യു.പി തെരഞ്ഞെടുപ്പ്: പ്രിയങ്കാ ഗാന്ധി പ്രചരണത്തിനിറങ്ങാത്തതിന്റെ രഹസ്യം സ്മൃതി ഇറാനിക്കറിയാം
അമേഠി: ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് വരുമ്പോള്‍ പ്രിയങ്കാ ഗാന്ധിയുടെ പേരാണ് ഏറ്റവും കൂടുതല്‍ ഉയര്‍ന്നു കേട്ടത്. നടന്നുകൊണ്ടിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ എസ്.പിയുമായി സഖ്യമുണ്ടാക്കിയാണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്.
ഈ സഖ്യത്തിന് മുഖ്യ പങ്കുവഹിച്ച പ്രിയങ്കാ ഗാന്ധി തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ സജീവമാകുമെന്നാണ് കരുതിയതെങ്കിലും അതുണ്ടായില്ല. അതിന്റെ കാരണം തേടി ഇറങ്ങിയിരിക്കുകയാണ് കേന്ദ്രമന്ത്രി സ്മൃതി ഇറാനി.
കോണ്‍ഗ്രസിന്റെ പ്രധാന മണ്ഡലമായ അമേഠിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിനിടെയാണ് സ്മൃതി തന്റെ വീക്ഷണം പറഞ്ഞത്. പ്രിയങ്കാ ഗാന്ധി ഇവിടെ പ്രചരണത്തിനിറങ്ങാത്തത് ജനങ്ങളുടെ ചോദ്യം ഭയന്നിട്ടാണെന്നാണ് അവര്‍ കണ്ടെത്തിയിരിക്കുന്നത്.
2014 ലോക്സഭാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിക്കെതിരെ സ്മൃതി ഇറാനി മത്സരിച്ച് തോറ്റ മണ്ഡലമാണ് അമേഠി. അതുകൊണ്ടു തന്നെ രാഹുലിനേയും പ്രിയങ്കയേയും ചേര്‍ത്താണ് സ്മൃതി ആക്രമണം നടത്തുന്നതു തന്നെ.
വാഗ്ദാനങ്ങള്‍ പാലിക്കാനാവാത്തതിനാലാണ് അമേഠിയില്‍ പ്രിയങ്ക ഇറങ്ങാത്തതെന്നും സ്മൃതി പറഞ്ഞു. എസ്.പി- കോണ്‍ഗ്രസ് സഖ്യത്തേയും സ്മൃതി വിമര്‍ശിച്ചു. അഖിലേഷ് യാദവിന് ആത്മവിശ്വാസം ഇല്ലാത്തതിനാലാണ് കോണ്‍ഗ്രസിനെ കൂട്ടിയതെന്നാണ് വിമര്‍ശനം.
ബി.ജെ.പിക്ക് ഭൂരിപക്ഷം കിട്ടിയാല്‍ ആരു മുഖ്യമന്ത്രിയാവുമെന്ന ചോദ്യത്തിന് സ്മൃതി കൃത്യമായ ഉത്തരം നല്‍കിയില്ല. ഇപ്പോള്‍ എല്ലാവരും ബി.ജെ.പിയുടെ വിജയത്തിനു വേണ്ടി പ്രവര്‍ത്തിക്കുകയാണെന്നായിരുന്നു മറുപടി.
ഏഴു ഘട്ടമായാണ് യു.പിയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. രണ്ടു ഘട്ടങ്ങള്‍ കഴിഞ്ഞ് മൂന്നാം ഘട്ടം 19 നു നടക്കുകയാണ്. മാര്‍ച്ച് 11 നാണ് വോട്ടെണ്ണല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."