ചുങ്കം ബീവറേജ് ഔട്ട്ലെറ്റ് പൂട്ടിയെന്ന് നഗരസഭ
ആലപ്പുഴ: ആലപ്പുഴ ചുങ്കത്ത് പ്രവര്‍ത്തിക്കുന്ന ബീവറേജ് ഔട്ട് ലെറ്റ് പൂട്ടിയെന്ന് നഗരസഭാ അധികാരികള്‍ വ്യക്തമാക്കി.അനധികൃത മദ്യ ചില്ലറ വില്‍പ്പനശാല അടച്ചുപൂട്ടണമെന്ന് കാണിച്ച് നഗരസഭ മൂന്നു ദിവസങ്ങള്‍ക്ക് മുമ്പ് ബന്ധപ്പെട്ടവര്‍ക്ക് കത്ത് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അവസാന ദിവസമായ ഇന്നലെ നഗരസഭാ അധികാരികള്‍ പരിശോധനയ്ക്ക് എത്തിയപ്പോള്‍ ഔട്ട്ലെറ്റ് അടച്ചുപൂട്ടിയതായി കാണപ്പെട്ടു.
പ്രധാന കവാടം അടച്ചു പൂട്ടി സീല്‍ചെയ്ത് നഗരസഭാധികാരികള്‍ മടങ്ങി. എന്നാല്‍ അടച്ചുപൂട്ടപ്പെട്ട മദ്യവില്‍പ്പന കേന്ദ്രത്തിലെ വളപ്പിനുളളില്‍ രണ്ടു സെക്യൂരിറ്റി ജീവനക്കാര്‍ ഉളളത് അധികാരികളുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല. വളപ്പില്‍ കുടുങ്ങിയ ജീവനക്കാര്‍ പൊലീസില്‍ വിവരം അറിയിക്കുകയും പിന്നീട് പൊലീസ് അറിയിച്ചതിനെ തുടര്‍ന്ന് അഗ്നിശമന സേനയെത്തി പൂട്ടു പൊളിച്ച് ജീവനക്കാരെ പുറത്തിറക്കി.ഇന്നലെ രാവിലെ 11 മണിയോടെ നഗരസഭാ അധികൃതര്‍ എത്തും മുന്‍പേ ബെവ് ക്കോയിലെ ജീവനക്കാര്‍ തന്നെ ഗയിറ്റ് പൂട്ടിയിരുന്നു.
തുടര്‍ന്നാണ് നഗരസഭാ റവന്യൂ വിഭാഗം വാതില്‍ സീല്‍ ചെയ്തത്. കഴിഞ്ഞ മുപ്പത് ദിവസമായി ഇവിടെനിന്നും ബീവറെജ് ഔട്ട്ലെറ്റ് മാറ്റണമെന്ന് ആവശ്യപ്പെട്ട് ജനകീയ സമിതിയുടെ നേതൃത്വത്തില്‍ സമരം നടന്നു വരികയായിരുന്നു. സമരക്കാര്‍ക്ക് ചെയര്മാന് തോമസ് ജോസഫ് ബീവരെജ് അടച്ചു പൂട്ടുമെന്ന് ഉറപ്പും നല്‍കിയിരുന്നു. അതേസമയം ഔട്ട്ലെറ്റ് നിലനിര്ത്തണമെന്നാവാശ്യപ്പെട്ട് ബന്ധപ്പെട്ടവര്‍ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. കേസ് ഇന്ന് പരിഗണനയ്ക്ക് എടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."