സ്‌കൂള്‍ കലോത്സവത്തില്‍ വ്യാജ അപ്പീല്‍: മുഖ്യപ്രതി കോടതിയില്‍ കീഴടങ്ങി
തൃശൂര്‍: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ബാലാവകാശ കമ്മിഷന്റെ പേരില്‍ വ്യാജ അപ്പീല്‍ തയാറാക്കിയ സംഭവത്തില്‍ മുഖ്യപ്രതി കോടതിയില്‍ കീഴടങ്ങി. തിരുവനന്തപുരം സ്വദേശി സതികുമാറാണ് തൃശൂര്‍ സി.ജെ.എം കോടതിയില്‍ കീഴടങ്ങിയത്. എറണാകുളത്ത്‌നിന്ന് എത്തിയ അഭിഭാഷകരോടൊപ്പമാണ് സതികുമാര്‍ ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെ കോടതിയില്‍ കീഴടങ്ങിയത്.
പ്രതിയെ പതിനാല് ദിവസത്തേക്ക് റിമാന്റ് ചെയ്തു. പ്രതിയുടെ ജാമ്യാപേക്ഷ തിങ്കളാഴ്ച കോടതി പരിഗണിക്കും. കോടതിയില്‍ കീഴടങ്ങിയ പ്രതി താന്‍ നിരപരാധിയാണെന്നും, തന്നെ കുടുക്കിയതാണെന്നും മാധ്യമങ്ങളോട് പറഞ്ഞു.
വ്യാജ അപ്പീല്‍ കേസില്‍ മറ്റു പ്രതികളുടെ പേരും സതികുമാര്‍ വെളിപ്പെടുത്തി. നൃത്താധ്യാപകരായ എറണാകുളം സ്വദേശി സൂരജ് എന്ന് വിളിക്കുന്ന മ്ലാവ് സൂരജ്, കൊട്ടാരക്കര സ്വദേശി അമര്‍ ചന്ദ്രശേഖരന്‍, തൃശൂര്‍ സ്വദേശി കണ്ണന്‍, കണ്ണായ്പുരം സ്വദേശി ജോബി, ജോമോന്‍ എന്നിവരും തട്ടിപ്പ് സംഘത്തിലുള്ളതായാണ് സതികുമാര്‍ വെളിപ്പെടുത്തിയത്. കേസില്‍ അറസ്റ്റിലായ സൂരജാണ് തനിക്ക് ബാലാവകാശ കമ്മിഷന്റെ പേരില്‍ തയാറാക്കിയ വ്യാജ അപ്പീല്‍ നല്‍കിയതെന്ന് സതികുമാര്‍ പറഞ്ഞു. തന്റെ മകള്‍ക്ക് വേണ്ടിയാണ് ഇത് തരപ്പെടുത്തിയതെന്നായിരുന്നു വിശദീകരണം.
തൃശൂരില്‍ നടന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലാണ് ബാലാവകാശ കമ്മിഷന്റെ പേരില്‍ പത്ത് വ്യാജ അപ്പീലുകള്‍ കണ്ടെത്തിയത്. പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് എറണാകുളം ക്രൈം ബ്രാഞ്ച് എസ്.പി പി.എന്‍ ഉണ്ണിരാജയുടെ നേതൃത്വത്തില്‍ ജനുവരി എട്ടിന് അന്വേഷണം ഏറ്റെടുക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."