ഐ.എ.എസ് പ്രൊമോഷന്‍ നിഷേധിച്ച സംഭവം
കൊച്ചി: അര്‍ഹമായ ഐ.എ.എസ് പ്രൊമോഷന്‍ നിഷേധിച്ച സീനിയര്‍ ഐ.എ.എസ് ഉദ്യോഗസ്ഥരുടെ ഗൂഢാലോചനയെക്കുറിച്ചും അനധികൃതസ്വത്ത് സമ്പാദനത്തെക്കുറിച്ചും സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി. തൃശൂരിലെ ഡെപ്യൂട്ടി കലക്ടര്‍ കെ.വി മുരളീധരനാണ് ഹൈക്കോടതിയില്‍ ഹരജി നല്‍കിയിരിക്കുന്നത്.
1987 ല്‍ ഡെപ്യൂട്ടി കലക്ടറായി സര്‍വിസില്‍ പ്രവേശിച്ച ഹരജിക്കാരന് എട്ട് വര്‍ഷത്തെ സര്‍വീസ് പൂര്‍ത്തിയാക്കിയതോടെ ഐ.എ.എസ് പദവിക്ക് അര്‍ഹത ലഭിച്ചെങ്കിലും വര്‍ഷങ്ങളായി ഇതു നിഷേധിക്കുകയാണെന്ന് ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു. 1992 മുതല്‍ ഓരോ വര്‍ഷവും തനിക്കര്‍ഹമായ പ്രൊമോഷന്‍ നിഷേധിക്കാന്‍ സീനിയര്‍ ഐ.എ.എസ് ഉദ്യോഗസ്ഥര്‍ അച്ചടക്ക നടപടിക്കുള്ള ഫയല്‍ തുറക്കുമെന്നും 30 വര്‍ഷത്തെ സര്‍വിസ് പൂര്‍ത്തിയാക്കിയ മുരളീധരന് സമയ ബന്ധിതമായി ഐ.എ.എസ് ലഭിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ ചീഫ് സെക്രട്ടറിയാകാമായിരുന്നെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു. പട്ടികജാതിക്കാരന്‍ ഐ.എ.എസുകാരനാവുന്നത് തടയാന്‍ തന്റെ കേസില്‍ ചട്ടവിരുദ്ധമായ നടപടിയാണ് ഉന്നത ഉദ്യോഗസ്ഥര്‍ സ്വീകരിച്ചത്. 106 ട്രാന്‍സ്ഫറുകളാണ് ഇതുവരെ നേരിട്ടത്. തന്നെ മാനസികമായും സാമ്പത്തികമായും ഇവര്‍ തകര്‍ത്തെന്നും 1989 മുതല്‍ 2017 വരെയുള്ള കാലയളവില്‍ തനിക്കെതിരേ പ്രവര്‍ത്തിച്ചവരെക്കുറിച്ച് സി.ബി.ഐ അന്വേഷിക്കണമെന്നുമാണ് ഹരജിയിലെ ആവശ്യം. ഇതുവരെ 36 അച്ചടക്ക നടപടി ഫയലുകളും നിരവധി വിജിലന്‍സ് അന്വേഷണങ്ങളും മുരളീധരനെതിരേ ഉണ്ടായി. ഇവ സമയബന്ധിതമായി അന്വേഷിച്ച് പൂര്‍ത്തിയാക്കണമെന്ന് 2008 ല്‍ ഹൈക്കോടതി നിര്‍ദേശിച്ചെങ്കിലും സര്‍ക്കാര്‍ ഇതു പാലിച്ചില്ല. എന്നാല്‍ 150 ഓളം ഉദ്യോഗസ്ഥര്‍ക്ക് വിജിലന്‍സ് കേസുകള്‍ തീര്‍പ്പാക്കിയും കേസ് വിവരങ്ങള്‍ മറച്ചുവച്ചും ഐ.എ.എസ് പ്രൊമോഷന്‍ ലഭ്യമാക്കിയിട്ടുണ്ട്. സീനിയര്‍ ഐ.എ.എസ് ഉദ്യോഗസ്ഥര്‍ ഇതിനായി വഴിവിട്ട് പ്രവര്‍ത്തിച്ചുവെന്നും ഹരജിയില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."