മുസ്ലിംവിരുദ്ധ മനോഭാവം; കോടതിമുറിയില്‍ പ്രതിഷേധമറിയിച്ച് പാരിസ് ഭീകരാക്രമണ സൂത്രധാരന്‍
ബ്രസല്‍സ്: 'എന്റെ നിശബ്ദത ഞാന്‍ കുറ്റവാളിയാണെന്നതിനു തെളിവല്ല. അത് എന്റെ പ്രതിരോധമാണ് '. 2015ലെ പാരിസ് ഭീകരാക്രമണക്കേസില്‍ ജീവിച്ചിരിപ്പുള്ള ഏക കുറ്റാരോപിതനായ സലാഹ് അബ്ദുസ്സലാം ഇന്നലെ ബെല്‍ജിയം കോടതിയില്‍ തുറന്നടിച്ചതാണ് ഇക്കാര്യം. എങ്ങും മുസ്ലിം വിരുദ്ധ മനോഭാവമാണു നിലനില്‍ക്കുന്നതെന്നും അവരോട് ദയാരഹിതമായും തെറ്റായ രീതിയിലുമാണ് പെരുമാറുന്നതെന്നും പറഞ്ഞ് കോടതിയുടെ ചോദ്യങ്ങള്‍ക്കു താന്‍ മറുപടി പറയുന്നില്ലെന്നും 28കാരന് വ്യക്തമാക്കി.
താന്‍ നിങ്ങളെയും നിങ്ങളുടെ സഖ്യകക്ഷികളെയും ഭയക്കുന്നുവെന്നും കോടതിക്കു മുന്‍പാകെ സലാഹ് വിളിച്ചുപറഞ്ഞു. വ്യക്തമായ ഫോറന്‍സിക് തെളിവുകളുടെ അടിസ്ഥാനത്തിലായിരിക്കണം കേസ് അന്വേഷണമെന്നും അല്ലാതെ പൊതുബോധത്തെ തൃപ്തിപ്പെടുത്താനായിരിക്കരുതെന്നും യുവാവ് പ്രോസിക്യൂഷനോട് ആവശ്യപ്പെട്ടു.
2015 നവംബര്‍ 13നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പാരിസ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കണ്‍സേര്‍ട്ട് ഹാള്‍, സ്റ്റേഡിയം, റെസ്റ്റോറന്റുകള്‍, ബാറുകള്‍ എന്നിവയെ ലക്ഷ്യമിട്ടായിരുന്നു ചാവേര്‍ ആക്രമണം നടന്നത്. സംഭവത്തില്‍ 130 പേര് കൊല്ലപ്പെടുകയും നിരവധി പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. സലാഹ് അബ്ദുസ്സലാമാണ് ആക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍ എന്നാണ് ഫ്രഞ്ച് പ്രോസിക്യൂട്ടര്‍മാര്‍ ആരോപിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."