നാഥനില്ലാതെ കോട്ടപ്പടി താലൂക്ക് ആശുപത്രി; ഒഴിവുകള്‍ നികത്തണമെന്ന് മാനേജ്മെന്റ് കമ്മിറ്റി
മലപ്പുറം: കോട്ടപ്പടി താലൂക്ക് ആശുപത്രിയിലെ വിവിധ തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നു. ആശുപത്രി സൂപ്രണ്ട്, മെഡിക്കല്‍ കണ്‍സെള്‍ട്ടന്റ്, ജൂനിയര്‍ ഡോക്ടര്‍, എക്സ്റേ ടെക്നീഷ്യന് തുടങ്ങിയ തസ്തികകളില്‍ ആളില്ലാത്തതിനാല്‍ ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ താളംതെറ്റിയ നിലയിലാണ്. ഒഴിവുകള്‍ നികത്തണമെന്നാവശ്യപ്പെട്ട് ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി ഭാരവാഹികള്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ കെ. സക്കീനയ്ക്കു നിവേദനം നല്കി. ആശുപത്രിയില്‍ അടിയന്തിര പ്രാധാന്യത്തോടെ നിയമനം നടത്തണമെന്നു ഭാരവാഹികള്‍ ആവശ്യപ്പെട്ടു. ഡി.എം.ഒയെ പങ്കെടുപ്പിച്ച് എച്ച്.എം.സി യോഗം ചേരാന്‍ മലപ്പുറം നഗരസഭാ കൗണ്‍സില്‍ യോഗം തീരുമാനിച്ചിരുന്നു. എന്നാല്‍, നിലവിലുണ്ടായിരുന്ന ജില്ലാ മെഡിക്കല്‍ ഓഫിസര്‍ സ്ഥലംമാറിപ്പോകുകയും പുതിയ ഡി.എം.ഒ ചുമതലയേല്‍ക്കുകയും ചെയ്തതോടെ എച്ച്.എം.സി യോഗത്തിന് ശേഷം അംഗങ്ങളെല്ലാം ജില്ലാ മെഡിക്കല്‍ ഓഫിസിലേക്ക് എത്തുകയായിരുന്നു.
താലൂക്ക് ആശുപത്രിയിലുള്ള ഒരു ഡോക്ടറെ മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് വര്‍ക്ക് അറേഞ്ച്മെന്റിന്റെ ഭാഗമായി മാറ്റിയതും പ്രയാസം ഇരട്ടിപ്പിച്ചിട്ടുണ്ട്. ഡിസംബര്‍ ഒന്നുമുതല്‍ എക്സറേ ടെക്നീഷ്യന്റെ ഒഴിവുമുണ്ട്. കാര്യങ്ങള്‍ സര്‍ക്കാരിനെ അറിയിക്കുമെന്ന് ഡി.എം.ഒ ഉറപ്പുനല്‍കി. നഗരസഭാ ചെയര്‍പേഴ്സണ്‍ സി.എച്ച് ജമീല, വൈസ് ചെയര്മാന് പെരുമ്പള്ളി സൈത്, ഹാരിസ് ആമിയന്‍, എച്ച്.എം.സി മെമ്പര്‍മാരായ ഉപ്പൂടന്‍ ഷൗക്കത്ത്, റഹീസ് കളപ്പാടന്‍, നൗഷാദ് കളപ്പാടന്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് ജില്ലാ മെഡിക്കല്‍ ഓഫിസറെ കണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."