സമസ്ത ബഹ്റൈന്‍ പ്രസിഡന്റിന് മതകാര്യവിഭാഗത്തിന്റെ അംഗീകാരം
മനാമ: ബഹ്റൈനിലെ സര്‍ക്കാര്‍ മതകാര്യ വിഭാഗമായ ഔഖാഫിന്റെ അംഗീകൃത മതപ്രബോധകരുടെ പട്ടികയില്‍ സമസ്ത ബഹ്റൈന്‍ പ്രസിഡന്റ് സയ്യിദ് ഫഖ്റുദ്ദീന്‍ കോയ തങ്ങള്‍ ഇടംപിടിച്ചു. പട്ടികയില്‍ ഉള്‍പ്പെടുന്ന ഏക മലയാളിയാണ് തങ്ങള്‍.
ബഹ്റൈന്‍ മിനിസ്ട്രി ഓഫ് ജസ്റ്റിസ് ഇസ്ലാമിക് അഫേഴ്സും ഔഖാഫ് റിലീജ്യസ് അഫേഴ്സ് ഡയറക്ടറേറ്റ് വകുപ്പും സംയുക്തമായി പുറത്തിറക്കിയ അംഗീകൃത മതപ്രബോധകരുടെ പട്ടികയിലാണ് ഫഖ്റുദ്ദീന്‍ കോയ തങ്ങള്‍ ഉള്‍പ്പെട്ടിരിക്കുന്നത്. മതപ്രബോധകരില്‍ ബാക്കിയുള്ളവരെല്ലാം ബഹ്റൈന്‍ സ്വദേശികളാണ്.
നേരത്തെ ബഹ്റൈനിലെ ഇസ്ലാമിക മന്ത്രാലയം 'ഇസ്ലാമിലെ അനന്തരാവകാശ നിയമങ്ങള്‍' വിഷയത്തില്‍ സംഘടിപ്പിച്ച പരീക്ഷയില്‍ തങ്ങള്‍ വിജയിച്ചിച്ചുണ്ട്. ബഹ്റൈനില്‍ വളരെ വിരളമായി മാത്രം ലഭിച്ചുവരുന്ന മറ്റ് നിരവധി അംഗീകാരങ്ങളും മതകാര്യ വിഭാഗത്തിന്റെ രാജ്യാന്തര പ്രാധാന്യമുള്ള സര്‍ട്ടിഫിക്കറ്റുകളും പ്രശസ്തിപത്രങ്ങളും അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്.
മതപ്രബോധന രംഗത്ത് മൂന്നു പതിറ്റാണ്ടു തികച്ച വേളയില്‍ ഫഖ്റുദ്ദീന്‍ കോയ തങ്ങളെ സമസ്ത ബഹ്റൈന്‍ കേന്ദ്ര കമ്മിറ്റി ആദരിച്ചിരുന്നു. കൂടാതെ ബഹ്റൈനിലെ മതപ്രബോധന സേവനങ്ങള്‍ മുന്‍നിര്‍ത്തി 'ഡിസ്കവര് ഇസ്ലാം' അടക്കമുള്ള ചില കൂട്ടായ്മകളും തങ്ങളെ ആദരിച്ചിരുന്നു.
35 വര്‍ഷത്തോളമായി ബഹ്റൈനില്‍ കഴിയുന്ന തങ്ങള്‍ 2013 നവംബറിലാണ് സമസ്ത പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. തമിഴ്നാട്ടിലെ തേങ്ങാപട്ടണം സ്വദേശിയാണ്.
പിതാവ് സയ്യിദ് പൂക്കോയ തങ്ങള്‍ കൊല്ലം സ്വദേശിയും മാതാവ് ചേര്ത്തലക്കാരിയുമാണ്. പിതാവില്‍നിന്നാണു പ്രാഥമിക പഠനം പൂര്‍ത്തിയാക്കിയത്. 1975ല്‍ മധുര സര്‍വകലാശാലയില്‍നിന്ന് ബിരുദപഠനം പൂര്‍ത്തിയാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."