ബാസ്ക്കറ്റ്ബോളില്‍ കേരളത്തിന് സ്വര്‍ണം ഹരിയാനയ്ക്ക് കിരീടം
ന്യൂഡല്‍ഹി: ഖേലോ ഇന്ത്യ ദേശീയ സ്കൂള്‍ ഗെയിംസിന്റെ അവസാന ദിനത്തില്‍ ഒരു സ്വര്‍ണമടക്കം കേരളത്തിന് മൂന്ന് മെഡലുകള്‍. പെണ്‍കുട്ടികളുടെ ബാസ്ക്കറ്റ്ബോള്‍ പോരാട്ടത്തില്‍ കേരളം 90-47 എന്ന സ്കോറിന് ഹരിയാനയെ തകര്‍ത്താണ് സുവര്‍ണ നേട്ടത്തിലെത്തിയത്.
പ്രഥമ ഖേലോ ഇന്ത്യ സ്കൂള്‍ ഗെയിംസ് പോരാട്ടത്തില്‍ ഹരിയാന ചാംപ്യന്മാരായി. 38 സ്വര്‍ണം 26 വെള്ളി 38 വെങ്കലം മെഡലുകള്‍ ഉള്‍പ്പെടെ 102 മെഡലുകള്‍ നേടിയാണ് ടീമിന്റെ നേട്ടം. 110 മെഡലുകളുമായി മഹാരാഷ്ട്ര വെള്ളിയും 94 മെഡലുകളുമായി ഡല്‍ഹി മൂന്നാമതും എത്തി.
ആണ്‍കുട്ടികളുടെ ഖൊ-ഖൊയില്‍ കേരളം ഫൈനലില്‍ തോല്‍വി വഴങ്ങി വെള്ളി മെഡല്‍ നേട്ടമാണ് സ്വന്തമാക്കിയത്. മഹാരാഷ്ട്രക്കെതിരായ പോരാട്ടത്തില്‍ 11-10 എന്ന സ്കോറിന് കേരളം പൊരുതി വീഴുകയായിരുന്നു.
പെണ്‍കുട്ടികളുടെ 80 കിലോയ്ക്ക് മുകളിലുള്ള ബോക്സിങ് പോരാട്ടത്തിലാണ് അവസാന ദിനത്തില്‍ കേരളത്തിന്റെ മൂന്നാം മെഡല്‍. കേരളത്തിനായി മത്സരിച്ച അഞ്ജന രാജീവ് സെമി ഫൈനല്‍ പോരാട്ടത്തില്‍ രാജസ്ഥാന് താരം ലിപാക്ഷിയോട് പരാജയപ്പെട്ടെങ്കിലും വെങ്കലം ഉറപ്പാക്കി. നേരത്തെ കേരളത്തിനായി 75 കിലോയില്‍ ഡലേന ബിജു സ്വര്‍ണം നേടിയിരുന്നു.
പെണ്‍കുട്ടികളുടെ 70 കിലോ ജൂഡോ പോരാട്ടത്തില്‍ കേരളത്തിനായി ജ്യോത്സന വെങ്കലം നേടി. ആണ്‍കുട്ടികളുടെ വോളി ബോളില്‍ കേരളം രണ്ടിനെതിരേ മൂന്ന് സെറ്റുകള്‍ക്ക് ഉത്തരാഖണ്ഡിനെ വീഴ്ത്തി വെങ്കലം നേടി.
ആണ്‍കുട്ടികളുടെ 100 മീറ്റര്‍ ബ്രെസ്റ്റ് സ്ട്രോക്കില്‍ ജഗന്നാഥനും 200 മീറ്റര്‍ ഫ്രീസ്റ്റൈലില്‍ എം വസുറാമും കേരളത്തിനായി വെള്ളി നേടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."