മന്ത്രവാദചികിത്സയുടെ മറവില്‍ ലൈംഗിക പീഡനം: 50കാരന്‍ പൊലിസ് പിടിയിലായി
നിലമ്പൂര്‍: മന്ത്രവാദ ചികിത്സയുടെ മറവില്‍ നിരവധി സ്ത്രീകളെ പീഡിപ്പിച്ച മധ്യവയസ്‌കനെ പൊലിസ് അറസ്റ്റ് ചെയ്തു. കാളികാവ് കെ.എ.കെ പടി കുന്നുമ്മല്‍ അബ്ദുള്‍ ഖാദറിനെ(കുഞ്ഞുട്ടി- 50)യാണു നിലമ്പൂര്‍ സി.ഐ ടി. സജീവന്‍ അറസ്റ്റ് ചെയ്തത്. നിലമ്പൂര്‍ സ്വദേശിയായ 19 കാരിയുടെ പരാതിയിലാണ് അറസ്റ്റ്. പാലക്കാട് കേന്ദ്രീകരിച്ചുള്ള ഒരു യതീംഖാനയുടെ പിരിവുകാരനായാണു സ്ത്രീകളെ വലയിലാക്കുന്നത്. മലപ്പുറം, പാലക്കാട് ജില്ലകളിലെ പല സ്ത്രീകളേയും ഇയാള്‍ തട്ടിപ്പു നടത്താനുപയോഗിക്കുന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെട്ടിട്ടുള്ളതായി സൈബര്‍സെല്ലിന്റെ സഹായത്തോടെ പൊലിസ് നടത്തിയ അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.
പ്രായപൂര്‍ത്തിയായ മകളുടെ വിവാഹം എളുപ്പത്തില്‍ നടക്കാന്‍ മന്ത്രവാദ ചികിത്സ നടത്തിയാല്‍ മതിയെന്നും ഇത്തരം ചികിത്സ തനിക്കറിയാമെന്നും പറഞ്ഞു നിലമ്പൂരിലെ മാതാവിനെ ധരിപ്പിച്ചാണു യുവതിയുടെ വീട്ടിലെ മുറിയില്‍ വെച്ച് ഇയാള്‍ പീഡിപ്പിച്ചത്. മാനസിക വൈകല്യവുമുള്ള യുവതികള്‍ ഉള്‍പ്പെടെ നിരവധി സ്ത്രീകളെ ഈ രീതിയില്‍ ഇയാള്‍ പീഡനത്തിനിരയാക്കിയിട്ടുണ്ടെന്ന് അന്വേഷണത്തില്‍ തെളിഞ്ഞതായി പൊലീസ് പറഞ്ഞു. മാനഹാനി ഭയന്ന് ആരും പരാതിപ്പെടാറില്ലാത്തത് ഇയാള്‍ക്ക് ഗുണകരമാവുകയായിരുന്നു. തങ്ങള്‍ എന്നാണ് ഇയാള്‍ സ്വയം പരിചയപ്പെടുത്തുന്നത്. സുഹൃത്തിന്റെ പേരിലെടുത്ത സിം കാര്‍ഡാണ് ഇയാള്‍ മന്ത്രവാദ ചികിത്സ നടത്തുന്ന വീട്ടുകാര്‍ക്കു നല്‍കുന്നത്. ഇയാള്‍ക്കു സ്വന്തം പേരില്‍ സിം കാര്‍ഡ് ഉണ്ടെങ്കിലും ചികിത്സയുടെ കാര്യത്തിനായി ഇത് ഉപയോഗിക്കാറില്ല.
സ്ത്രീകളുടെ വീട്ടില്‍ വെച്ചാണു മന്ത്രവാദ ചികിത്സ നടത്തുന്നത്. മൂന്നു ദിവസങ്ങളിലായി അടച്ചിട്ട മുറിയില്‍ വെച്ചാണു ചികിത്സ. യുവതികളുടെ ദേഹത്തു കയറിയ ജിന്നിനെ അകറ്റാനായുള്ള ചികിത്സയില്‍ ആദ്യത്തെ രണ്ടു ദിവസം വീട്ടിലെ പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടികളേയും യുവതികളോടൊപ്പം മുറിയില്‍ കയറ്റും. മുന്നാം ദിവസം ജിന്ന് ഇറങ്ങി പോവുമെന്നും ഈ സമയം മുറിയില്‍ മറ്റാരും ഉണ്ടാവാന്‍ പാടില്ലെന്നും പറഞ്ഞു മൂന്നാം ദിവസം ചികിത്സ നടത്തുന്ന യുവതിയെ മാത്രമാണ് അടച്ചിട്ട മുറിയില്‍ കയറ്റുക. ഈ ദിവസത്തിലാണു പീഡനമെന്നു പൊലിസ് പറഞ്ഞു.
സി.ഐയെ കൂടാതെ എസ്.ഐ സി.പ്രദീപ് കുമാര്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ എം.മനോജ്, പി.സി.വിനോദ്, ടി. വിനോബ് എന്നിവരും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. നിലമ്പൂര്‍ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. കൂടുതല്‍ അന്വേഷണത്തിന്റെ ഭാഗമായി പ്രതിയെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."