കേരളത്തില്‍ നിന്നുള്ളവരുടെ യാത്ര ജിദ്ദവഴി
കൊണ്ടോട്ടി: ഇന്ത്യയില്‍നിന്ന് ഇത്തവണ കൂടുതല്‍ ഹജ്ജ് തീര്‍ഥാടകരുടേയും യാത്ര മദീന വഴി. കേന്ദ്രഹജ്ജ് കമ്മിറ്റിക്ക് വേണ്ടി വ്യോമയാന മന്ത്രാലയം പ്രഖ്യാപിച്ച 9 എംബാര്‍ക്കേഷന്‍ പോയിന്റുകളില്‍ നിന്നുള്ള 66,090 തീര്‍ഥാടകര്‍ക്കാണ് മദീന വഴി ഹജ്ജ് വിമാനം ക്രമീകരിച്ചിരിക്കുന്നത്.
ശേഷിക്കുന്ന 11 എംബാര്‍ക്കേഷന്‍ പോയിന്റുകളില്‍നിന്ന് വിമാനങ്ങള്‍ ജിദ്ദയിലാണ് എത്തുക. കേരളത്തില്‍ നിന്നടക്കമുള്ള 61,060 പേര്‍ക്കാണ് ജിദ്ദവഴി യാത്ര ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.
രണ്ടുഘട്ടങ്ങളിലായാണ് ഹജ്ജ് സര്‍വിസുകള്‍ ക്രമീകരിച്ചിരിക്കുന്നത്. ആദ്യഘട്ടത്തിലുള്‍പ്പെട്ടവര്‍ മദീനയിലേക്ക് ജൂലൈ 14 മുതലും രണ്ടാംഘട്ടത്തില്‍ ഉള്‍പ്പെട്ടവര്‍ ജിദ്ദവഴി ജൂലൈ 29 മുതലുമാണ് തീര്‍ഥാടനത്തിന് പുറപ്പെടുക. ഡല്‍ഹി, ഗയ, ഗോവ, ഗുവാഹത്തി, കൊല്‍ക്കത്ത, ലഖ്‌നൗ, മംഗളൂരു, ശ്രീനഗര്‍, വാരാണസി എന്നിവടങ്ങളില്‍ നിന്നുള്ള വിമാനങ്ങളാണ് മദീനയിലേക്ക് പുറപ്പെടുന്നത്. ഇവര്‍ ഹജ്ജ് കര്‍മങ്ങള്‍ തുടങ്ങുന്നതിന് മുന്‍പായി തന്നെ മദീന സന്ദര്‍ശനം പൂര്‍ത്തിയാക്കും. ഇവരുടെ മടക്ക യാത്ര ജിദ്ദവഴിയാണ് ക്രമീകരിച്ചിരിക്കുന്നത്. ഹജ്ജ് കര്‍മങ്ങള്‍ക്ക് ശേഷം ജിദ്ദയിലെത്തി നാട്ടിലേക്ക് മടങ്ങും.
നെടുമ്പാശ്ശേരി, അഹമ്മദാബാദ്, ഔറംഗാബാദ്, ബംഗളൂരു, ഭോപ്പാല്‍, ചെന്നൈ, ഹൈദരാബാദ്, ജയ്പൂര്‍, മുംബൈ, നാഗ്പൂര്‍, റാഞ്ചി എന്നീ 11 എംബാര്‍ക്കേഷന്‍ പോയിന്റുകളില്‍ നിന്നുള്ള ഹജ്ജ് വിമാനങ്ങള്‍ ജിദ്ദയിലേക്കാണ് പുറപ്പെടുക. കേരളത്തില്‍ നിന്നടക്കമുളള 61,060 പേരാണ് ജിദ്ദവഴി യാത്രയാവുക. ഇ
വര്‍ മക്കയിലെത്തി ഹജ്ജ് കര്‍മം കഴിഞ്ഞതിന് ശേഷമാണ് മദീനയിലേക്ക് പോവുക. തുടര്‍ന്ന് മദീനയില്‍നിന്ന് നാട്ടിലേക്ക് മടങ്ങും. കേരളം, ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളില്‍ നിന്നുള്ള തീര്‍ഥാടകര്‍ക്കായി 11,700 വിമാന സീറ്റുകള്‍ ബുക്ക് ചെയ്തിട്ടുണ്ട്.
ഈ വര്‍ഷം കൂടുതല്‍ തീര്‍ഥാടകരുള്ള എംബാര്‍ക്കേഷന്‍ പോയിന്റ് ഡല്‍ഹിയാണ്. 19,000 തീര്‍ഥാടകരാണ് ഇവിടെനിന്ന് യാത്രയാവുന്നത്.
കൊല്‍ക്കത്തയില്‍നിന്ന് 14,800 പേരും, ലഖ്‌നൗവില്‍നിന്ന് 14,500 തീര്‍ഥാടകരും യാത്രയാവും. നാലു എംബാര്‍ക്കേഷന്‍ പോയിന്റുകളില്‍ നിന്ന് 500-ല്‍ താഴെ തീര്‍ഥാടകര്‍ മാത്രമാണ് പുറപ്പെടുന്നത്. മംഗളൂരു(430), ഔറംഗബാദ്(450), ഭോപ്പാല്‍, ഗോവ എന്നിവിടങ്ങളില്‍നിന്ന് 460 തീര്‍ഥാടകര്‍ വീതവുമാണ് ഹജ്ജിന് പോവുന്നത്.
കേരളത്തില്‍നിന്ന് ഹജ്ജ് സര്‍വിസുകള്‍ 18 ദിവസം
കൊണ്ടോട്ടി: കേരളത്തില്‍ നിന്നുള്ള ഹജ്ജ് വിമാന സര്‍വിസുകള്‍ 18 ദിവസം. നെടുമ്പാശ്ശേരിയില്‍നിന്ന് ജൂലൈ 29 മുതല്‍ ആരംഭിക്കുന്ന ഹജ്ജ് സര്‍വിസുകള്‍ ഓഗസ്റ്റ് 15നാണ് പൂര്‍ത്തീകരിക്കുക. കേരളത്തിന് പുറമെ ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളില്‍ നിന്നുള്ള തീര്‍ഥാടകരും നെടുമ്പാശ്ശേരി വഴിയാണ് പുറപ്പെടുക.
ഇതുവരെയായി 10850 പേര്‍ക്കാണ് കേരളത്തില്‍നിന്ന് അവസരം ലഭിച്ചത്. അവസരം ലഭിച്ചവര്‍ യാത്ര റദ്ദാക്കുന്നപക്ഷം കാത്തിരിപ്പു പട്ടികയില്‍നിന്ന് കൂടുതല്‍ പേര്‍ക്ക് അവസരം ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."