ഭാവനയില്‍ അടവച്ചു വിരിയിച്ച ഒരു പൊള്ളയായ വ്യായാമം ആണ് ഈ ബജറ്റ്: ചെന്നിത്തല
തിരുവനന്തപുരം: ഭാവനയില്‍ അടവച്ചു വിരിയിച്ച ഒരു പൊള്ളയായ വ്യായാമം ആണ് ഈ ബജറ്റെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ച 2017-18 ലെ ബജറ്റ് ഒരു സാഹിത്യ സൃഷ്ടി പോലെയാണ്. കാരണം ഭാവനയില്‍ കെട്ടിയുയര്‍ത്തിയ ഒരു കടലാസ് സൗധമാണ് അതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
Also Read: കേരള ബജറ്റ് ഒറ്റനോട്ടത്തില്‍
ജിഎസ്ടി നിലവില്‍ വന്നതോടെ നികുതികള്‍ക്ക് മേലുള്ള സര്‍ക്കാരിന്റെ അധികാരം നഷ്ടപ്പെട്ടു. തോമസ് ഐസക്ക് ആവട്ടെ 950 കോടി രൂപയുടെ നികുതി ബാധ്യതകള്‍ തന്ത്രപരമായും നിര്‍ദാക്ഷിണ്യമായും ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കുകയാണ്.സാധാരണക്കാരും പാവപ്പെട്ടവരുമായ ബഹുഭൂരിപക്ഷം ജനങ്ങളെ ദോഷകരമായി ബാധിക്കുന്ന നികുതി ബാധ്യതകളാണിത്.
ക്ഷേമപെന്‍ഷനുകളില്‍ നിന്നും ആളുകളെ ഒഴിവാക്കാനായി വളഞ്ഞവഴിയിലൂടെ പുതിയ നിബന്ധനകള്‍ കൊണ്ട് വരുന്നു. ഓരോ വര്‍ഷവും പെന്‍ഷനില്‍ 100 രൂപ വര്‍ധിപ്പിക്കുമെന്ന വാഗ്ദാനം നടപ്പാക്കിയില്ല.
വിലക്കയറ്റം രൂക്ഷമായ സാഹചര്യത്തില്‍ പെട്രോള്‍ ഡീസല്‍ വില്‍പ്പന നികുതി കുറച്ചു ജനങ്ങള്‍ക്ക് ആശ്വാസം നല്കാന് നടപടിയുണ്ടായില്ല.
സംസ്ഥാനത്തെ സഹകരണ ബാങ്കുകളുടെ തലയില്‍ കെട്ടിവച്ചു കെഎസ് ആര് ടി സി പെന്ഷന് ബാധ്യതയില്‍ നിന്നും രക്ഷപ്പെടാനാണ് സര്‍ക്കാര്‍ ശ്രമം.
കിഫ്ബി വലിയൊരു തട്ടിപ്പാണെന്ന് ഊന്നിപ്പറയുകയാണ് ഈ ബജറ്റ്. കഴിഞ്ഞ തവണ കിഫ്ബി വഴി നടപ്പാക്കും എന്ന് ഉറപ്പ് നല്കിയ അതേ പദ്ധതികള്‍ തന്നെയാണ് ഈ വര്‍ഷവും ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.
വിലത്തകര്‍ച്ചയില്‍ വലയുന്ന റബര്‍ കര്‍ഷകര്‍ക്കും മറ്റു കാര്‍ഷിക മേഖലകള്‍ക്കും പേരിനെങ്കിലും ആശ്വാസം നല്കാന് ബജറ്റിനായില്ലെന്നും ചെന്നിത്തല പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."