അമേരിക്കയില്‍ കുടിയേറ്റ നിയമത്തിനെതിരേ പ്രതിഷേധം
വാഷിങ്ടണ്‍: ട്രംപിന്റെ കുടിയേറ്റ നിയമത്തിനെതിരേ അമേ രിക്കയില്‍ പണിമുടക്കി പ്രതിഷേധിച്ചു. കഴിഞ്ഞ ദിവസമാണ് കുടിയേറ്റ സംഘടനകളുടെ നേതൃത്വത്തില്‍ 'കുടിയേറ്റക്കാരില്ലാത്ത ദിനം' എന്ന പേരില്‍ പണിമുടക്ക് സംഘടിപ്പിച്ചത്.
വാഷിങ്ടണ്‍, വാഷിങ്ടണ്‍ ഡി.സി, ഫിലാഡല്‍ഫിയ, ഓസ്റ്റിന്‍, ടെക്‌സാസ് തുടങ്ങിയ പ്രധാനഗരങ്ങളിലാണ് പണിമുടക്ക് നടന്നത്. നഗരങ്ങളിലെ മിക്ക കടകമ്പോളങ്ങളും ഓഫിസുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും അടഞ്ഞുകിടന്നു.
നിയമപരമായി അമേരിക്കയില്‍ താമസക്കാരായവരുള്‍പ്പെടെ മുഴുവന്‍ കുടിയേറ്റക്കാരെയും പങ്കെടുപ്പിച്ചായിരുന്നു പണിമുടക്ക് നടന്നത്. അമേരിക്കയിലെ പ്രമുഖ ഷെഫായ ജോസ് ആന്‍ഡ്രേസ് വാഷിങ്ടണ്‍ ഡി.സിയിലെ തന്റെ റെസ്റ്റോറന്റുകള്‍ പണിമുടക്കിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് അടച്ചിട്ടു. ന്യൂയോര്‍ക്ക് സിറ്റിയിലെ പ്രധാന റെസ്റ്റോറന്റ് ശൃംഖലയായ ബ്ലൂ റിബണ്‍ നഗരത്തിലെ ഏഴ് സ്ഥാപനങ്ങള്‍ അടച്ചിടുകയും 500ഓളം തൊഴിലാളികള്‍ പണിമുടക്കുകയും ചെയ്തു.
ലാ കോണ്ടെന്റ, ലാന്‍ഡ് തായ് കിച്ചണ്‍, പ്യുയര്‍ തായ് കുക്ക് ഹൗസ്, ഈറ്റാലി, ഫൗളര്‍ ആന്‍ഡ് വെല്‍സ് തുടങ്ങിയ പ്രമുഖ റെസ്റ്റോറന്റുകളും പണിമുടക്കില്‍ പങ്കുചേര്‍ന്നു.
ന്യൂ ജഴ്‌സിയിലും കടകള്‍ അടഞ്ഞുകിടന്നു. പണിമുടക്കുകാരണം കടകള്‍ അടച്ചിടണമെന്ന് അറിയിച്ച് കടകള്‍ക്കു പുറത്ത് നേരത്തേ നോട്ടിസ് പതിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."