കല്ലൂര്‍ കൊമ്പനെ സംരക്ഷിത വന മേഖലയില്‍ തുറന്ന് വിടണം കേന്ദ്ര പ്രൊജക്ട് എലഫന്റ് ഡയരക്ടര്‍ക്ക് കത്ത്
സുല്‍ത്താന്‍ ബത്തേരി: കല്ലൂര്‍ കൊമ്പനെ വയനാട് വന്യജീവി സങ്കേതത്തില്‍ തന്നെ വിശാലമായ പ്രത്യേക പ്രദേശമുണ്ടാക്കി തുറന്ന് വിടണമെന്ന് ആവശ്യം. ഇത് സംബന്ധിച്ച് തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അനിമല്‍ ഹെറിറ്റേജ് ടാസ്‌ക് ഫോഴ്‌സ് സെക്രട്ടറി വി.കെ വെങ്കിടാചലം പ്രൊജക്ട് എലിഫന്റ് ഡയരക്ടര്‍ക്ക്് കത്തയച്ചു. വയനാട് വന്യജീവി സങ്കേതത്തിലെ കുറിച്യാട് റെയ്ഞ്ചില്‍ പെടുന്ന ചെതലയം വെള്ളച്ചാട്ടത്തിന് സമീപം ഇത്തരം സംരക്ഷിത വലയം തീര്‍ക്കാന്‍ കഴിയുന്ന സ്ഥലമുണ്ടെന്നാണ് കത്തില്‍ പറയുന്നത്. ജനവാസ കേന്ദ്രങ്ങളിലും കൃഷിയിടത്തിലും ഇറങ്ങി ഭീതി പടര്‍ത്തിയ കല്ലൂര്‍ കൊമ്പനെ മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് കല്ലൂര്‍ 67ല്‍ വച്ചാണ് മയക്കുവെടി വച്ചു വനം വകുപ്പ് പിടികൂടിയത്. പിന്നീട് ഇങ്ങോട്ട് മുത്തങ്ങയില്‍ സ്ഥാപിച്ച പ്രത്യേക കൂട്ടിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. ആനയെ സ്വാഭാവിക ആവാസവ്യവസ്ഥയില്‍ തുറന്ന് വിടണമെന്ന്് കാണിച്ച് നിഭ നമ്പൂതിരി ഹൈക്കോടതിയില്‍ നല്‍കിയ ഹരജി പരിഗണിക്കുകയും വനം വകുപ്പിനോട് തുറന്ന് വിടുന്നത്് സംബന്ധിച്ച് കോടതി ആരായുകയും ചെയ്തിരുന്നു. ഇതനുസരിച്ച് ഇക്കഴിഞ്ഞ എട്ടിന് വനം വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി മാരാപാണ്ഡ്യന്‍ ഉത്തരവിറക്കുകയായിരുന്നു. എന്നാല്‍ ഉത്തരവ് ഞായറാഴ്ച പറമ്പിക്കുളം പ്രദേശവാസികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് മരവിപ്പിച്ചു. ഇതോടെ മയക്കുവെടിവച്ച് ലോറിയില്‍ കയറ്റിയ കൊമ്പനെ വീണ്ടും മുത്തങ്ങയിലെ കൂട്ടിലാക്കി.
തമിഴ്‌നാടുമായി അതിര്‍ത്തി പങ്കിടുന്ന പറമ്പിക്കുളത്തേക്ക് ആനയെ വാഹനത്തില്‍ കൊണ്ടുപോകുന്നതിന് അനുമതി ലഭിക്കുമോ എന്നറിയാതെയും മയക്കുവെടി വച്ച് 320 കിലോമീറ്ററോളം ലോറിയില്‍ നിറുത്തി കൊണ്ടുപോകാനുള്ള തീരുമാനവും കത്തില്‍ ചോദ്യം ചെയ്യുന്നുണ്ട്. കൂടാതെ ആനയെ പിടികൂടാന്‍ വനം വകുപ്പ് സ്വീകരിച്ച നടപടിയും കത്തില്‍ കുറ്റപ്പെടുത്തുന്നുണ്ട്. ഇതുവരെ എട്ടുതവണയാണ് കല്ലൂര്‍ കൊമ്പനെ മയക്കുവെടിവച്ചത്. ഇത് ആനയുടെ ആരോഗ്യ സ്ഥിതി തന്നെ മോശമാക്കിയിട്ടുണ്ട്.
ഈ സാഹചര്യത്തില്‍ ആനയെ വയനാട് വന്യജീവി സങ്കേതത്തില്‍ തന്നെ പ്രത്യേകമായി വിശാലമായ പ്രദേശം തയ്യാറാക്കി അവിടെ തുറന്നുവിടണം. ചെതലയം വെള്ളച്ചാട്ടത്തിന് സമീപത്തെ 60 ഏക്കര്‍ സ്ഥലം ഇതിന് അനുയോജ്യമാണെന്നും ഇത്തരം എന്‍ക്ലോഷറില്‍ ബന്ധിക്കപെടാതെ ചുറ്റിതിരിഞ്ഞു നടക്കാനും ഇവക്ക്് സാധിക്കുമെന്നും കത്തില്‍ പറയുന്നു. കൂടാതെ വന്യമൃഗ-മനുഷ്യ സംഘര്‍ഷം അറിയാത്ത ഉദ്യോഗസ്ഥര്‍ ഇത്തരം ഉത്തരവുകള്‍ നടത്തുന്നത് ഒഴിവാക്കണമെന്നാണ് കത്തിലെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."