പൊന്നോമനകള്‍ ഇനി ഓര്‍മ
ഇരിട്ടി: ചമതച്ചാല്‍ പുഴയില്‍ കുളിക്കുന്നതിനിടെ മുങ്ങിമരിച്ച അഞ്ചു കുരുന്നുകള്‍ക്ക് നാടിന്റെ യാത്രാമൊഴി. ശനിയാഴ്ച വൈകുന്നേരമാണ് ചമതച്ചാല്‍ പുഴയില്‍ സഹോദരങ്ങളുടെ മക്കളായ സെഫാന്‍, ഒറിജിന്‍, അഖില്‍, ആയല്‍ മാനിക് തുടങ്ങി അഞ്ച് കുരുന്നുകളുടെ ജീവന്‍ അകാലത്തില്‍ പൊലിഞ്ഞത്. പോസ്റ്റുമോര്‍ട്ടം ഒഴിവാക്കി പരിയാരം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹങ്ങള്‍ ഇന്നലെ പയ്യാവൂരിലെത്തിച്ചു. തുടര്‍ന്ന് മാനിക്, അഖില്‍, ആയല്‍ എന്നിവര്‍ പഠിക്കുന്ന പയ്യാവൂര്‍ സേക്രഡ് ഹാര്‍ട്ട് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പൊതുദര്‍ശനത്തിനു വച്ചു. രാവിലെ മുതല്‍ ഇവിടേക്കു ജനങ്ങള്‍ എത്തിതുടങ്ങിയിരുന്നു. മൃതദേഹങ്ങളുമായി ആംബുലന്‍സുകളെത്തിയപ്പോഴേക്കും സ്‌കൂള്‍ അങ്കണവും പരിസരവും ജനനിബിഡമായി. സഹപാഠികള്‍ സ്‌കൂള്‍ യൂണിഫോമില്‍ പൂക്കളുമായാണു തങ്ങളുടെ കൂട്ടുകാരെ അവസാനമായി കാണാനെത്തിയത്. സ്‌കൂളിലെ ബാന്‍ഡ് സംഘം ശോകബാന്‍ഡ് വായിച്ച് അന്തിമോപചാരമര്‍പ്പിച്ചു.
കൂട്ടത്തില്‍ ഇളയവനായ ഏഴു വയസുകാരന്‍ സെഫാനും മൂത്തവനായ 15കാരന്‍ അഖിലും ഉള്‍പ്പെടെ അഞ്ചുപേരും പഠനവും കളിയുമെല്ലാം ഒരുമിച്ചായിരുന്നു. അവസാനമായി കുരുന്നുകള്‍ക്കു യാത്രാമൊഴിയേകാന്‍ എത്തിയവരെല്ലാം കുട്ടികളുടെ കളിചിരികള്‍ ഓര്‍ത്തെടുത്ത് വിതുമ്പി. സംസ്‌കാര ചടങ്ങിനുശേഷം ദേവാലയ അങ്കണത്തില്‍ സര്‍വകക്ഷി അനുശോചനയോഗവും നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."