതോടെ അവരുടെ വിജയം ആധികാരികമായി മാറി. മുന്‍ ചാംപ്യന്‍മാരായ ലെയ്സ്റ്റര്‍ സിറ്റിയെ വാല്‍ക്കോട്ട് 25, 39 മിനുട്ടുകളില്‍ നേടിയ ഗോളില്‍ എവര്‍ട്ടന്‍ 2-1നാണ് വീഴ്ത്തിയത്. സന്ദര്‍ശകരുടെ ആശ്വാസ ഗോള്‍ 71ാം മിനുട്ടില്‍ ലഭിച്ച പെനാല്‍റ്റി വലയിലാക്കി ജാമി വാര്‍ഡി നേടി.
മറ്റ് മത്സരങ്ങളില്‍ ന്യൂകാസില്‍ യുനൈറ്റഡ്- ബേണ്‍ലി, സതാംപ്ടന്‍- ബ്രൈറ്റന്‍ പോരാട്ടങ്ങള്‍ 1-1ന് സമനില. സ്റ്റോക് സിറ്റി- വാട്‌ഫോര്‍ഡ് പോരാട്ടം ഗോള്‍രഹിതമായും തുല്ല്യതയില്‍ പിരിഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."