കാണാതായ മകനെയും കാത്ത് ഒറ്റമുറി വീട്ടില്‍ തനിച്ച് സരസ്വതി അമ്മ
പട്ടാമ്പി: ഒറ്റമുറി വീട്ടില്‍ വെള്ളവും വെളിച്ചവും ഇല്ലാതെ ഏകയായി കഴിയുന്ന വയോധികയുടെ ജീവിതം നാടിന്റെ നൊമ്പരമാകുന്നു. നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് കാണാതായ മകന്റെ വരവും കാത്താണ് ഓങ്ങല്ലൂര്‍ പഞ്ചായത്തിലെ വാടനാംകുറുശ്ശി മേഞ്ചത്ര റോഡില്‍ ഒന്‍പതാം വാര്‍ഡിലെ തെക്കേതറ സരസ്വതി അമ്മ (65 )നാളുകളെണ്ണി തീര്‍ക്കുന്നത്. മുതുതല കാരകൂത്ത്്് സ്വദേശിയായ സരസ്വതി അമ്മ ഭര്‍ത്താവ് പ്രഭാകരനോടപ്പം കൊയമ്പത്തൂര്‍ തുണിമില്ലിലാണ് ജോലി ചെയ്തിരുന്നത്. എന്നാല്‍ ഭര്‍ത്താവിന്റെ അപ്രതീക്ഷിത മരണത്തോടെ നാട്ടിലേക്ക്് തിരിച്ച് വന്നതോടെ സരസ്വതി അമ്മക്ക് പിന്നീടുള്ള ജീവിതം ദുരിതമായിരുന്നു.
കുടുംബത്തിന്റെ ദാരിദ്യം കാരണം പെട്രോള്‍ പമ്പിലും ഷൊര്‍ണൂര്‍ റയില്‍വെ പരിസരത്തുള്ള എസ്.ടി.ഡി ബൂത്തുകളിലും ജോലി ചെയ്ത് വാടകക്ക് താമസിച്ച് വരുന്നിടക്കാണ് ഏകമകനായ പ്രേംപ്രകാശി(45)നെ കാണാതാകുന്നത്. മകനെ കാണാതായതോടെ പലസ്ഥലങ്ങളിലും അന്വേഷണവും പൊലിസ് സ്റ്റേഷനുകളിലും പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ല.
ആണ്‍കുട്ടിയല്ലെ എവിടെയെങ്കിലും ജീവിക്കുന്നുണ്ടാകും എന്ന് പറഞ്ഞ് പൊലിസ് തിരിച്ച് അയച്ചുവെന്നും സരസ്വതി അമ്മ പറഞ്ഞു. എങ്കിലും മകന്റെ ഫോട്ടോ കയ്യില്‍ പിടിച്ച് മകന്‍ വരുമെന്ന പ്രതീക്ഷ കൈവിടാതെ കണ്ണീര്‍വാര്‍ക്കുന്നത്. അതെ സമയം വാര്‍ധക്യസഹജമായ ആരോഗ്യ പ്രശ്‌നങ്ങള്‍ വന്നതോടെ നിലവിലെ ജോലിക്ക് പോകാന്‍ സാധിക്കാതെയാണ് സുമനസ്സുകളുടെ സഹായം കാത്ത് ഇപ്പോള്‍ ഒറ്റമുറിവീട്ടില്‍ കഴിയുന്നത്. വിധവ പെന്‍ഷനോ, വാര്‍ധക്യ പെന്‍ഷനോ മറ്റു ആനുകൂല്യങ്ങളൊന്നും ലഭിച്ചില്ലെന്ന പരാതിയും പരിഭവവും മറച്ചുവെക്കുന്നില്ല. അതോടപ്പം മകനെ കണ്ടത്താനുള്ള സുമനസ്സുകളുടെ സഹായവും തേടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."