സമ്പൂര്‍ണ്ണ വൈദ്യുതീകരണം; മന്ത്രിയുടെ അധ്യക്ഷതയില്‍ അവലോകന യോഗം
തൊടുപുഴ: ഇടുക്കി ജില്ല സമ്പൂര്‍ണ്ണ വൈദ്യുതീകരണം കൈവരിക്കുന്നതുമായി ബന്ധപ്പെട്ട് മന്ത്രി എം.എം.മണിയുടെ അധ്യക്ഷതയില്‍ തൊടുപുഴ വൈദ്യുതി ഭവനില്‍ അവലോകന യോഗം നടന്നു.
മാര്‍ച്ച് 31 ന് ജില്ല സമ്പൂര്‍ണ വൈദ്യുതീകരത്തിലേക്ക് എത്തിക്കുന്നതിനുള്ള പദ്ധതികളാണ് ആവിഷ്‌കരിച്ചത്. ജില്ലയില്‍ 295 ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫിസുകളാണ് ഉള്ളത്. ഇവയില്‍ ഭൂരിഭാഗം സ്ഥലങ്ങളിലും വൈദ്യുതീകരണം 40 ശതമാനം പോലും എത്തിയിട്ടില്ല. വണ്ടന്‍മേട്, അണക്കര, മറയൂര്‍, ചിത്തിരപുരം, രാജകുമാരി, എന്നിവിടങ്ങളിലാണ് മികച്ച പ്രവര്‍ത്തനം നടന്നതെന്ന് യോഗം വിലയിരുത്തി.
സമ്പൂര്‍ണ വൈദ്യുതീകരണത്തിന്റെ ഭാഗമായി ജില്ലയില്‍ 9811 വീടുകള്‍ക്കാണ് വൈദ്യുതി നല്‍കേണ്ടത്. ഇടുക്കി മണ്ഡലത്തില്‍ 843, തൊടുപുഴയില്‍ 658, ഉടുമ്പന്‍ ചോലയില്‍ 1061, ദേവികുളത്ത് 6113, പീരുമേട് 1136 എന്നിങ്ങനെയാണ് വീടുകളില്‍ വൈദ്യുതി നല്‍കാനുള്ളത്.
എന്നാല്‍ ഭൂരിഭാഗം സ്ഥലങ്ങളിലും വൈദ്യുതി ലൈന്‍ വലിക്കലും പോസ്റ്റിടലും നടന്നിട്ടില്ല. വനത്തിലൂടെ വൈദ്യുതി ലൈന്‍ വലിക്കുന്നതിന് തടസങ്ങള്‍ നിലനില്‍ക്കുന്നതായും ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി. ഉടുമ്പന്‍ചോല, പീരുമേട്, ദേവികുളം എന്നിവിടങ്ങളില്‍ എം.എല്‍.എ ഫണ്ടും തദ്ദേശ സ്ഥാപനങ്ങളുടെ ഫണ്ടും ലഭിച്ചിട്ടുണ്ട്. തൊടുപുഴ നമ്പര്‍ ടു സെക്ഷന് കീഴില്‍ പ്രവര്‍ത്തനം തൃപ്തികരമല്ലെന്ന് യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു.
കരിമണ്ണൂര്‍, വണ്ണപ്പുറം മേഖലകളില്‍ വനം കൂടുതലാണ്. ഇവിടെ വൈദ്യുതി ലൈന്‍ വലിക്കുന്നതിലുള്ള തടസം ഉദ്യോഗസ്ഥരുമായി ചേര്‍ന്ന് ചര്‍ച്ച ചെയ്ത് പരിഹരിക്കണം. ഇടുക്കി, പീരുമേട് മണ്ഡലത്തില്‍ വൈദ്യുതീകരണം പുരോഗമിക്കുകയാണെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇതിനിടെ അപേക്ഷയുമായി എത്തുന്നവര്‍ക്കേ വൈദ്യുതി നല്‍കൂ എന്ന നിലപാട് ഉദ്യോഗസ്ഥര്‍ സ്വീകരിക്കുന്നത് ശരിയല്ലെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ യോഗത്തില്‍ വിമര്‍ശനമുന്നയിച്ചു.
സമ്പൂര്‍ണ വൈദ്യുതീകരണത്തില്‍ പണം മുഴുവന്‍ അടക്കുന്നവര്‍ക്ക് പരിഗണന നല്‍കും. ജില്ലയിലെ അംഗന്‍ വാടികള്‍ക്ക് വൈദ്യുതി കണക്ഷന്‍ സൗജന്യമായി നല്‍കാനാണ് ബോര്‍ഡിന്റെ തീരുമാനം. ഏറെ ദുര്‍ഘടമായ ഭൂപ്രദേശമുള്ള മറയൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്റെ പരിധിയില്‍ മികച്ച പ്രകടനം കാഴ്ചവെച്ചതായും യോഗത്തില്‍ വിലയിരുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."