മഴക്കാല മുന്നൊരുക്കം: നടപടികള്‍ ഊര്‍ജ്ജിതമാക്കും
ആലപ്പുഴ: പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തില്‍ മഴക്കാലത്ത് പൊതുമരാമത്തു റോഡുകളോ ദേശീയപാതയോ വെട്ടിപ്പൊളിക്കരുതെന്ന് നിര്‍ദേശം നല്‍കിയതായി പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍ പറഞ്ഞു. മഴക്കാല മുന്നൊരുക്കം വിലയിരുത്താന്‍ കലക്‌ട്രേറ്റില്‍ കൂടിയ ജില്ലാതല യോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
ജില്ലയിലെ പൊതുമരാമത്തു റോഡുകളിലെയും ദേശീയപാതയിലെയും കുഴികള്‍ ജൂണ്‍ രണ്ടിനുള്ളില്‍ അടയ്ക്കാന്‍ മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി. എന്‍ജിനീയര്‍മാര്‍ ഇതിനു മേല്‍നോട്ടം വഹിക്കണം. അടച്ചവ വീണ്ടും കുഴികളായി മാറാതിരിക്കാന്‍ ഉദ്യോഗസ്ഥര്‍ ഉറപ്പുവരുത്തണം. റോഡരികില്‍ ഗതാഗത തടസം സൃഷ്ടിക്കുന്ന നിലയില്‍ മെറ്റലും മറ്റും ഇറക്കുന്നതു കര്‍ശനമായി തടയും. ദേശീയപാതയിലും പാതയോരത്തും മാലിന്യം തള്ളുന്നതു തടയാന്‍ നടപടിയെടുക്കാനും മന്ത്രി നിര്‍ദേശിച്ചു.
പൈപ്പും മറ്റും സ്ഥാപിക്കുന്നതിന് അടിയന്തര സാഹചര്യത്തില്‍ റോഡ് വെട്ടിപ്പൊളിക്കേണ്ടിവന്നാല്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയറോ പൊതുമരാമത്ത് വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനോ സ്ഥലത്തുണ്ടാകണമെന്നും മന്ത്രി നിര്‍ദേശിച്ചു. റോഡരികുകളും ഓടകളും വൃത്തിയാക്കുന്നതിനു 125 ലക്ഷം രൂപ അനുവദിച്ചു. ദേശീയ പാതയോരത്തെ അപകടം ഉണ്ടാക്കാന്‍ സാധ്യതയുള്ള മരങ്ങള്‍ എത്രയും വേഗം മുറിച്ചുമാറ്റും.
കടലാക്രമണ സാധ്യത കൂടുതലുള്ള പ്രദേശങ്ങളില്‍ കടല്‍ഭിത്തിയോടു ചേര്‍ന്ന് മണല്‍ത്തിട്ട നിര്‍മിക്കണമെന്നും സംരക്ഷണഭിത്തിയില്ലാത്തിടത്ത് അവ നിര്‍മിക്കണമെന്നും യോഗത്തില്‍ പങ്കെടുത്ത ഭക്ഷ്യ മന്ത്രി പി. തിലോത്തമന്‍ പറഞ്ഞു.
പകര്‍ച്ചവ്യാധികള്‍ തടയാന്‍ ആരോഗ്യവകുപ്പ് വീഴ്ചയില്ലാതെ നടപടികള്‍ സ്വീകരിക്കണം. മഴക്കാലത്തെ നേരിടാന്‍ ആശുപത്രികള്‍ സജ്ജമായിരിക്കണം. ജീവനക്കാരുടെ കുറവുണ്ടെങ്കില്‍ ഇക്കാര്യം ആവശ്യപ്പെട്ട് റിപ്പോര്‍ട്ട് നല്‍കാന്‍ ഡി.എം.ഒയ്ക്ക് മന്ത്രി നിര്‍ദേശം നല്‍കി. മരുന്ന് ദൗര്‍ലഭ്യമുണ്ടായാല്‍ ലോക്കല്‍ പര്‍ച്ചേസിലൂടെ വാങ്ങാന്‍ അനുമതി നല്‍കിയിട്ടുണ്ട്.
ജില്ലയില്‍ കടലാക്രമണ ഭീഷണി കൂടുതലുള്ള പ്രദേശങ്ങള്‍ കണ്ടെത്തി കല്ലിടുന്നതടക്കം സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച് ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഇറിഗേഷന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ആലപ്പുഴയുടെ കാര്യത്തില്‍ അടിയന്തര ശ്രദ്ധ നല്‍കുമെന്ന് ഇറിഗേഷന്‍ വകുപ്പു മന്ത്രി അറിയിച്ചിട്ടുള്ളതായി പി. തിലോത്തമന്‍ പറഞ്ഞു. ദുരിതാശ്വാസ ക്യാംപ് ആരംഭിക്കുന്നതിന് സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടില്ല. ആവശ്യമുള്ള സ്ഥലങ്ങളില്‍ ജനപ്രതിനിധികളുമായും എം.എല്‍.എയുമായി ആലോചിച്ച് ക്യാംപ് ആരംഭിക്കാം.
ബസ് സ്റ്റാന്‍ഡിലും കടത്തിണ്ണകളിലും മറ്റും കഴിയുന്നവര്‍ക്ക് വര്‍ഷകാലത്ത് അന്തിയുറങ്ങാനുള്ള താത്കാലിക സംവിധാനമൊരുക്കാന്‍ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുമായും സാമൂഹിക നീതി വകുപ്പുമായും ചേര്‍ന്ന് ജില്ലാ കലക്ടര്‍ നടപടി സ്വീകരിക്കണം. മഴക്കാല മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ജൂണ്‍ അഞ്ചിനകം എല്ലാ നിയമസഭാ മണ്ഡലങ്ങളിലും എം.എല്‍.എ.മാരുടെ അധ്യക്ഷതയില്‍ യോഗം ചേരുമെന്നും മന്ത്രി അറിയിച്ചു.
വെള്ളപ്പൊക്കമുണ്ടായാല്‍ തോട്ടപ്പള്ളി സ്പില്‍വേയുടെ ഷട്ടറുകള്‍ തുറന്ന് വെള്ളം ഒഴുക്കിവിടാനുള്ള നടപടി സ്വീകരിക്കും. 40 ഷട്ടറുകള്‍ മാറ്റി സ്ഥാപിച്ചിട്ടുണ്ട്. വെള്ളം കടലിലേക്ക് ഒഴുകുന്നതിനു മണ്ണുമാറ്റുന്നതിനു നടപടിയെടുക്കാന്‍ നിര്‍ദേശം നല്‍കി. ഷട്ടറുകളുടെ പ്രവര്‍ത്തനക്ഷമത വിലയിരുത്താന്‍ കലക്ടറെ ചുമതലപ്പെടുത്തി. അരൂര്‍ ചന്തിരൂരിലെയടക്കം ദേശീയപാതയിലെ വെള്ളക്കെട്ട് ഒഴിവാക്കാന്‍ 85 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെന്ന് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ പറഞ്ഞു. വിവിധ വകുപ്പുകളുടെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും മഴക്കാല മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ യോഗം വിലയിരുത്തി. മഴയെത്തുടര്‍ന്ന് 2.50 കോടി രൂപയുടെ വിളനാശമുണ്ടായതായി പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ യോഗത്തെ അറിയിച്ചു.
പെരുമ്പളം ദ്വീപിലേക്കുള്ള ജലഗതാഗത വകുപ്പിന്റെ ബോട്ട് സര്‍വീസുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യുന്നതിന് പ്രത്യേകയോഗം വിളിക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി. കുടിവെള്ളമെത്തിക്കുന്നതിന് വാട്ടര്‍ അതോറിറ്റി ക്രിയാത്മകമായി പ്രവര്‍ത്തിക്കണം. വൈദ്യുതി തടസവും പരാതികളും പരിഹരിക്കാന്‍ കെ.എസ്.ഇ.ബി കൂടുതല്‍ ശ്രദ്ധിക്കണമെന്നും ടച്ചിങ് വെട്ട് ഊര്‍ജിതമാക്കണമെന്നും മന്ത്രി തിലോത്തമന്‍ നിര്‍ദേശിച്ചു.
നിയുക്ത എം.എല്‍.എ.മാരായ എ.എം ആരിഫ്, ആര്‍.രാജേഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാല്‍, കലക്ടര്‍ ആര്‍. ഗിരിജ, ജില്ലാ പൊലീസ് മേധാവി പി. അശോക് കുമാര്‍, ആലപ്പുഴ നഗരസഭാ ചെയര്‍മാന്‍ തോമസ് ജോസഫ്, എ.ഡി.എം ജെ. ഗിരിജ, തദ്ദേശസ്വയംഭരണ സ്ഥാപന അധ്യക്ഷര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."