യൂസുഫ് തരിഗാമി ജമ്മു കശ്മീര്‍ മന്ത്രിസഭയിലേക്ക്?; ചര്‍ച്ചക്ക് തയ്യാറെന്ന് സി.പി.എം അറിയിച്ചതായി റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: സി.പി.എം എം.എല്‍.എ യൂസുഫ് തരിഗാമി ജമ്മു കശ്മീര്‍ മന്ത്രിസഭയിലേക്കെന്ന് സൂചന. നാഷണല്‍ കോണ്‍ഫറന്‍സ് ആവശ്യപ്പെട്ടാല്‍ ചര്‍ച്ചക്ക് തയ്യാറെന്ന് സി.പി.എം കേന്ദ്ര നേതൃത്വം വ്യക്തമാക്കിയതായാണ് റിപ്പോര്‍ട്ട്. ജമ്മു കശ്മീരിലെ പ്രത്യേക സാഹചര്യം പരിഗണിച്ചാണ് തീരുമാനം.
കശ്മീരിലെ കുല്‍ഗാം മണ്ഡലത്തില്‍നിന്ന് തുടര്‍ച്ചയായ അഞ്ചാം തവണയാണ് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗമായ തരിഗാമി വിജയിക്കുന്നത്. 1996 ലാണ് കുല്‍ഗാമില്‍നിന്ന് തരിഗാമി ആദ്യമായി തിരഞ്ഞെടുക്കപ്പെട്ടത്. പിന്നീട് 2002, 2008, 2014 വര്‍ഷങ്ങളിലും ജയം ആവര്‍ത്തിച്ചു. ഇത്തവണ ഇന്‍ഡ്യ സഖ്യത്തിന്റെ ഭാഗമായാണ് സി.പി.എം ജമ്മു കശ്മീരില്‍ മത്സരിച്ചത്.
1949ല്‍ ഗുല്‍ഗാമിലെ കര്‍ഷക കുടുംബത്തിലാണ് തരിഗാമി ജനിച്ചത്. ബന്ധുവും കശ്മീരിലെ പ്രധാനപ്പെട്ട കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്ന അബ്ദുല്‍കരീം വാനിയുടെ സ്വാധീനമാണ് തരിഗാമിയെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലേക്ക് ആകര്‍ഷിച്ചത്. സാധാരണക്കാര്‍ക്കിടയില്‍ തരിഗാമിക്കുള്ള സ്വാധീനമാണ് കുല്‍ഗാമിനെ സി.പി.എം കോട്ടയാക്കി മാറ്റിയത്.
ഉമര്‍ അബ്ദുല്ലയെ മുഖ്യമന്ത്രിയാക്കാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന നാഷണല്‍ കോണ്‍ഫറന്‍സ് പാര്‍ട്ടിയുടെ നിയമസഭാ കക്ഷിയോഗം തീരുമാനിച്ചിരുന്നു. സഖ്യകക്ഷിയായ കോണ്‍ഗ്രസിന് എത്ര മന്ത്രിസ്ഥാനമുണ്ടാവുമെന്നതില്‍ തീരുമാനമായിട്ടില്ല. പി.ഡി.പിക്കും മന്ത്രിസഭയില്‍ പ്രാതിനിധ്യമുണ്ടാകുമെന്ന് സൂചനയുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."