ഒപ്പത്തിനൊപ്പം; കേരള ബ്ലാസ്റ്റേഴ്‌സ്- എ.ടി.കെ മത്സരം സമനില
കൊല്‍ക്കത്ത: അടിക്ക് തിരിച്ചടി നല്‍കി നിലവിലെ ചാംപ്യന്‍മാരും രണ്ടാം സ്ഥാനക്കാരും ഏറ്റുമുട്ടിയപ്പോള്‍ മത്സരം ഒപ്പത്തിനൊപ്പം. ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ നിര്‍ണായക പോരാട്ടത്തിനിറങ്ങിയ കേരള ബ്ലാസ്റ്റേഴ്‌സും അമ്ര ടീം കൊല്‍ക്കത്ത (എ.ടി.കെ)യും രണ്ട് ഗോള്‍ വീതം നേടി 2-2ന് സമനിലയില്‍ പിരിഞ്ഞു. കൊച്ചിയില്‍ നടന്ന ഐ.എസ്.എല്‍ പോരാട്ടത്തിന്റെ ഉദ്ഘാടന മത്സരത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ ഗോള്‍രഹിതമായി സമനിലയില്‍ അവസാനിച്ചിരുന്നു. രണ്ടാം വട്ടം നേര്‍ക്കുനേര്‍ വന്നപ്പോള്‍ ഇരു പക്ഷവും രണ്ട് ഗോള്‍ വീതം നേടിയത് മാത്രമാണ് വ്യത്യാസമുണ്ടായത്. മത്സരം സമനിലയില്‍ അവസാനിച്ചതോടെ സെമി പ്രതീക്ഷ നിലനിര്‍ത്താന്‍ ബ്ലാസ്റ്റേഴ്‌സിന് അടുത്ത മത്സരങ്ങളില്‍ വിജയവും മറ്റ് ടീമുകളുടെ ഫലങ്ങളും ആശ്രയിക്കേണ്ട നിര്‍ണായക അവസ്ഥ കൈവന്നു. മറുഭാഗത്ത് എ.ടി.കെയുടെ അടുത്ത ഘട്ടത്തിലേക്കുള്ള സാധ്യതകള്‍ ഏതാണ്ട് അസ്തമിച്ച അവസ്ഥയിലുമായി. വിജയത്തോടെ ബ്ലാസ്റ്റേഴ്‌സ് അഞ്ചാം സ്ഥാനത്തേക്ക് കയറി. മാറ്റമില്ലാതെ എട്ടാം സ്ഥാനത്ത് തുടരുന്ന എ.ടി.കെ.
പരുക്കേറ്റ് പുറത്തിരിക്കുന്ന സൂപ്പര്‍ താരം ഇയാന്‍ ഹ്യൂം, സസ്‌പെന്‍ഷനെ തുടര്‍ന്ന് പുറത്തായ ക്യാപ്റ്റന്‍ സന്ദേശ് ജിങ്കന്‍ എന്നിവരുടെ അഭാവത്തിലാണ് ജീവന്‍മരണ പോരിനായി ബ്ലാസ്റ്റേഴ്‌സ് കളത്തിലിറങ്ങിയത്. വെസ് ബ്രൗണ്‍ നായകനായപ്പോള്‍ വെറ്ററന്‍ ഇതിഹാസം ദിമിത്രി ബെര്‍ബറ്റോവ് ആദ്യ ഇലവനില്‍ ഉള്‍പ്പെട്ടു. ബ്ലാസ്റ്റേഴ്‌സിനായി ഗുഡ്‌ജോണ്‍ ബാള്‍ഡ്‌വിന്‍സനും ദിമിത്രി ബെര്‍ബറ്റോവുമാണ് വല ചലിപ്പിച്ചത്. ഇരുവരുടേയും പ്രഥമ ഐ.എസ്.എല്‍ ഗോള്‍ കൂടിയാണിത്. എ.ടി.കെയ്ക്കായി റ്യാന്‍ ടെയ്‌ലര്‍, ടോം തോര്‍പ് എന്നിവരാണ് ഗോള്‍ നേടിയത്.
സൂപ്പര്‍ താരങ്ങളുടെ അഭാവത്തില്‍ ടീമിനെയിറക്കേണ്ടി വന്ന ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ ഡേവിഡ് ജെയിംസ് കളത്തില്‍ നടപ്പാക്കിയത് 3-1-4-2 ശൈലിയായിരുന്നു. പ്രതിരോധത്തില്‍ വെസ് ബ്രൗണ്‍, ലാല്‍റുവതാര, ലാകിച് പെസിച് എന്നിവര്‍ അണി നിരന്നു. ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍ റോളില്‍ മിലന്‍ സിങ്. ബെര്‍ബറ്റോവ്, പെകുസന്‍, പ്രശാന്ത്, ജാക്കിചന്ദ് സിങ് എന്നിവര്‍ മധ്യനിരയിലും അണിനിരന്നു. ഗുഡ്‌ജോണ്‍, വിനീത് എന്നിവരായിരുന്നു മുന്നേറ്റത്തില്‍. പന്തടക്കത്തില്‍ ബ്ലാസ്റ്റേഴ്‌സ് മുന്നില്‍ നിന്നെങ്കിലും അവസരം സൃഷ്ടിക്കുന്നതിലും മറ്റും ഇരു ടീമുകളും ഒപ്പമായിരുന്നു. കളിയുടെ തുടക്കം മുതല്‍ ബ്ലാസ്റ്റേഴ്‌സ് ആക്രമിച്ച് മുന്നേറി. മറുഭാഗത്ത് നിന്ന് എ.ടി.കെയും കട്ടയ്ക്ക് നിന്നു.
തുടക്കത്തിലെ ആക്രമണത്തിന്റെ ഫലം 33ാം മിനുട്ടില്‍ ബ്ലാസ്റ്റേഴ്‌സിന് ഗോളിന്റെ രൂപത്തില്‍ ലഭിച്ചു. ഇടത് കോര്‍ണറിന്റെ ഭാഗത്ത് നിന്ന് മലയാളി താരം പ്രശാന്ത് പാകത്തില്‍ പൊക്കിയിട്ട പന്തിനെ ഹെഡ്ഡ് ചെയ്ത് കൊല്‍ക്കത്തന്‍ വലയിലേക്കിട്ട് ഗുഡ്‌ജോണ്‍ ബ്ലാസ്റ്റേഴ്‌സിന് ലീഡൊരുക്കി. കളിയില്‍ ആദ്യ ഗോള്‍ നേടി ബ്ലാസ്റ്റേഴ്‌സ് ആധിപത്യംസ്ഥാപിച്ചു. എന്നാല്‍ ഈ ആഹ്ലാദത്തിന് അഞ്ച് മിനുട്ടിന്റെ ആയുസേയുണ്ടായിരുന്നുള്ളു. 38ാം മിനുട്ടില്‍ എ.ടി.കെയുടെ സമനില ഗോള്‍. റ്യാന്‍ ടെയ്‌ലറാണ് കൊല്‍ക്കത്തയെ ഒപ്പമെത്തിച്ചത്.
രണ്ടാം പകുതിയിലും കളി തുല്ല്യ ശക്തിയില്‍ തന്നെ മുന്നേറി. രണ്ടാം പകുതി തുടങ്ങി പത്ത് മിനുട്ട് പിന്നിട്ടപ്പോള്‍ ദിമിത്രി ബെര്‍ബറ്റോവ് ടൂര്‍ണമെന്റിലെ തന്റെ ആദ്യ ഗോള്‍ വലയിലാക്കി ബ്ലാസ്റ്റേഴ്‌സിനെ വീണ്ടും മുന്നില്‍ കടത്തി. ലാകിച് പെസിച് നല്‍കിയ പാസില്‍ നിന്നാണ് വെറ്ററന്‍ ഇതിഹാസം തന്റെ കന്നി ഐ.എസ്.എല്‍ ഗോള്‍ വലയിലാക്കിയത്. കളി മുന്നേറവേ ജിങ്കനില്ലാത്ത ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തിന് സമ്മര്‍ദ്ദങ്ങള്‍ സമ്മാനിച്ച് എ.ടി.കെയുടെ മുന്നേറ്റം. അതിന്റെ ഫലം 75ാം മിനുട്ടില്‍ സമനില ഗോളിലൂടെ അവര്‍ അനുഭവിക്കുകയും ചെയ്തു. ആദ്യ ഗോള്‍ നേടിയ റ്യാന്‍ ടെയ്‌ലര്‍ രണ്ടാം ഗോളിന് അവസരമൊരുക്കി. ലഭിച്ച അവസരം കൃത്യമായി മുതലാക്കി ടോം തോര്‍പ് ടീമിനെ ഒപ്പമെത്തിച്ചു. ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തിന്റെ കണക്കുകൂട്ടലില്‍ വന്ന പിഴവാണ് ഗോളിന് വഴിയൊരുക്കിയത്. പിന്നീട് ഇര ു പക്ഷവും ഗോള്‍ വഴങ്ങാതെ പിടിച്ചുനിന്നു. അതേസമയം 90 മിനുട്ടും കഴിഞ്ഞ് അധികമായി ലഭിച്ച മൂന്ന് മിനുട്ടിനിടെ ബ്ലാസ്റ്റേഴ്‌സ് വിജയ ഗോള്‍ നേടിയെന്ന് തോന്നിപ്പിച്ചെങ്കിലും അത് ഫലം കണ്ടില്ല. തൊട്ടുപിന്നാലെ മത്സരം അവസാനിച്ചുള്ള ലോങ് വിസിലും മുഴങ്ങി. ഇരു പക്ഷവും നിര്‍ണായക മത്സരത്തില്‍ വിജയിക്കാതെ കൂടാരം കയറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."