ഗോ സംരക്ഷകരുടെ അക്രമം; ഗുജറാത്തില്‍ നിന്ന് പശുക്കളെ കൊണ്ടുവരാനുള്ള പദ്ധതി കേരളം ഉപേക്ഷിച്ചു
ന്യൂഡല്‍ഹി: അത്യുല്‍പാദനശേഷിയുള്ള നാടന്‍ പശുക്കളെ ഗുജറാത്തില്‍ നിന്നു കൊണ്ടുവരാനുള്ള പദ്ധതി ഗോ സംരക്ഷകരായ സംഘ്പരിവാറിനെ ഭയന്ന് കേരള സര്‍ക്കാര്‍ ഉപേക്ഷിച്ചു. കഴിഞ്ഞ ജുലൈയില്‍ ഗുജറാത്ത് മൃഗസംരക്ഷണമന്ത്രി ബാബുഭായ് ബൊക്ക്‌റിയയുമായി സംസ്ഥാന മൃഗസംരക്ഷണമന്ത്രി കെ. രാജു നടത്തിയ കൂടിക്കാഴ്ചയിലാണ് കേരളത്തിലേക്ക് പശുക്കളെ കൊണ്ടുവരാന്‍ ധാരണയായത്.
മികച്ച ഉല്‍പാദനശേഷിയുള്ള ഗിര്‍, കാങ്കറേജ് വിഭാഗങ്ങളില്‍പെട്ട 200 പശുക്കളെ കേരളത്തിനു ലഭ്യമാക്കുന്നതായിരുന്നു പദ്ധതി. ഇതുവഴി കേരളത്തിലെ ക്ഷീരവ്യവസായം ശക്തിപ്പെടുത്താമെന്നും കേരളം കണക്കുകൂട്ടിയിരുന്നു.
പശുക്കളെ സുരക്ഷിതമായി കേരളത്തിലെത്തിക്കുന്നതിനുള്ള സാങ്കേതികസഹായം നല്‍കാമെന്നും ഗുജറാത്ത് സര്‍ക്കാര്‍ അറിയിച്ചിരുന്നു. പശുക്കളെ സുരക്ഷിതമായി കൊണ്ടുവരാന്‍ ഗുജറാത്ത് സര്‍ക്കാരിനു പുറമെ മഹാരാഷ്ട്രയോടും കേരളം സഹായം അഭ്യര്‍ഥിച്ചിരുന്നു.
എന്നാല്‍ പശുസംരക്ഷണത്തിന്റെ പേരില്‍ ഉത്തരേന്ത്യയില്‍ സംഘ്പരിവാര്‍ അഴിച്ചുവിടുന്ന അക്രമങ്ങള്‍ ഭയന്ന് ഗുജറാത്ത് സര്‍ക്കാരുമായുള്ള കരാര്‍ കേരളം വേണ്ടെന്നു വയ്ക്കുകയായിരുന്നു.
കരാറില്‍ നിന്ന് കേരളം പിന്‍മാറിയ കാര്യം മന്ത്രിയുടെ ഓഫിസ് സ്ഥിരീകരിച്ചു.
ഉത്തരേന്ത്യയില്‍ വര്‍ധിച്ചുവരുന്ന ഗോസംരക്ഷകരുടെ അക്രമം മൂലം പശുക്കളെ സുരക്ഷിതമായി കേരളത്തിലെത്തിക്കുന്നതില്‍ ആശങ്ക ഉണ്ടെന്ന് മന്ത്രിയുടെ ഓഫിസ് അറിയിച്ചു.
ട്രെയിന്‍ വഴി പശുക്കളെകൊണ്ടുവരുന്നതിനെ കുറിച്ച് ആലോചിക്കും. അത് സാധ്യമാകുമെന്നു കണ്ടാല്‍ ഇതുസംബന്ധിച്ച് ഗുജറാത്ത് സര്‍ക്കാരുമായി ആലോചിക്കുമെന്ന് മന്ത്രി രാജു പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."