പള്ളിക്കല്‍പുഴ പാടശേഖരം കര്‍ഷക കൂട്ടായ്മയില്‍ ജൈവസമൃദ്ധി
കിളിമാനൂര്‍ : പള്ളിക്കല്‍ ഗ്രാമ പഞ്ചായത്തിലെ പള്ളിക്കല്‍ പുഴ പാടശേഖരത്തില്‍ കര്‍ഷകരുടെ കൂട്ടായ്മയില്‍പച്ചക്കറികളുടെ ജൈവസമൃദ്ധി. കര്‍ഷകര്‍ കൈകോര്‍ത്താല്‍ കൃഷി മികവുറ്റതാക്കാം എന്ന് തെളിയിക്കുകയാണ് പള്ളിക്കല്‍പുഴ പാടത്തെ തളിരുടുന്ന പച്ചക്കറികള്‍.
പള്ളിക്കല്‍ പകല്‍ക്കുറി നിവാസികളായ നൗഷാദ്, സീനത്ത്, സബീന, ഹാഷിം, തുളസീഭായി അമ്മ എന്നീ ജൈവകര്‍ഷകരുടെ കൂട്ടായ്മയിലാണ് പള്ളിക്കല്‍ പുഴയിലെ അഞ്ചുഹെക്ടര്‍ പ്രദേശത്ത് പച്ചക്കറികൃഷി ആരംഭിച്ചത്. ഒപ്പം പള്ളിക്കല്‍പുഴപാടശേഖരത്തിന്റെ മറ്റൊരു നാല് ഹെക്ടറില്‍ ഇവര്‍ക്ക് നെല്‍കൃഷിയുമുണ്ട്. കിളിമാനൂര്‍ ഏരിയാപരിധിയിലെ മറ്റൊരിടത്തും കാണാനാകാത്ത വിധം വൈവിധ്യമാര്‍ന്ന പച്ചക്കറികളാണ് ഇവിടെ കൃഷിചെയ്യുന്നത്.
വിവിധ തരത്തിലുള്ള പാവലുകള്‍, ചീര, മീറ്റര്‍പയര്‍, മുളക്, വെള്ളരി, സാലഡ് വെള്ളരി, പടവലം, ചുരക്ക, മത്തന്‍, മരച്ചീനി, കാബേജ്, കോളിഫഌവര്‍ എന്നുവേണ്ട ഒരുവീട്ടിലേക്ക് ആവശ്യമായ ഒട്ടുമിക്ക പച്ചക്കറികളും ഈ പാടശേഖരത്തില്‍ വിളയിച്ചെടുക്കുന്നുണ്ട്.
ഒപ്പം കപ്പ, നേന്ത്രന്‍, പൂവന്‍, രസകദളി, പാളയന്‍തോടന്‍ എന്നീ വാഴകളും ഇവിടെ യഥേഷ്ടം കൃഷിയുണ്ട്. കൃഷി എത്രചെയ്യാനും തങ്ങള്‍ ഒരുക്കമാണെന്നും എന്നാല്‍ തങ്ങളുടെ ഉല്‍പന്നങ്ങള്‍ക്ക് മെച്ചപ്പെട്ട വില ലഭിക്കാനും, സ്ഥിരം സാധനങ്ങല്‍ സംഭരിക്കാനുമായി പ്രദേശത്ത് ഒരു കാര്‍ഷികവിപണിയില്ലെന്ന കര്‍ഷകരുടെ ആശങ്ക നിലനില്‍ക്കുന്നുണ്ട്. ടണ്‍കണക്കിന് ജൈവപച്ചക്കറികള്‍ ഉല്‍പാദിപ്പിക്കുന്ന ഈ കൂട്ടായ്മ മറ്റുള്ളവര്‍ക്ക് മാതൃകയാണ്.
പള്ളിക്കല്‍ പുഴയിലെ ഈ മാതൃക മേഖല മുഴുവന്‍ പിന്തുടര്‍ന്നാല്‍ തമിഴ് നാടിനെ ആശ്രയിക്കേണ്ടിവരില്ല. ഇതിനായി കര്‍ഷകര്‍ക്ക് ആവശ്യമായ എല്ലാ സഹായവും പ്രാദേശിക ഭരണകൂടത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടാകേണ്ടതുണ്ട് . ഇവരുടെ കൃഷിഭൂമിയുടെ സമീപത്ത്കൂടി ഒഴുകുന്ന പള്ളിക്കല്‍പുഴയില്‍ തടയണ നിര്‍മ്മിക്കാനായാല്‍ വര്‍ഷം മുഴുവന്‍ കൃഷിചെയ്യാനുള്ള വെള്ളം ലഭിക്കും.
പണ്ട്കാലത്ത് ഇവിടെഉണ്ടായിരുന്ന താല്‍കാലിക തടയണ പൊട്ടിയത് വേനല്‍കാലത്ത് കൃഷിക്ക് വലിയ തിരിച്ചടി നേരിടുന്നുണ്ട്.സംസ്ഥാന സര്‍ക്കാരിന്റെ ഹരിതകേരളം പദ്ധതിയിലുള്‍പ്പെടുത്തി സാധ്യമായ എല്ലാ സഹായവും കര്‍ഷകര്‍ക്ക് നല്‍കാനുള്ള ശ്രമങ്ങള്‍ ഉണ്ടായാലേ വിജയിക്കാന്‍ കഴിയൂ .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."