ഇരട്ട രജിസ്‌ട്രേഷന്‍: സമസ്തയുടെ ഹരജിയില്‍ വിശദമായി വാദംകേള്‍ക്കാന്‍ തീരുമാനം
ന്യൂഡല്‍ഹി: കേരളത്തിലെ ശിശുസംരക്ഷണ സ്ഥാപനങ്ങളുടെ രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട് ഇതുവരെ പൂര്‍ത്തിയാക്കിയ നടപടിക്രമങ്ങളെ കുറിച്ചു വിശദ സത്യവാങ്മൂലം നല്‍കണമെന്ന് സുപ്രിംകോടതി സംസ്ഥാന സര്‍ക്കാരിനു നിര്‍ദേശം നല്‍കി. നിലവില്‍ രജിസ്‌ട്രേഷന്‍ എടുക്കാത്ത ശിശുസംരക്ഷണ സ്ഥാപനങ്ങളോട് സര്‍ക്കാരിനുള്ള നിലപാട് സംബന്ധിച്ച് രണ്ടാഴ്ചയ്ക്കുള്ളില്‍ വിശദീകരണം നല്‍കാനാണ് നിര്‍ദേശം.
1960 ലെ അനാഥ അഗതി മന്ദിരനിയമത്തിനു കീഴില്‍ രജിസ്റ്റര്‍ ചെയ്ത യതീംഖാനകള്‍ 2015ലെ ബാലനീതി നിയമപ്രകാരവും രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ടോ എന്ന വിഷയത്തില്‍ വീണ്ടും വിശദമായി വാദംകേള്‍ക്കാനും ജസ്റ്റിസ് മദന്‍ ബി. ലോക്കൂര്‍ അധ്യക്ഷനായ രണ്ടംഗ സുപ്രിംകോടതി ബെഞ്ച് തീരുമാനിച്ചു. ബാലനീതി നിയമത്തിന്റെ മറവില്‍ യതീംഖാനകള്‍ക്ക് ഇരട്ട രജിസ്‌ട്രേഷന്‍ ഏര്‍പ്പെടുത്തിയ കേരളാ സര്‍ക്കാരിന്റെ നടപടി ചോദ്യംചെയ്ത് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമക്കു കീഴിലുള്ള യതീംഖാനകള്‍ സമര്‍പ്പിച്ച ഹരജി പരിഗണിക്കുകയായിരുന്നു കോടതി.
കഴിഞ്ഞയാഴ്ച കേസ് പരിഗണിക്കുന്നതിനിടെ, രജിസ്‌ട്രേഷന്‍ ചെയ്യാത്ത ശിശുസംരക്ഷണ കേന്ദ്രങ്ങളില്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്കു ചീഫ് സെക്രട്ടറി ഉത്തരവാദിയായിരിക്കുമെന്നും ചീഫ് സെക്രട്ടറി സത്യവാങ്മൂലം നല്‍കണമെന്നും സുപ്രിംകോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ വെള്ളിയാഴ്ച കേസ് പരിഗണിക്കവെ, ഒരുസംഭവത്തില്‍ ചീഫ് സെക്രട്ടറിക്കു വ്യക്തിപരമായി ഉത്തരവാദിത്തം ഏറ്റെടുത്ത് സത്യവാങ്മൂലം നല്‍കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് സര്‍ക്കാരിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ രോഹ്തഗി അറിയിച്ചു. രജിസ്‌ട്രേഷന്‍ വിഷയത്തില്‍ നിയമപരമായി മുന്നോട്ടുപോവാന്‍ തയ്യാറാണ്. ഇക്കാര്യത്തില്‍ കോടതിയുടെ എന്തു നിര്‍ദേശും അംഗീരിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. ഇതോടെയാണ് രണ്ടാഴ്ചയ്ക്കുള്ളില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ നിര്‍ദേശമുണ്ടായത്.
കേരളത്തിലെ അനാഥാലായങ്ങളില്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നു പോലും കൊണ്ടുവന്ന മൂന്നു അഞ്ചും വയസ്സുള്ള കുട്ടികള്‍ താമസിക്കുന്നുണ്ടെന്നും അത്തരം സ്ഥാപനങ്ങളെ ബാലനീതി നിയമത്തില്‍ നിന്ന് ഒഴിവാക്കുന്നത് അംഗീകരിക്കാനാവില്ലെന്നും കേസിലെ അമിക്കസ്‌ക്യൂറി അപര്‍ണാ ഭട്ട് വാദിച്ചു. 2014 ഓഗസ്റ്റില്‍ കേരള സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് അടിസ്ഥാനമാക്കിയായിരുന്നു അമിക്കസ്‌ക്യൂറി, കേരളത്തിലെ യതീംഖാനകള്‍ ബാലനീതി നിയമത്തിനു കീഴിലും രജിസ്റ്റര്‍ ചെയ്യണമെന്നും സമസ്തയുടെ വാദം തള്ളണമെന്നും ആവശ്യപ്പെട്ടത്. ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡിനു കീഴില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടവയാണ് കേരളത്തിലെ യതീംഖാനകളെന്നും ഏതുനിയമവിരുദ്ധ നടപടിയുണ്ടായാലും ക്രിമിനല്‍കുറ്റത്തിന് കേസെടുത്ത് വിചാരണയ്ക്ക് ഉത്തരവിടാനുള്ള വകുപ്പ് അതിലും ഉണ്ടെന്നും സമസ്തയ്ക്കു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ഹുസൈഫാ അഹ്മദി വാദിച്ചു. പിന്നാലെ അമികസ്‌കൂറിയുടെ വാദം കോടതി തള്ളി.
ബാലനീതി നിയമത്തിനു കീഴില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് എന്താണ് തടസ്സമെന്ന് കോടതി സമസ്തയോട് ചോദിച്ചു. ആത്മീയ സ്വഭാവമുള്ള സ്ഥാപനമായതിനാല്‍ എല്ലാവിഭാഗം വിദ്യാര്‍ഥികളെയും പ്രവേശനം നല്‍കേണ്ടിവരുമെന്നും ശിശുസംരക്ഷണനിയമപ്രകാരം യീതാംഖാനയിലെ കുട്ടികളെ ദത്ത് നല്‍കുന്നതടക്കമുള്ള നടപടികള്‍ അനുകൂലിക്കേണ്ടിവരുമെന്നും സമസ്ത ചൂണ്ടിക്കാട്ടി.
ബാലനീതി നിയമത്തില്‍ പരാമര്‍ശിച്ച വിഭാഗത്തില്‍പ്പെടുന്ന കുട്ടികളെ സമസ്തക്കു കീഴിലുള്ള യതീംഖാനകളില്‍ താമസിപ്പിക്കുന്നില്ലെന്നും ഇവിടെയുള്ളത് വിദ്യാഭ്യാസത്തിനായി രക്ഷാകര്‍ത്താക്കള്‍ മുഖേന പ്രവേശനം നല്‍കിയവരാണെന്നും സമസ്ത വാദിച്ചു. യതീംഖാനകളിലേക്ക് മറ്റുസംസ്ഥാനങ്ങളില്‍ നിന്നുള്ള അനാഥകുട്ടികളെ കൊണ്ടുവന്ന കേസ് സുപ്രിംകോടതിക്കു മുമ്പിലുള്ള കാര്യം ഓര്‍മിപ്പിച്ച രണ്ടംഗബെഞ്ച്, ഈ കേസും ഇരട്ട രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട ഹരജികളും ഒന്നിച്ചുപരിഗണിക്കാമെന്ന് അറിയിച്ചു. സമസ്തക്കു കീഴിലുള്ള യതീംഖാനകള്‍ക്കു വേണ്ടി സുല്‍ഫിക്കര്‍ അലി പി.എസ്, മുഹമ്മദ് ത്വയ്യിബ് ഹുദവി എന്നിവരും ഹാജരായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."