അധ്യാപകര്‍ക്ക് പൊതു സ്ഥലംമാറ്റത്തിന് അപേക്ഷിക്കാം
പൊതുവിദ്യാഭ്യസ വകുപ്പിലെ സര്‍ക്കാര്‍ ഹൈസ്‌കൂള്‍ അധ്യാപകര്‍, പ്രൈമറി വിഭാഗം പ്രഥമാധ്യപകര്‍, പ്രൈമറി അധ്യാപകര്‍ എന്നിവരുടെ 2017-18 അധ്യയന വര്‍ഷത്തേക്കുള്ള പൊതു സ്ഥലമാറ്റത്തിന് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈന്‍ മുഖേനയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.
14 റവന്യൂ ജില്ലകളിലും അടുത്ത അധ്യയന വര്‍ഷത്തില്‍ ഉണ്ടായേക്കാവുന്ന ഒഴിവുകളില്‍ അര്‍ഹരായ അധ്യാപകര്‍ക്കു സ്ഥലംമാറ്റം ലഭിക്കും. കോമണ്‍പൂളില്‍ ഉള്‍പ്പെട്ട അധ്യാപകരുടെ പൊതുസ്ഥലംമാറ്റം പൂര്‍ത്തിയായ ശേഷം പഞ്ചായത്ത് സ്‌കൂളുകളില്‍ ബാക്കിയുള്ള ഒഴിവുകള്‍ ഓണ്‍ലൈന്‍ പൊതു സ്ഥലംമാറ്റത്തിനു മാറ്റിവയ്ക്കും. ഓണ്‍ലൈന്‍ മുഖേന സമര്‍പ്പിക്കുന്ന അപേക്ഷകള്‍ ഹെഡ്മാസ്റ്റര്‍ തലത്തിലും വിദ്യാഭ്യാസ ഉപഡയറക്ടര്‍ തലത്തിലും പരിശോധന നടത്തിയ ശേഷം ഓണ്‍ലൈന്‍ ട്രാന്‍സ്ഫറനായി പരിഗണിക്കും. അപേക്ഷകന് ഒരു അപേക്ഷ മാത്രമേ രജിസ്റ്റര്‍ ചെയ്യാന്‍ അനുവാദമുള്ളൂ.
2017 മാര്‍ച്ച് രണ്ടിനു വൈകിട്ട് അഞ്ചുവരെയാണ് അപേക്ഷ രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള സമായം. അച്ചടക്ക നടപടിയുടെ ഭാഗമായി സ്ഥലംമാറ്റം ലഭിച്ച അധ്യാപകരില്‍നിന്നു മൂന്നു വര്‍ഷത്തേക്കു നടപടിക്കു വിധേയമായ സമയത്തു ജോലി ചെയ്തിരുന്ന സ്‌കൂളിലേക്കു സ്ഥലംമാറ്റത്തിന് അപേക്ഷ സ്വീകരിക്കില്ല. സ്ഥലംമാറ്റത്തിനുള്ള മുഖ്യപരിഗണന പ്രസ്തുത തസ്തികയിലെ സേവന ദൈര്‍ഘ്യം(സീനിയോറിറ്റി) ആണ്. സഹതാപാര്‍ഹമായ സ്ഥലംമാറ്റം പ്രസ്തുത തസ്തികയിലേക്കു നല്‍കപ്പെടുന്ന ആകെ എണ്ണത്തിന്റെ പത്തു ശതമാനത്തില്‍ താഴെയായിരിക്കും. ഹൈസ്‌കൂള്‍ അധ്യാപകരായിരുന്ന പ്രൈമറി വിഭാഗം പ്രഥമ അധ്യാപകര്‍ക്ക് സ്വന്തം താല്‍പര്യപ്രകാരം ഹൈസ്‌കൂള്‍ അധ്യാപക തസ്തികയിലേക്ക് സ്ഥലംമാറ്റം അനുവദിക്കും.
സ്ഥലംമാറ്റം ആഗ്രഹിക്കുന്ന പരമാവധി പത്തു സ്ഥാപനങ്ങളുടെ പേര് മുന്‍ഗണനാ ക്രമത്തിലാണ് അപേക്ഷയില്‍ നല്‍കേണ്ടത്. ഇതിനായി ജൂണ്‍ ഒന്നു വരെ ഉണ്ടാകുന്ന ഒഴിവുകളെ സംബന്ധിച്ച വിവരം വെബ്‌സൈറ്റില്‍ ലഭ്യമാക്കിയിട്ടുണ്ട്. ഒരു സ്ഥാപനത്തിലെ സ്ഥലംമാറ്റം മൂലമുണ്ടാകുന്ന ഒഴിവുകളിലേക്കും പിന്നീട് ഉണ്ടാകാന്‍ സാധ്യതയുള്ള ഒഴിവുകളിലേക്കും അപേക്ഷ നല്‍കാം. അപേക്ഷ പ്രകാരം സ്ഥലംമാറ്റം ലഭിച്ചാല്‍ അതു റദ്ദു ചെയ്യാന്‍ അനുവാദമില്ല.
ഓണ്‍ലൈന്‍ സ്ഥലംമാറ്റം സംബന്ധിച്ചുള്ള സാങ്കേതികമായ സംശയ നിവാരണത്തിനായി എ.ടി അറ്റ് സ്‌കൂള്‍ പ്രൊജക്ടിലും(0471 2324800, 0471 2529800) മറ്റു പൊതുവായ സംശയ നിവാരണത്തിന് ബന്ധപ്പെട്ട വിദ്യാഭ്യാസ ഉപ ഡയറക്ടറുടെ കാര്യാലയത്തിലോ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിലോ (0471 2580513) ബന്ധപ്പെടുക. കൂടുതല്‍ വിവരങ്ങള്‍ക്ക് www.transferandposting.in.
പ്രത്യേകം ഓര്‍ക്കുക
അപേക്ഷ സ്വീകരിക്കുന്ന തിയതി: 2017 ഫെബ്രുവരി 20 മുതല്‍ മാര്‍ച്ച് രണ്ടുവരെ
സ്കൂള്‍ തലത്തിലും വിദ്യാഭ്യാസ ഉപജില്ലാ തലത്തിലും അപേക്ഷ പരിശോധിക്കുന്നതിനു അനുവദിച്ച സമയം: മാര്‍ച്ച് ആറു മുതല്‍ പത്തുവരെ
ഒാരോ ജില്ലകളിലും ലഭിച്ച അപേക്ഷകളുടെ സീനിയോറിറ്റി അടങ്ങിയ സംക്ഷിപ്ത രൂപം പ്രസിദ്ധീകരിക്കേണ്ടത്: മാര്‍ച്ച് 13 മുതല്‍ 17 വരെ
അപേക്ഷകര്‍ക്ക് ആക്ഷേപം സമര്‍പ്പിക്കാനുള്ള സമയം: മാര്‍ച്ച് 22 മുതല്‍ 27 വരെ
പ്രൈമറി പ്രഥമാധ്യാപകരുടെ അന്തിമ സ്ഥലംമാറ്റ ഉത്തരവ് പുറപ്പെടുവിക്കല്‍: ഏപ്രില്‍ നാലിന്
ഹൈസ്‌കൂള്‍ അധ്യാപകര്‍, പ്രൈമറി അധ്യാപകരുടെ അന്തിമ സ്ഥലംമാറ്റ ഉത്തരവ് പുറപ്പെടുവിക്കല്‍: ഏപ്രില്‍ 24ന്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."