ചികിത്സാ ചെലവ് യു.ഡി.എഫ് ഭരണകാലത്തും ഇടത് എം.എല്‍.എമാര്‍ മുന്നില്‍
തിരുവനന്തപുരം: യു.ഡി.എഫ് ഭരണകാലത്തും ചികിത്സാ ചെലവിന് കൂടുതല്‍ സഹായം കൈപ്പറ്റിയത് ഇടത് എം.എല്‍.എമാര്‍. വിവരാവകാശ പ്രവര്‍ത്തകനായ പ്രദീപ് കുമാര്‍ നല്കിയ അപേക്ഷയ്ക്ക് ലഭിച്ച മറുപടിയിലാണ് ഇക്കാര്യമുള്ളത്.
പത്തു ലക്ഷം രൂപയില്‍ കൂടുതല്‍ ചികിത്സാ ചെലവ് കൈപ്പറ്റിയ നാലില്‍ മൂന്നുപേരും അഞ്ചുലക്ഷം രൂപയില്‍ കൂടുതല്‍ കൈപ്പറ്റിയ 13ല്‍ എട്ടുപേരും ഇടത് എം.എല്‍.എമാരാണ്.
ഒരു കോടി 91 ലക്ഷം രൂപ കൈപ്പറ്റിയ തോമസ് ചാണ്ടിയാണ് ഈ പട്ടികയില്‍ ഒന്നാമന്. 2011 മുതല്‍ 2016വരെയുള്ള യു.ഡി.എഫ് ഭരണകാലത്ത് മന്ത്രിമാരും എം.എല്‍.എമാരും ചേര്‍ന്ന് ചികിത്സാ ഇനത്തില്‍ കൈപ്പറ്റിയത് അഞ്ചുകോടിയോളം രൂപയാണ്.
1,91,14,366 രൂപയാണ് തോമസ് ചാണ്ടിക്ക് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അനുവദിച്ചത്. സി.പി.ഐ പ്രതിനിധിയായ സി. ദിവാകരന് 13,77,425 രൂപയും ആലത്തൂര്‍ എം.എല്‍.എയായിരുന്ന സി.പി.എം പ്രതിനിധി എം. ചന്ദ്രന് 10,96,613 രൂപയും കേരളാ കോണ്‍ഗ്രസ് പ്രതിനിധി സി.എഫ് തോമസ് 11,28,390 രൂപയും കൈപ്പറ്റി. ഇടതുമുന്നണിയിലെ എം. ഹംസ, ഇ.പി ജയരാജന്, കെ. കുഞ്ഞിരാമന്, സി.കെ സദാശിവന്, ബി. സത്യന്, ജമീല പ്രകാശം, എ.എം ആരിഫ്, കെ.ടി ജലീല്‍, യു.ഡി.എഫിലെ വര്‍ക്കല കഹാര്‍, തേറമ്പില്‍ രാമകൃഷ്ണന്, ടി.വി കുരുവിള, എം.പി അബ്ദുസമദ് സമദാനി, അന്‍വര്‍ സാദത്ത് എന്നിവര്‍ അഞ്ചുലക്ഷം രൂപയില്‍ കൂടുതല്‍ കൈപ്പറ്റി.
യു.ഡി.എഫിലെ ടി.എ അഹമ്മദ് കബീര്‍, സി. മമ്മൂട്ടി, കെ.എം ഷാജി, എന്‍. ഷംസുദ്ദീന്, കെ.ബി ഗണേഷ് കുമാര്‍, പി.സി ജോര്‍ജ്, അബ്ദുറഹ്മാന് രണ്ടത്താണി, കെ. അച്യുതന്, പി. ഉബൈദുല്ല, ശബരീനാഥന്, കെ.എം മാണി എന്നിവര്‍ ചികിത്സാസഹായം വാങ്ങിയില്ല. സി. കൃഷ്ണന് എം.എല്‍.എ മാത്രമാണ് ചികിത്സക്കായി സര്‍ക്കാര്‍ ഖജനാവിനെ ആശ്രയിക്കാത്ത ഏക സി.പി.എം പ്രതിനിധി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."