കെ.എസ്.ആര്.ടി.സി പെന്ഷന് വിതരണം സഹകരണ വകുപ്പ് ഏറ്റെടുക്കും: മന്ത്രി
തിരുവനന്തപുരം: കെ.എസ്.ആര്.ടി.സി പെന്ഷന് വിതരണം സഹകരണ വകുപ്പ് ഏറ്റെടുക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. സംസ്ഥാനത്തെ കെ.എസ്.ആര്.ടി.സി പെന്‍ഷന്‍കാരുടെ ദുരിതാവസ്ഥയ്ക്ക് അടിയന്തരമായി പരിഹാരം കാണുന്നതിന് സഹകരണ വകുപ്പ് പദ്ധതി തയാറാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍ദേശിച്ചിരുന്നു. ആ നിര്‍ദേശപ്രകാരം കെ.എസ്.ആര്.ടി.സി പെന്ഷന് വിതരണം സംസ്ഥാനത്തെ സഹകരണ ബാങ്കുകള്‍ ഏറ്റെടുക്കുന്നതിനുള്ള പദ്ധതിയുടെ രൂപരേഖ സഹകരണ വകുപ്പ് തയാറാക്കി. പെന്ഷന് മുടങ്ങിക്കിടക്കുന്നത് മൂലം നിത്യ ചെലവിനും, ചികിത്സയ്ക്കും ബുദ്ധിമുട്ടുന്ന പാവപ്പെട്ട 38000ത്തോളം വരുന്ന കെ.എസ്.ആര്.ടി.സി പെന്‍ഷന്‍കാര്‍ ഇനി ആശങ്കപ്പെടേണ്ടതില്ല.
224 കോടി രൂപയാണ് പെന്ഷന് കുടിശ്ശികയായി ആകെ നല്‍കാനുള്ളത്. ജനുവരി മാസത്തെ മാത്രം പെന്ഷന് തുക 60 കോടി രൂപയാണ്. ആദ്യ ഗഡുവായി 284 കോടി രൂപ അടുത്ത മാസം സഹകരണ ബാങ്കുകള്‍ നല്‍കും. ഓരോ തദ്ദേശ സ്ഥാപനത്തിന്റെയും പരിധിയില്‍ വരുന്ന സാമ്പത്തിക ശേഷിയുള്ള പ്രാഥമിക സഹകരണ ബാങ്കിനെ സന്നദ്ധത പ്രകാരം പെന്ഷന് വിതരണ പദ്ധതിക്ക് ചുമതലപ്പെടുത്തും. പെന്‍ഷന്‍കാര്‍ക്ക് വീടുകളില്‍ പണം എത്തിക്കാന്‍ വരെ പ്രാഥമിക സഹകരണ ബാങ്കുകള്‍ വഴി സാധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."