സമസ്ത ബഹ്‌റൈന്‍ ഹൂറ ത്രിദിന പ്രഭാഷണ പരമ്പരക്ക് പ്രൗഢോജ്ജ്വല തുടക്കം
മനാമ: ബഹ്‌റൈന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി ഒഴുകിയെത്തിയ വിശ്വാസികളെ സാക്ഷിയാക്കി സമസ്ത ബഹ്‌റൈന്‍ ഹൂറ കമ്മറ്റിയുടെ ത്രിദിന മതപ്രഭാഷ പരമ്പരക്ക് മനാമ അല്‍ രാജാ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ പ്രൗഢോജ്ജ്വല തുടക്കം.
ഹൂറയില്‍ പ്രവര്‍ത്തിക്കുന്ന തഅ്‌ലീമുല്‍ ഖുര്‍ആന്‍ മദ്രസയുടെ 18-ാം വാര്‍ഷികത്തോടനുബന്ധിച്ചാണ് ത്രിദിന പ്രഭാഷണ പരമ്പര സംഘടിപ്പിച്ചിരിക്കുന്നത്. ബഹ്‌റൈനിലെ പ്രതികൂലമായ സാഹചര്യത്തിലും സ്ത്രീകളും പുരുഷന്മാരുമായി നിരവധി പേരാണ് ആദ്യ ദിനത്തില്‍ പ്രഭാഷണം ശ്രവിക്കാനെത്തിയത്.
പ്രഭാഷണ പരമ്പരയുടെ ഉദ്ഘാടനം സമസ്ത ബഹ്‌റൈന്‍ പ്രസിഡന്റ് സയ്യിദ് ഫഖ്‌റുദ്ധീന്‍ കോയ തങ്ങള്‍ നിര്‍വ്വഹിച്ചു. ആരാധനാ കര്‍മങ്ങളിലെന്ന പോലെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും വിശ്വാസികള്‍ സ്‌നേഹത്തിന്റെ പ്രതീകങ്ങളാവണമെന്ന് തങ്ങള്‍ ആഹ്വാനം ചെയ്തു. ദമ്പതികള്‍ പരസ്പരമുള്ള സ്‌നേഹം, മക്കളോടുള്ള സ്‌നേഹം, ആരാധനകളോടുള്ള സ്‌നേഹം എന്നിവയെല്ലാം ഉള്‍ക്കൊള്ളുന്നവനാണ് മുഅ് മിന്‍ അഥവാ യഥാര്‍ത്ഥ വിശ്വാസിയെന്നും അല്ലാഹുവിനെ സ്‌നേഹിക്കുന്നവരായിതീരണമെങ്കില്‍ നബി(സ) യെ പിന്‍പറ്റണമെന്ന് വിശുദ്ധ ഖുര്‍ആന്‍ ആഹ്വാനം ചെയ്തിട്ടുണ്ടെന്നും പ്രവാചക ചര്യജീവിതത്തില്‍ പകര്‍ത്താന്‍ മതവിദ്യനേടണമെന്നും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ മത വിദ്യാഭ്യാസം പകരുകയാണ് സമസ്തയുടെ ലക്ഷ്യമെന്നും അദ്ദേഹം വിശദീകരിച്ചു.
തുടര്‍ന്ന് കോട്ടയം ജില്ലയിലെ പ്രമുഖ വാഗ്മിയും പണ്ഢതിനുമായ ഉസ്താദ് കുമ്മനം നിസാമുദ്ധീന്‍ അസ്ഹരി അല്‍ ഖാസിമി മുഖ്യപ്രഭാഷണം നടത്തി.
ഇസ്‌ലാമിനെ യുദ്ധം കൊതിക്കുന്ന ഒരു മതമായി പ്രചരിപ്പിക്കുന്നത് ശുദ്ധ അസംബന്ധമാണെന്ന് വിശുദ്ധ ഖുര്‍ആനിക സൂക്തങ്ങളും പ്രവാചകാദ്ധ്യാപനങ്ങളും ചരിത്രങ്ങളും വിശദീകരിച്ചു കൊണ്ടദ്ദേഹം വിശദീകരിച്ചു.
ശത്രുക്കളുമായി ഒരു യുദ്ധത്തിന് സാഹചര്യമൊരുങ്ങിയാല്‍ പോലും അത് പരമാവധി ഒഴിവാക്കാനുള്ള ചര്‍ച്ചകള്‍ നടത്താനും സമാധാനത്തിനുള്ള വഴികള്‍ അന്വേഷിക്കാനുമാണ് പ്രവാചകന്‍ മുഹമ്മദ് നബി(സ) ശ്രമിച്ചിട്ടുള്ളത്.
'നിങ്ങള്‍ യുദ്ധം കൊതിക്കരുത്. അഥവാ അത് അനിവാര്യമായി വന്നാല്‍ (ചര്‍ച്ചകള്‍ക്കായി) ക്ഷമ കാണിക്കണം ' എന്ന് അവിടുന്ന് അരുളുകയും ചെയ്തിട്ടുണ്ട്.
പ്രവാചകന്റെ ഈ ആഹ്വാനവും ജീവിതവും കണ്ടും കേട്ടും വളര്‍ന്ന അനുചരന്മാരെല്ലാം ലോകത്ത് സമാധാനത്തിന്റെ പ്രതീകങ്ങളായാണ് ജീവിച്ചത്.
മനുഷ്യത്വത്തിന് വലിയ വില കല്‍പ്പിച്ചവരായിരുന്നു അവര്‍. മതത്തെ വ്യക്തിപരമായ വിരോധം തീര്‍ക്കാനോ മനുഷ്യത്വ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്താനോ അവര്‍ ദുരുപയോഗം ചെയ്തില്ല. ഒരു ശത്രുവിനെ കയില്‍ കിട്ടി, കൊല്ലാന്‍ അവസരം ലഭിച്ചപ്പോള്‍ തന്റെ മുഖത്തേക്ക് കാര്‍ക്കിച്ചു തുപ്പിയതിന്റെ പേരില്‍ കൊല്ലാതെ വിട്ട നാലാം ഖലീഫ അലി(റ) യുടെ ജീവിതം ലോകത്തിന് ഒരു പാഠമാണെന്നും വ്യക്തി വിരോധം തീര്‍ക്കാന്‍ മതങ്ങളെയോ പ്രമാണങ്ങളെയോ കൂട്ടു പിടിക്കരുതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
സമാധാനത്തിന്റെ മതമായ ഇസ്‌ലാം സര്‍വത്ര കാരുണ്ണ്യമാണ് വിളംബരം ചെയ്യുന്നത്. അല്ലാഹു കാരുണ്ണ്യവാനാണെന്ന് പരിചയപ്പെടുത്തിയാണ് വിശുദ്ധ ഖൂര്‍ആനിലെ എല്ലാ അദ്ധ്യായങ്ങളുടെയും പ്രഥമ സൂക്തങ്ങള്‍ ആരംഭിച്ചിട്ടുള്ളത്.
മാത്രവുമല്ല, അന്ത്യ പ്രവാചകനെ ലോകത്തിനു കാരുണ്ണ്യമായാണ് അല്ലാഹു പരിചയപ്പെടുത്തിയതെന്നും ലോകാവസാനം വരെ നല്‍കപ്പെട്ട വേദ ഗ്രന്ഥം പാരായണം ചെയ്യുന്നതിലൂടെ കാരുണ്ണ്യം നേടാനാവുമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
നാട്ടില്‍ തിരക്കു പിടിച്ച ഒരു റോഡില്‍ ഒരു മനുഷ്യന്‍ വീണു കിടന്നിട്ട് അയാളെ സമീപിക്കുകയോ എഴുന്നേല്‍പ്പിക്കുകയോ ചെയ്യാന്‍ ഒരു പുരുഷന്‍ പോലും തയ്യാറായില്ലെന്നത് നമ്മുടെ ഹൃദയ കാഠിന്യത്തെയാണ് വിളിച്ചറിയിക്കുന്നത്.
പ്രതിദിനം വിശുദ്ധ ഖുര്‍ആന്‍ പാരായണം ചെയ്യുന്നതിലൂടെയും പാരായണം കേള്‍ക്കുന്നതിലൂടെയും ഹൃദയാന്തരങ്ങളില്‍ കരുണയും സ്‌നേഹവും ആര്‍ദ്രതയും നാമ്പെടുക്കുമെന്നും കുറഞ്ഞ സമയം ഖുര്‍ആന്‍ പാരായണം ശ്രവിക്കാനായി മാറ്റി വയ്ക്കമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
അസ്ഹരിയുടെ പ്രഭാഷണം രണ്ടാം ദിവസമായ ഇന്നും തുടരും. ഇന്നത്തെ പ്രഭാഷണം രാത്രി 9 മണിക്ക് ആരംഭിക്കുമെന്നും ദുന്‍യാവിലെ നാലു നിധികള്‍ വിശദീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രഭാഷണം ശ്രവിക്കാനെത്തുന്ന സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യമാണ് സംഘാടകര്‍ ഒരുക്കിയിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0097339197577.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."